DCBOOKS
Malayalam News Literature Website

സമത്വത്തിന്റെ, വൈവിധ്യങ്ങളുടെ ‘ഇന്ത്യ എന്ന ആശയം’

INDIA ENNA AASHAYAM By SUDHA MENON

സുധാ മേനോൻ്റെ ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തിന് സുധ. എ. പി. എഴുതിയ വായനാനുഭവം

‘ഇന്ത്യ എന്ന ആശയം’ എന്ന ശ്രീമതി സുധാ മേനോന്റെ പുസ്തകം ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവും ചുരുക്കത്തിൽ അറിയാനുള്ള ഒരു എളുപ്പവായനയാണ്. ഇന്ത്യ ഒരു സംസ്കാരമാണ് എന്ന് നാം ആവർത്തിച്ചു കേൾക്കാറുണ്ട്. എന്നാൽ ഇന്ത്യ ഒരു ആശയം ആണെന്ന് നമ്മൾ അധികം കേട്ടിട്ടില്ലയെന്നത് വാസ്തവമല്ലേ! ഇന്ത്യ ഒരു ആശയം ആണെന്ന് ആദ്യമായി പറഞ്ഞത് രവീന്ദ്രനാഥ ടാഗോർ ആണത്രേ. ജാതിമതഭേദങ്ങൾ ഇല്ലാത്ത, ദേശീയ അതിർവരമ്പുകൾ ഇല്ലാത്ത, എല്ലാ മനുഷ്യർക്കും സൗഹൃദത്തോടെ സാഹോദര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു സമത്വ സുന്ദര ദേശം എന്ന ആശയം, അതായിരുന്നു ഇന്ത്യ. അങ്ങനെയൊരു ആശയത്തെ നിലനിർത്തിക്കൊണ്ട്, ഇന്ത്യൻ ഭരണഘടന നിർമിക്കുകയും, ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ, മതേതര രാഷ്ട്രമാക്കാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്ത രാഷ്രീയ നേതാക്കന്മാരെ, ഈ കാലഘട്ടത്തിലെ ജനതയ്ക്കു മുന്നിൽ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.

ഇന്ത്യൻ റെയിൽവേയുടെ തുടക്കത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ ഇതിൽ വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്തെ സമര പ്രചരണങ്ങൾക്ക് വേണ്ടി ഗാന്ധിജിയും ഭഗത് സിങ്ങുമൊക്കെ നടത്തിയ റെയിൽവേ യാത്രകളെ എഴുത്തുകാരി എടുത്തു പറയുന്നുണ്ട്. ഇന്ത്യ എന്ന രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താൻ ഏറ്റവും സഹായിച്ചത്, റെയിൽവേയുടെ വരവായിരുന്നു. നെഹ്‌റു കുടുംബം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കൈമാറിയ, വിലകൂടിയ സ്വന്തം വീടുകളാണ്,ഇന്നത്തെ സ്വരാജ് ഭവനും ആനന്ദഭവനുമൊക്കെയെന്ന്, അറിയുന്നവർ വളരെ വിരളമായിരിക്കും. അങ്ങനെ നോക്കുമ്പോൾ, ഈ വായന ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുള്ള അറിവ് കൂടിയാണ്.

ശ്രീമതി. സുധാ മേനോന്റെ  ‘ഇന്ത്യ എന്ന ആശയം’ തികച്ചും വൈവിധ്യങ്ങളുടെ ഇന്ത്യ എങ്ങനെ ആശയപരമായി ഒരൊറ്റച്ചരടിൽ കോർത്തിണക്കപ്പെട്ടുവെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. മാതൃബോധത്തിൽ നിന്നും ആധുനിക ഇന്ത്യയുടെ ദിശവൈകൃതം അറിയണമെങ്കിൽ “ഇന്ത്യ എന്ന ആശയം” ഒരുവട്ടം വായിച്ചേ മതിയാകൂ. ഇന്ത്യ ഒരു ആശയമാണ്. സമത്വ സുന്ദരമായ ദേശമെന്ന മനോഹര ആശയം. “നാനാത്വത്തിൽ ഏകത്വം”, വൈവിധ്യങ്ങളിലെ ഒരുമ, അങ്ങനെത്തന്നെ ഇനിയും ആ ആശയം നിലനിൽക്കുകയും, നിലനിർത്തുകയും വേണം. ശിഥിലമാക്കാനുള്ള ചില ശ്രമങ്ങൾ അറിയണമെങ്കിൽ എന്തായിരുന്നു ഇന്ത്യ എന്ന ആശയം നമ്മളറിഞ്ഞേ മതിയാകൂ. അങ്ങനെയാകുമ്പോൾ തികച്ചും രാഷ്ട്രപരമായ ഒരുത്തരവാദിത്വമാണ് ശ്രീമതി. സുധാ മേനോൻ “ഇന്ത്യ എന്ന ആശയം” എന്ന പുസ്‌തകത്തിലൂടെ നിറവേറ്റുന്നത്. ദേശസ്നേഹികൾക്കും, രാഷ്ട്രീയ,സാമൂഹ്യ ബോധ്യമുള്ളവർക്കും, ചരിത്രതൽപ്പകർക്കും ഏറെ പ്രിയപ്പെട്ട വായനതന്നെയാകും ഈ പുസ്‌തകം. ഇന്ത്യയെന്ന ആശയം എല്ലാവരുടെയും അറിവിന് വലിയൊരു മുതൽക്കൂട്ടു തന്നെയാകും ശ്രീമതി സുധാ മേനോന്റെ
ഈ പുസ്‌തകം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply