‘ഇടിമിന്നലുകളുടെ പ്രണയം‘; ഫലസ്തീൻ വീണ്ടും സംഘർഷ ഭൂമിയാകുമ്പോൾ!
ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം അറിഞ്ഞത്. ഒരിടവേളക്ക് ശേഷം ഇസ്രയേല്‍-ഫലസ്തീൻ സംഘര്‍ഷം രക്തരൂക്ഷിതമായിരിക്കുകയാണ്. ഏപ്രില്‍ പകുതിയോടെ റമദാന്‍ മാസത്തിന്റെ തുടക്കത്തിലാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.
ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന നോവലാണ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയം. ഇപ്പോള്‍ നോവല്‍ ഇതാ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കവിതയും സ്‌നേഹവും പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യവും അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും വിസ്മയകരമായ കൈയൊതുക്കവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ ലഘു നോവല്‍ രാഷ്ട്രീയ വിഷയങ്ങള്‍ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിനു മികച്ച ഉദാഹരണമാണെന്ന് കവി കെ.സച്ചിദാനന്ദന്‍ അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജോര്‍ദാനും ഫലസ്തീനുമിടയിലെ ആദ്യത്തെ ചെക്ക്‌പോസ്റ്റില്‍ വവെച്ച് ഒരു ഇസ്രായേലി സൈനികന്‍ എന്റെ ദേശീയതയെക്കുറിച്ച് ചോദിച്ചു. ഞാനാക്രോശിച്ചു. ”എന്നെ നോക്കൂ? എന്നിട്ട് എന്താണ് കാണുന്നതെന്ന് പറയൂ”. എന്റെ ഞരമ്പില്‍ നിന്ന് ഞാനൊരു ഒലീവ് മരം വലിച്ചെടുത്തു. ഉഗ്രകോപത്തോടെ മുന്നോട്ട് നീങ്ങി. എന്റെ പിതാമഹന്റെ ചോര കൊണ്ട് ചിത്രങ്ങള്‍ തുന്നിയുണ്ടാക്കിയ മാതാവിന്റെ വസ്ത്രം ഞാനവന് കാട്ടിക്കൊടുത്തു. — ഇഖ്ബാല്‍ തമീമി (ഫലസ്തീനി കവയിത്രി) ഇങ്ങനെയാണ് പി.കെ പാറക്കടവിന്റെ ഫലസ്തീന്‍ ജീവിതവും ചരിത്രവും പോരാട്ടവും പ്രണയവും രാഷ്ട്രീയവുമൊക്കെ പ്രമേയമാകുന്ന ‘ഇടിമിന്നലുകളുടെ പ്രണയം‘ എന്ന നോവല്‍ ആരംഭിക്കുന്നത്.
അലയുന്ന ഒരു രാജ്യമാണ് ഫലസ്തീൻ. മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികൾ ഒഴുക്കിക്കഴിഞ്ഞു. അവരിൽ ഒരാളാണ് സ്വർഗ്ഗത്തിൽ കഴിയുന്ന ഫർനാസ്. ഭൂമിയിൽ കഴിയുന്ന തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികിൽ വന്നെത്താൻ അയാൾ അവസരം നൽകുന്നു… ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവൽ ഒരു നല്ല വായനാനുഭവമാണ് ഇടിമിന്നലുകളുടെ പ്രണയം സമ്മാനിക്കുന്നത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയത്തിന്റെ നാലാം പതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Comments are closed.