ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍
പൈനാവ്: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടി പിന്നിട്ടതോടെ വൈദ്യുതവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടവും വൈദ്യുതവകുപ്പും ചേര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395.34 അടിയിലെത്തിയിട്ടുണ്ട്. 2,397 അടിയാകുമ്പോള്‍ അടുത്ത ഘട്ടത്തിലുള്ള ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം പരമാവധി 24 മണിക്കൂര്‍ കൂടി കഴിഞ്ഞ് മാത്രമേ ചെറുതോണിയിലെ അണക്കെട്ടുകള്‍ ഉയര്‍ത്തുകയുള്ളൂ.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓറഞ്ച് അലര്‍ട്ട് നല്‍കി എന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം പകല്‍ സമയത്ത് മാത്രമായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലര്‍ട്ട് (രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം) നല്‍കി എന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടര്‍ ഏത് നിമിഷവും തുറക്കുമെന്ന് അര്‍ത്ഥമില്ല. മൂന്നാംഘട്ട മുന്നറിയിപ്പിന് ശേഷം( റെഡ് അലര്‍ട്ട് ) ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയം മാത്രമാകും ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം.
Comments are closed.