DCBOOKS
Malayalam News Literature Website

ഇന്ത്യാചരിത്രത്തെ അടുത്തറിയാം

നൂറ്റാണ്ടുകള്‍ നീളുന്ന അതിബ്രഹൃത്തായ ചരിത്ര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. നിരവധി പടയോട്ടങ്ങള്‍ക്കും വൈദേശികാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂമി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്ന പുസ്തകമാണ് പ്രൊഫ. എ ശ്രീധരമേനോന്‍ രചിച്ച ഇന്ത്യാ ചരിത്രം. രണ്ട് ഭാഗങ്ങളായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിപുരാതനകാലം മുതല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനം വരെയുള്ള ചരിത്രമാണ് ഇന്ത്യാ ചരിത്രം ഒന്നാംഭാഗത്തിലുള്ളത്. ഇന്ത്യാചരിത്രത്തിലെ പ്രധാന വഴിത്തിരിവായ മുഗള്‍ സാമ്രാജ്യസ്ഥാപനം മുതല്‍ സ്വാതന്ത്രാനന്തര കാലഘട്ടം വരെയുള്ള ചരിത്രമാണ് ഇന്ത്യാചരിത്രം രണ്ടാം ഭാഗത്തില്‍ വിവരിക്കുന്നത്.

മുഗള്‍ സാമ്രാജ്യസ്ഥാപനവും മുഗള്‍ രാജാക്കന്‍മാരും, മുഗള്‍ സാമ്രാജ്യത്തിന്റെ അധപതനം, ഇന്ത്യയിലെ പ്രധാന രാജവംശങ്ങള്‍, പോര്‍ട്ടുഗീസ്ഡച്ച് ശക്തികളുടെ വരവ്, ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവും അവയ്‌ക്കെതിരെയുള്ള വെല്ലുവിളികളും, 1857ലെ ഒന്നാം സ്വാതന്ത്രസമരം, ഇന്ത്യയിലെ ദേശിയപ്രസ്ഥാനത്തിന്റെ ആരംഭവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാ ഗാന്ധിയുടെ പങ്ക്, സ്വാതന്ത്ര്യാ നന്തരമുള്ള ഇന്ത്യയിലെ ഭരണകൂടങ്ങളും നയങ്ങളും, ഇന്ത്യയുടെ വിവിധ നാളുകളിലെ വിദേശനയം എന്നിവ ഇന്ത്യചരിത്രം രണ്ടില്‍ വിവരിച്ചിരിക്കുന്നു.

ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എ.ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18ന് എറണാകുളത്താണ് ജനിച്ചത്. കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ച അദ്ദേഹം ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളചരിത്രം, കേരള സംസ്‌കാരം, കേരള ചരിത്ര ശില്പികള്‍, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യ സമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, കേരള രാഷ്ട്രീയചരിത്രം (18851957), പുന്നപ്രവയലാറും കേരളചരിത്രവും തുടങ്ങിയവ അടക്കം ഇരുപത്തഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2010 ജൂലൈ 23ന് അദ്ദേഹം അന്തരിച്ചു.

Comments are closed.