DCBOOKS
Malayalam News Literature Website

ഇടുക്കി അണക്കെട്ടില്‍ ഇന്ന് ട്രയല്‍ റണ്‍; ഉച്ചക്ക് 12 മണിക്ക് ഒരു ഷട്ടര്‍ തുറക്കും

ചെറുതോണി: കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഏകദേശം നാല് മണിക്കൂര്‍ നേരത്തേക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. കേവലം ട്രയല്‍ റണ്‍ മാത്രമാണ് ഇതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ലെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. 2398.80 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.  2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം വീതമാണ് ഒഴുക്കിവിടുക.

ഷട്ടര്‍ തുറക്കുന്ന ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ചുറ്റളവില്‍ താമസിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.