രാജ്യാന്തര ചലച്ചിത്രമേള ഏഴ് ദിവസമാക്കി ചുരുക്കി; സര്‍ക്കാര്‍ ധനസഹായം ഇല്ല
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഏഴ് ദിവസമാക്കി ചുരുക്കി ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ നടത്തും. മൂന്നര കോടി രൂപയുടെ അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ചുരുക്കാനാണ് ധാരണയായിരിക്കുന്നത്. ഇതില്‍ രണ്ട് കോടി രൂപ ഡെലിഗേറ്റ് പാസ് കളക്ഷനിലൂടെയും ഒന്നര കോടി രൂപ പരസ്യവരുമാനത്തിലൂടെയും കണ്ടെത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സെക്രട്ടറിയും ഇന്നലെ മന്ത്രി എ.കെ ബാലനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം ചലച്ചിത്രമേളയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായമൊന്നും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മേളയ്ക്കായി ചലച്ചിത്ര അക്കാദമിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കണമെന്ന മന്ത്രി എ.കെ ബാലന്റെ ആവശ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ഫണ്ടൊന്നും തരാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ചലച്ചിത്രമേളയില്‍ ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം. സിനിമയും അണിയറ പ്രവര്‍ത്തകരെയും എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാണിത്. പ്രധാന കാറ്റഗറികള്‍ക്ക് മാത്രമായിരിക്കും ഇത്തവണ പുരസ്‌കാരവിതരണവും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സംഘാടകസമിതിയോഗം വിളിച്ചു ചേര്‍ക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
Comments are closed.