DCBOOKS
Malayalam News Literature Website

സാഹിത്യത്തിന്റെ ഭാവനാപ്രദേശങ്ങള്‍

സംവാദം

എം. മുകുന്ദന്‍ / ബെന്യാമിന്‍ / മനോജ് കുറൂര്‍

മുകുേന്ദട്ടന്‍ ഉന്നയിച്ച പ്രധാനവിഷയം ഉണ്ട്. വായനക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വേണോ അതോ അവനവനിലേക്ക് തിരിഞ്ഞു നോക്കുന്ന എഴുത്താണോ വേണ്ടത് എന്നതാണ് കാര്യം. ഇത് രണ്ടുംകൂടി സമന്വയിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത് എന്നും പറഞ്ഞു. ബെന്യാമിനും ധാരാളം വായനക്കാരുള്ള ഒരു എഴുത്തുകാരനാണ്. വായനക്കാരെ അത്രമാത്രം കണക്കിലെടുക്കാതെ പരീക്ഷണാത്മകമായ ഒരു രചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യമാണ് ബെന്യാമിനും ഇവിടെ പങ്കുവെച്ചത്. എനിക്കുമുള്ള ആഗ്രഹം അങ്ങനെതന്നെയാണ്. അതായത് എഴുത്തുകാര്‍ വളരെ സത്യസന്ധമായി അവരവരെതന്നെ അഭിസംബോധന ചെയ്താല്‍ അതിന്റേതായിട്ടുള്ള ഒരു വായനാസമൂഹം ലഭ്യമാകും എന്നാണ്.

നോവല്‍ ഭാവനാപ്രദേശം മാത്രമോ?. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളിലെഴുതിത്തുടങ്ങിയ പ്രമുഖരായ മൂന്നുപേര്‍ പങ്കെടുത്ത സംവാദമാണ് നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. എം. മുകുന്ദന്‍, ബെന്യാമിന്‍,സംവാദം നയിച്ചുകൊണ്ട് മനോജ് കുറൂര്‍.

മനോജ് കുറൂര്‍ ഭാവന എന്നത് തത്ത്വചിന്തകരുടെയും സൈദ്ധാന്തികരുടെയുമെല്ലാം കാഴ്ച്ചപ്പാടില്‍, നമ്മുടെ ഇന്ദ്രിയാനുഭൂതികളുമായി ബന്ധപ്പെട്ട സംഗതിയാണ്. ജീവജാലങ്ങളും Pachakuthiraമറ്റു വസ്തുക്കളും എല്ലാംചേര്‍ന്ന് നമ്മുടെയുള്ളില്‍ ഉണ്ടാക്കുന്ന ബോധമാണത്. നമ്മള്‍ മറ്റുള്ളവരെക്കുറിച്ചുണ്ടാക്കുന്ന ധാരണകളെല്ലാം ഒരുതരത്തില്‍ ഭാവനാപരമാണ്; മറ്റുള്ളവര്‍ നമ്മളെക്കുറിച്ചുണ്ടാക്കുന്ന ധാരണകളും പൊതുവെ അങ്ങനെതന്നെ.

ഇന്ദ്രിയാനുഭവങ്ങള്‍ക്കു പുറത്ത് നമ്മള്‍ മനസ്സിലാക്കുന്ന കാര്യങ്ങളെ ഭാവന എന്നു പറയാറുണ്ട്. ‘ബൊറോമിയന്‍ കുരുക്ക്’ പ്രകാരം മൂന്നു തലങ്ങളുണ്ട്. ഭാവനയുടെ തലം, പ്രതീകാത്മകമായ തലം, യാഥാര്‍ഥ്യത്തിന്റെതായ തലം. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. പുതിയകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നവത്ക്കരിക്കപ്പെടുകയാണ്.virtuality എന്ന ഒരിടംകൂടി യാഥാര്‍ഥ്യത്തെ സംബന്ധിച്ച് നമ്മള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള സാധ്യതകളെല്ലാം നോവലെഴുത്തില്‍ ഉപയോഗിച്ചിട്ടുള്ള രണ്ട് പ്രധാനപ്പെട്ട എഴുത്തുകാരാണ്, എം. മുകുന്ദനും ബെന്യാമിനും, ഇന്ന് എന്നോടൊപ്പമുള്ളത്. സ്ഥലം, കാലം, കഥാപാത്രം എന്നിവ തന്റെ രചനകളില്‍ എം. മുകുന്ദന്‍ എപ്രകാരമാണ് ആവിഷ്‌ക്കരിച്ചതെന്നും എഴുത്തിന്റെ രാസപ്രക്രിയ എപ്രകാരമാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം നമ്മളോട് പറയും.

