DCBOOKS
Malayalam News Literature Website

27-ാമത് രാജ്യാന്തര ചലച്ചിത്രമേള

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോക സിനിമയില്‍ നിന്ന് 85 ഓളം ചിത്രങ്ങളുടെ പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ ആണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെയുടെ പ്രധാന സവിശേഷത. പ്രദര്‍ശനത്തിനൊപ്പം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിന്റെ ലൈവ് മ്യൂസിക് സെഷനും ഇത്തവണ ഉണ്ടാകും.

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനത്തിന് ശേഷം പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി അരങ്ങേറും. പിന്നാലെ നിശാഗന്ധിയില്‍ ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. കാനില്‍ വെന്നികൊടി പാറിച്ച റിമൈന്‍സ് ഓഫ് ദി വിന്‍ഡ് ഉള്‍പ്പടെ 11 ചിത്രങ്ങള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷനും ഇന്ന് ആരംഭിക്കും.

Comments are closed.