DCBOOKS
Malayalam News Literature Website

രാഷ്ട്രം മതാധിഷ്ഠിതമാകരുത്: തസ്ലീമ നസ്രിന്‍

 

 

രാഷ്ട്രം മതാതിഷ്ഠിതമാകരുതെന്ന് തസ്ലീമ നസ്രിന്‍. ലോക പുസ്തകദിനത്തിന്റെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഒരുമാസത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതം കടന്നുവരുമ്പോള്‍ അത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. മതത്തിന്‍ വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും വ്യക്തിസ്വാതന്ത്ര്യമാണ്. എന്നാലത് രാഷ്ട്രത്തിന്റെ നിലപാടായി മാറുമ്പോള്‍ സമൂഹം അധഃപതനത്തിലാകുമെന്നും തസ്ലീമ പറഞ്ഞു.

പീഡകര്‍ക്കുള്ള ശിക്ഷയില്‍ കാര്യക്ഷമമായ നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. വധശിക്ഷ നല്‍കുന്നതിലൂടെ സമൂഹത്തില്‍ ഒരു ബോധവല്‍ക്കരണവും നടക്കുന്നില്ല. പകരം സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്. സ്ത്രീകളെ ബഹുമാനിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള വിദ്യാഭ്യാസം പുരുഷന് നല്‍കണം. കേവലം അക്കാദമിക് നിലവാരംകൊണ്ട് ഈ വിദ്യാഭ്യാസം സ്വായത്തമാക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

കഠ്വ സംഭവം വേദനയുളവാക്കുന്നതാണ്. പലരും പെണ്ടകുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്ന് വാദിക്കാറുണ്ട്. എന്നാലത് ശരിയല്ല. പീഡകരുടെ മനോനിലയാണ് കാരണം. എന്തുകൊണ്ട് അവര്‍ പെണ്‍കുട്ടികളെ നിഷ്ഠൂരമായി പീഡിപ്പിക്കുന്നുവെന്നാണ് ചിന്തിക്കേണ്ട്ത്. അതു പുരുഷാധിപത്യത്തിന്റെ പ്രകടനമായാണ് പലരും കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വന്തം കൃതി അക്കാഡമിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണോ വേണ്ടയോ എന്നത് ഒരോ എഴുത്തുകാരന്റെയും സ്വാതന്ത്ര്യമാണ്. തന്റെ കവിത മലയാളം പാഠപുസ്തകത്തിലേക്ക് തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലും തന്റെ കവിത പഠിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീ എഴുത്തുകാര്‍ എത്രതന്നെ പേരും പ്രശസ്തിയും നേടിയാലും അവരെ ലൈംഗികഉപകരണങ്ങളായി കാണാനാണ് ഭൂരിഭാഗത്തിനും താല്‍പര്യമെന്നും അവര്‍ പറഞ്ഞു. തലമുറകള്‍ക്ക് പ്രചോദനം പകര്‍ന്ന എഴുത്തുകാരിയാണ് തസ്ലീമ നസ്രിന്‍ എന്ന് ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു.

 

Comments are closed.