എം. മുകുന്ദന്‍ ഭാവനയുടെ സാങ്കേതികതയെക്കുറിച്ചാണ് മനോജ് സംസാരിച്ചത്. എന്താണ് ഭാവന? അത് എങ്ങിനെയാണ് നമ്മളില്‍ പ്രവര്‍ത്തിക്കുന്നത്?. കുട്ടിക്കാലത്ത് ഒരു സ്വപ്നജീവിയായിരുന്നു ഞാന്‍. യാഥാര്‍ത്ഥ്യത്തോട് എനിക്കത്ര പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. യാഥാര്‍ത്ഥ്യം ഞാന്‍ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു. കാരണംഅത് കഠിനമായിരുന്നു. അതുകൊണ്ട് അതിന് സമാന്തരമായിട്ട് ഭാവനയുടെ ഒരുലോകം ഞാന്‍ നിര്‍മ്മിച്ചെടുത്തിരുന്നു. ആ ലോകം എന്റേതാണ്. അവിടെയെല്ലാവരും സന്തോഷിക്കുന്നവരാണ്. കുട്ടിക്കാലത്ത്, കൗമാരക്കാലത്ത്, ഭാവനയുടെ ഒരു ലോകം സൃഷ്ടിക്കുകയും അതില്‍ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് എനിക്ക് പ്രശ്‌നം വന്നത് ഡല്‍ഹിയിലൊക്കെ പോവുകയും, അവിടെ ഒരു ജോലി ലഭിക്കുകയും ചെയ്തപ്പോഴാണ്. അപ്പോഴാണ് ഭാവനയുടെ ലോകത്ത് ജീവിക്കുന്നത് പ്രായോഗിക തലത്തില്‍ എത്രമാത്രം ബുദ്ധിമുട്ടുള്ളതാണെന്ന് എനിക്കു മനസ്സിലായത്. കാരണം ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ഭാവനയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ല. അവിടെ നമ്മുടെ കാര്യശേഷി, യുക്തി എന്നിവയ്ക്കാണ് പ്രാധാന്യം.

അങ്ങിനെ ഞാന്‍ ഭാവനയുടെ ലോകത്തുനിന്ന് യുക്തിയുടെയും കാര്യശേഷിയുടെയും ലോകത്തേക്ക് കടന്നുവരുന്നു. അതുവഴി എന്നില്‍ ഒരു ഇരട്ടവ്യക്തിത്വം ഉണ്ടായി;Dual Personality. അതിന്റെയൊരു സംഘര്‍ഷം എനിക്കെപ്പോഴും ഉണ്ടായിരുന്നു. ആ സംഘര്‍ഷത്തെ കുറെ അതിജീവിച്ചു. സ്വയം പറഞ്ഞു: ഞാന്‍ രണ്ടുലോകത്തിലാണ്, ഒരു ഭാഗത്ത് ഭാവനയുടെയും മറുഭാഗത്ത് യാഥാര്‍ത്ഥ്യത്തിന്റെയും ലോകമുണ്ട്. ഇതില്‍ രണ്ടിലും എനിക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ രണ്ടിനെയും സമരസപ്പെടുത്തുവാന്‍ ഞാനൊരു ശ്രമം നടത്തുകയും രണ്ടിനെയും സമരസപ്പെടുത്തിക്കൊണ്ടുള്ള ഒരു ജീവിതം സാധ്യമാക്കുകയും ചെയ്തു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഓഫീസിന്റെ ഗെയിറ്റ് കടക്കുമ്പോഴേയ്ക്കും ഞാന്‍ വളരെ യാഥാര്‍ത്ഥ്യബോധ മുള്ള ലോജിക്ക് ഉള്ള ഒരു മനുഷ്യനാണ്. അങ്ങിനെ അവിടെ ഏഴ് മണിക്കൂര്‍ ജോലി ചെയ്യുകയും ഓഫീസ് വിട്ട് പുറത്തുവരുമ്പോള്‍ കാര്യശേഷിയൊക്കെ മാറ്റിവെച്ചിട്ട് ഒരു സ്വപ്നജീവിയുടെ ലോകത്തേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു ഇരട്ട വ്യക്തിത്വമായിരുന്നു എനിക്കുണ്ടായിരുന്നത്. ഇത് എന്റെ എഴുത്തില്‍ വലിയ സംഘര്‍ഷമുണ്ടാക്കി. ജീവിതത്തില്‍ ഞാനതിനെ ഏതാണ്ട് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്‌തെങ്കിലും, എഴുത്തില്‍ ഈ സംഘര്‍ഷം വന്നപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.