‘ഇന്ത്യ ഗാന്ധിക്കു ശേഷം’; സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം
രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കു ശേഷം’ എന്ന പുസ്തകത്തിന് ഗിരീഷ് കുമാര്‍ എഴുതിയ വായനാനുഭവം
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കു ശേഷം‘. ഇന്ത്യൻ പാഠശാലകളിൽ ചരിത്രം 1947 ആഗസ്റ്റ് 15 ന് അവസാനിക്കുന്നുവെന്ന് ഗുഹ തുടക്കത്തിൽത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. 47-നു ശേഷം രാഷ്ട്രരൂപീകരണത്തിൻ്റെ പ്രശ്നങ്ങൾ മുതലുള്ള ചരിത്രം നിഷ്പക്ഷമായി നോക്കിക്കാണാൻ ഗുഹ ശ്രമിച്ചിട്ടുണ്ട്. അതിനെക്കാൾ മുഖ്യധാരാ ചരിത്രം പറയാതെ പോയ ഒരുപാട് വിവരങ്ങൾ ദത്തമായി ഈ പുസ്തകത്തിൽനിന്നു ലഭിക്കും. ഇന്ത്യയോടു കൂടിച്ചേരാൻ തയ്യാറാവാതിരുന്ന തിരുവിതാംകൂർ നാട്ടുരാജ്യത്തെക്കുറിച്ച് ഏറെക്കുറെ എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാൽ തിരുവിതാംകൂറിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുഹമ്മദ് അലി ജിന്നയുടെയും ബ്രിട്ടീഷുകാരുടെയും അനുകൂല നിലപാടൊക്കെ ഗുഹ പരിശോധിക്കുന്നുണ്ട്. മാത്രമല്ല, യു.കെ.സർക്കാരുമായി തിരുവിതാംകൂർ ഏർപ്പെട്ട മോണോസൈറ്റ് വിതരണക്കരാർ ഒക്കെയും ഇന്ത്യൻ യൂണിയനിൽനിന്ന് തന്ത്രപ്രധാനമായ ഒരു നാട്ടുരാജ്യത്തെ എങ്ങനെ അകറ്റിയെന്നു വ്യക്തമാക്കുന്നു.
ഇന്ത്യയോടു ചേരാൻ മടിച്ച ജോധ്പൂർ രാജാവ് അവസാന നിമിഷം കീഴടങ്ങിയതു വായിച്ചപ്പോൾ ഒരു നാടകമാണ് ഞാൻ കണ്ടത്. (കമ്യൂണിസ്റ്റുകാർ ഇന്ത്യ ഭരിക്കുമെന്നതായിരുന്നു മൂപ്പരുടെ പ്രധാന ഭയങ്ങളിലൊന്ന്). വൈസ്രോയിയുടെ ഓഫീസിലെ ഉൾമുറിയിൽ വച്ച് ലയനക്കരാർ നീട്ടിയ സെക്രട്ടറിയുടെ തലയ്ക്കു നേരെ ജോധ്പൂർ രാജാവ് റിവോൾവർ ചൂണ്ടി പറഞ്ഞു; “ഞാൻ നിങ്ങളുടെ ആജ്ഞ സ്വീകരിക്കില്ല”. പക്ഷെ ഉടൻതന്നെ അദ്ദേഹം തണുത്തു എന്ന് ഗുഹ എഴുതുന്നു.
ജോധ്പൂർ രാജാവിൻ്റെ ആ സമയത്തെ മാനസികാവസ്ഥയാണ് ഞാനാലോചിച്ചത്. രാജ്യവും അധികാരവും കോൺഗ്രസിനു പോവുകയാണ്. അതുവരെ അത്താണി ആയിരുന്ന ബ്രിട്ടീഷുകാരും കൈവിട്ടു. ഒരൊറ്റ ഒപ്പിടലിലൂടെ എല്ലാം നഷ്ടമാവുകയാണ്. ആർക്കായാലും സമനില കൈവിട്ടു പോകും.
ഇത്തരത്തിൽ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കടന്നുപോയ അനേകം അപൂർവ്വ സന്ദർഭങ്ങളുടെ ശേഖരമാണ് ഗുഹ നൽകുന്നത്. മലയാളത്തിൽ പി.കെ. ശിവദാസ് പരിഭാഷപ്പെടുത്തി ഡി.സി. ബുക്സ് പുറത്തിറക്കിയിരിക്കുന്നു. 1100 ഓളം പുറങ്ങൾ പരിഭാഷപ്പെടുത്താൻ ഒരു പരിഭാഷകൻ കാട്ടിയ ഏകാഗ്രതയും ആത്മാർത്ഥതയും അത്ഭുതപ്പെടുത്തി. എന്നല്ല, ഈ കൃതി മലയാളത്തിലാണോ ഗുഹ എഴുതിയതെന്നു പോലും തോന്നിക്കുന്ന മാതിരിയുള്ള പരിഭാഷ. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ അറിയാൻ തീർച്ചയായും ഈ ഗ്രന്ഥം വായിക്കുകതന്നെ വേണം. പി.കെ. ശിവദാസിനു നന്ദി.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.