‘ആനന്ദംപകരുകയാണ് ഞാന്‍’
ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
സംഭാഷണം- ഉഷാ ഉതുപ്പ്, സൃഷ്ടി ഝാ / അഞ്ജനാ ശങ്കര്‍
പശ്ചിമബംഗാളിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഞാന്‍ പാടുന്നത് നിരോധിക്കുമെന്നാണ്. അത് കേട്ടു ഞാനാദ്യം കരഞ്ഞുപോയി. ബംഗാളി സംഗീതത്തെ ദുഷിപ്പിക്കുകയാണ് ഞാന്‍ ചെയ്തതെന്നായിരുന്നു അക്ഷേപം. നിങ്ങള്‍ക്ക് വേണമെങ്കില്‍ എനിക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കാം, മന്ത്രി പറഞ്ഞു. ഒടുവില്‍ ഞാനതു ചെയ്തു. അദ്ദേഹത്തിന് എതിരെ നിയമ നടപടികള്‍ ആരംഭിച്ചു. മാനനഷ്ടത്തിനും ആവിഷ്‌ക്കാരങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനത്തിനും അദ്ദേഹത്തിനെതിരെയാണ് ഞാന്‍ കേസ് കൊടുത്തത്. കേസിനൊടുവില്‍ ഞാന്‍ വിജയിച്ചു. എനിക്ക് വലിയ സന്തോഷം തോന്നി. ജീവിതത്തില്‍ മറ്റൊരിക്കലും ഞാന്‍ അത്രമേല്‍ സന്തോഷിച്ചില്ല.
കണ്ണെഴുതി പൊട്ടുതൊട്ട്, കാഞ്ചീപുരം സാരി ചുറ്റി, മുക്കുത്തി കമ്മലിട്ട്, മോതിരവും കൈവളകളുമായി ഉച്ചസ്ഥായിയില്‍ പോപ്പ്‌സംഗീതമാലപിക്കുന്ന ഒരു ഗായികയെ സങ്കല്‍പ്പിച്ചാല്‍ അത് ഉഷാ ഉതുപ്പിനെപ്പോലിരിക്കും. ലോകത്ത് ഒരേയൊരു ഉഷാ ഉതുപ്പെയുള്ളു. ദേശാതീതവും കാലാതീതവും ഭാഷാതീതവുമായി സംഗീതത്തിന്റെ അനന്തവിഹായസ്സില്‍ പാടിപ്പറക്കുന്ന ഉഷാ ഉതുപ്പ് പാശ്ചാത്യസംഗീതത്തിന്റെയും ഭാരതീയ സംഗീതത്തിന്റെയും പോപ്പുലര്‍ സംഗീതത്തിന്റെയും സംഗമസ്ഥാനമാണ്. വേറിട്ട ശബ്ദം കൊണ്ടും അവതരണരീതികൊണ്ടും അമ്പരിപ്പിച്ച കലാകാരി. ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ഏറെ പ്രശസ്ത. പത്മശ്രീബഹുമതി നല്കി ആദരിച്ച കലാകാരി.
സ്വതന്ത്രയിന്ത്യയോടൊപ്പം ജനിച്ചു വളര്‍ന്ന ഈ ഗായികയുടെ ജീവചരിത്രം ‘ക്വീന്‍ ഓഫ് ഇന്ത്യന്‍ പോപ്പ്’ പെന്‍ഗ്വിന്‍ ബെസ്റ്റ് സെല്ലറാണ്. ജീവചരിത്രപുസ്തകമെഴുതിയ സൃഷ്ടി ഝാ, മാധ്യമപ്രവര്‍ത്തകയായ അഞ്ജന ശങ്കര്‍ എന്നിവരോടൊപ്പം ഉഷ ഉതുപ്പ് പങ്കെടുത്ത കെ. എല്‍. എഫ് വേദിയിലെ സംഭാഷണം വായിക്കൂ.
അഞ്ജനാ ശങ്കര്‍: കാഞ്ചിപുരം പട്ടുസാരിയില്‍ കോഴിക്കോട് എത്തിയ റോക്ക് സ്റ്റാര്‍. ഉഷാ ഉതുപ്പ്. ഇന്ത്യന്‍ പോപ്പ് സംഗീതത്തിന്റെ റാണി. എഴുപത്തിയഞ്ചാം വയസ്സിലും നവോന്മേഷത്തോടെ ഊര്‍ജ്ജസ്വലയായി ആടിപ്പാടി നടക്കുന്നു.
ഉഷാ ഉതുപ്പ്: അതെ, കോവിഡ് കഴിഞ്ഞ് ഞാന്‍ പുതുജീവിതത്തിലേക്ക് വന്നിട്ട് കുറച്ചേ ആയിട്ടുള്ളു. കോവിഡ് കാലത്ത് ആദ്യമൊക്കെ നമ്മില്‍ പലരും ഭയാശങ്കകളോടെ ചോദിക്കുമായിരുന്ന ഒരു ചോദ്യമുണ്ട് ‘കോവിഡ് വന്നോ’യെന്ന്. ഒരു നിശ്ശബ്ദതയാകും അതിന്റെ മറുപടി. ഇപ്പോള്‍ കോവിഡോ ഓമിക്രോണോ ഒന്നും നമുക്ക് പ്രശ്‌നമല്ലാതായി. നമ്മള്‍ വീണ്ടും ജീവിച്ചു തുടങ്ങിയിരിക്കുന്നു. എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ ഈ ഞാനും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു.
അഞ്ജനാ ശങ്കര്‍: ചോദ്യോത്തരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലിഷെചോദ്യമാണ് ഞാനിപ്പോള്‍ ചോദിക്കാന്‍ പോകുന്നത്.
ഉഷാ ഉതുപ്പ്: എനിക്കറിയാം അതെന്തുചോദ്യമാണെന്ന്. സുന്ദരികളായ പെണ്‍കുട്ടികള്‍ പലപ്പോഴും എന്റടുത്തു വന്ന് പറയാറുണ്ട്: ഒരു ഇന്റര്‍വ്യൂ വേണം, വ്യത്യസ്തമായ ചോദ്യമാണ് ചോദിക്കാന്‍ പോകുന്നത്, അഞ്ചു മിനിട്ടേവേണ്ടു എന്നൊക്കെ. ശരിയെന്നു പറഞ്ഞ് ഇന്റര്‍വ്യൂ തുടങ്ങിയാല്‍ ആദ്യം വരുന്നത് ആ പഴയ ക്ലീഷെ ചോദ്യം തന്നെയായിരിക്കും: താങ്കള്‍ എങ്ങനെയാണ് തുടങ്ങിയത്?. ”നീ പോടി” എന്ന് എനിക്ക് പറയാന്‍ തോന്നും. എഴുപത്തഞ്ചുവയസ്സില്‍ എത്തിനില്‍ക്കുകയാണ് എന്റെ ജീവിതം. അതില്‍തന്നെയുണ്ട് 56 വര്‍ഷത്തെ സംഗീതജീവിതം. അതെല്ലാം കൂടി ഞാന്‍ അഞ്ചുമിനിറ്റ് കൊണ്ട് പറയണമത്രേ-നല്ല കാര്യം! ഇത്രകാലത്തെ എന്റെ ജീവിതത്തെ സൃഷ്ടി ഝാ ജീവചരിത്രമാക്കി ഇംഗ്ലീഷില്‍ അവതരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സൃഷ്ടിയുടെ അച്ഛനായ വികാസ് കുമാര്‍ ഝാ ഹിന്ദിയില്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്.
പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.