മണ്‍മറഞ്ഞത് ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍
തമിഴര്‍ക്ക് രാഷ്ട്രീയവും സിനിമയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. ഇവ രണ്ടും ഒരേയളവില്‍ ഉള്‍ച്ചേര്‍ന്ന പ്രതിഭാധനനായിരുന്നു മുത്തുവേല്‍ കരുണാനിധിയെന്ന തമിഴകത്തിന്റെ കലൈഞ്ജര്‍ കരുണാനിധി. തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെയുടെ അനിഷേധ്യ നേതാവുമായിരുന്ന കരുണാനിധി മരണംവരെയും പാര്‍ട്ടിയിലെ നേതൃസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചു.
1924 ജൂണ്‍ മൂന്നിന് നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായാണ് കരുണാനിധിയുടെ ജനനം. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു അച്ഛനമ്മമാര്‍ ആദ്യം നല്‍കിയിരുന്ന പേര്. വിദ്യാഭ്യാസ കാലത്ത് നാടകം, കവിത, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കഴകമായി മാറി.
തമിഴ്‌നാട്ടില്‍ അരങ്ങേറിയ ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ തന്നെ കരുണാനിധിയുണ്ടായിരുന്നു. തന്തൈ പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയോരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി കരുണാനിധി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡ ആശയങ്ങളിലേക്കാകര്‍ഷിച്ചത് കരുണാനിധിയായിരുന്നു.
1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. എംജിആറുമായുള്ള ആശയസംഘട്ടനങ്ങളെ തുടര്‍ന്ന് ഇരുവരും വഴിപിരിഞ്ഞു. എം.ജി.ആര്‍. എ.ഐ.എ.ഡി.എം.കെ. രൂപീകരിച്ചത് തമിഴ്‌നാടിന്റെ രാഷ്ട്രീയചരിത്രത്തിലെ സംഭവബഹുലമായ മറ്റൊരു ഏട്.
1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള കരുണാനിധി ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് നേടിയിരുന്നത്.
അവസാന കാലങ്ങളില്‍ പൊതുവേദികളില്‍ നിന്നും ആള്‍ബഹളങ്ങളില്‍ നിന്നും അകന്നു നിന്നിരുന്ന കരുണാനിധി സാഹിത്യപ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്നു. സിനിമകള്‍ക്ക് വരികളെഴുതിയും കവിതകള്‍ രചിച്ചും അദ്ദേഹം തന്റെ ജീവിതസായാഹ്നങ്ങളെ മടുപ്പിച്ചില്ല. ഏറ്റവുമൊടുവില്‍ ചെന്നൈയിലെ മറീനാ ബീച്ചില്‍ അദ്ദേഹത്തിന് ശവകുടീരം ഒരുങ്ങുമ്പോള്‍ തമിഴകം ഒന്നാകെ കേഴുകയാണ്. തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍. അദ്ദേഹത്തിന് ഉചിതമായ അന്തിമോപചാരം അര്‍പ്പിക്കാന്‍. ദ്രാവിഡന്റെ പൊതുബോധത്തെ ഉണര്‍ത്തിയ വീരനായകന് കടല്‍ത്തിരകളുടെ മടിത്തട്ടില്‍ ഇനി നിത്യനിദ്ര.
Comments are closed.