DCBOOKS
Malayalam News Literature Website

കോഴിക്കോടിന്റെ സാംസ്‌കാരികവും മതപരവുമായ വിഷയങ്ങള്‍ അടയാളപ്പെടുത്തിയ ആളാണ് ഇബ്‌നു ബത്തൂത്ത

കോഴിക്കോടിന്റെ സാംസ്‌കാരികവും മതപരവുമായ വിഷയങ്ങള്‍ അടയാളപ്പെടുത്തിയ ആളാണ് ഇബ്‌നു ബത്തൂത്ത എന്ന് പറഞ്ഞു കൊണ്ടാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിന് തുടക്കം കുറിച്ചത്.
ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണങ്ങളെക്കുറിച്ച് പല എതിര്‍പ്പുകളും നിലവിലുണ്ട്. ഇബ്‌നു ബത്തൂത്ത കള്ളമാണ് പറഞ്ഞത് എന്നും ഇതെല്ലാം സഞ്ചരിക്കാതെ മോഷ്ടിച്ചു എഴുതിയതാണെന്നുമുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്. എന്തൊക്കെയായിരുന്നാലും ഇത്തരം ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം അദ്ദേഹം രേഖപ്പെടുത്തിയ മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളാണ് വിശകലനത്തിന് വിധേയമാക്കേണ്ടത് എന്ന് മഹ്മൂദ് കൂരിയ അഭിപ്രായപ്പെട്ടു.
കോഴിക്കോട്ടെ മുസ്ലിം ഹിന്ദു സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണങ്ങളില്‍ കാണാന്‍ കഴിയുന്നത്. വടക്കന്‍ കോഴിക്കോട് ഒരു പള്ളി ഉണ്ടായിരുന്നു എന്നും മുസ്ലീങ്ങള്‍ ഇല്ലാതിരുന്ന അവിടെ പള്ളി നോക്കിയിരുന്നതും മറ്റും അവിടുത്തെ നമ്പൂതിരി സമുദായങ്ങളായിരുന്നു എന്നും ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയതായി പറയുന്നു.
കോഴിക്കോടിന്റെ തുറമുഖം ലോകത്തില്‍ വച്ച് ഏറ്റവും വലുതാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കോഴിക്കോടിനെ സത്യത്തിന്റെ നഗരമായാണ് ഇബ്‌നു ബത്തൂത്ത വിശേഷിപ്പിച്ചത്. കോഴിക്കോടിന്റെ ലോകവ്യാപകമായ ബന്ധത്തെ കുറിച്ചു പ്രതിപാദിച്ച മഹ്മൂദ് കൂരിയ ഇന്നത് നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയമാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.
ഇബ്‌നു ബത്തൂത്തയെ കുറിച്ചുള്ള ഇലക്ട്രോണിക്ക് വില്ലേജിന്റെ പുതിയ പ്രോജക്ട് ആയ ഇബ്‌നു ബത്തൂത്ത എന്ന ആപ്ലിക്കേഷന്‍ തനൂര സണ്ണി അവതരിപ്പിച്ചു. ലോകവ്യാപകമായി സഞ്ചരിച്ച സഞ്ചാരികളെയും അവരുടെ യാത്രാവിവരണങ്ങളും സഞ്ചാര പാതകളും അടങ്ങിയതാണ് ആപ്ലിക്കേഷന്‍. ഒപ്പം ഇലക്ടോണിക്ക് വില്ലേജിന്റെ ഗവേഷണ റിപ്പോര്‍ട്ടുകളും ആപ്ലിക്ഷേനില്‍ ലഭ്യമാകും. ഈ അപ്ലിക്കേഷന്‍ യാത്രാ വിവരണങ്ങളെഴുതാന്‍ സഹായിക്കയും ചെയ്യും എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Comments are closed.