ഇന്ത്യന്‍ ഫിലോസഫിയും എഴുത്തും…അമീഷ് ത്രിപാഠി പറയുന്നു
ഇന്ത്യന്‍ സാഹിത്യലോകത്തെ പോപ് സ്റ്റാര്‍ അമീഷ് ത്രിപാഠിയുമായി പ്രസന്ന കെ.വര്‍മ്മ നടത്തിയ സംവാദം ഏറെ ആകര്‍ഷകമായിരുന്നു. അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറുകളായ നോവലുകളെ ആസ്പദമാക്കി Immortal India- Young Coutnry, Timeless Civilization എന്ന വിഷയത്തിലായിരുന്നു സംവാദം.
ആത്മീയത, ഇന്ത്യന്‍ ഫിലോസഫി, ശബരിമല വിഷയം, ലിംഗസമത്വം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് അമീഷ് ത്രിപാഠി വാചാലനായി. ഫിലോസഫിയേയും നോണ്‍ ഫിക്ഷനേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സദസ്സുമായി പങ്കുവെച്ചു. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഫിക്ഷനില്‍ നിന്നും നോണ്‍ ഫിക്ഷനിലേക്കുള്ള തന്റെ പരിവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ശിവത്രയം തിന്മയെ അന്വേഷിച്ചുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ചാണ് പറയുന്നതെങ്കില്‍ രാമചന്ദ്ര പരമ്പര മാതൃകാസമൂഹത്തെയാണ് വരച്ചുകാട്ടുന്നതെന്ന് അമീഷ് ത്രിപാഠി പറഞ്ഞു. ശബരിമല വിഷയത്തെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.
കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്ന് പഠിച്ചിറങ്ങിയ അമീഷ് ത്രിപാഠി ഏറെ നാള്‍ ബാങ്കിങ് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മുഴുവന്‍ സമയ എഴുത്തിലേക്ക് കടന്നപ്പോള്‍ അവിടെയും അദ്ദേഹത്തിന് നിരാശപ്പെടേണ്ടിവന്നില്ല. അമീഷിന്റെ ശിവത്രയം ഇന്ത്യന്‍ പുസ്തക വില്പന രംഗത്ത് അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്. ചരിത്രത്തെയും ഭാരതീയ മിതോളജിയെയും കൂട്ടുപിടിച്ച് അതിഗംഭീരമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ കൃതികളില്‍ സൃഷ്ടിച്ചത്. വാണിജ്യപരമായും സാഹിത്യപരമായും അമീഷിന്റെ രചനകള്‍ മികച്ചു നില്ക്കുന്നു. ശിവപുരാണം പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലേക്കു പരുവപ്പെടുത്തി പ്രസിദ്ധീകരിച്ച മെലുഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ കൃതികള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ഏകദേശം 19ലധികം ഇന്ത്യന്‍ ഭാഷകളിലേക്കും മറ്റനേകം വിദേശഭാഷകളിലേക്കും നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ശിവത്രയത്തിനു പിന്നാലെ രചിച്ച രാമചന്ദ്ര സീരിസും ഏറെ ശ്രദ്ധ നേടിയ രചനകളാണ്.
Comments are closed.