DCBOOKS
Malayalam News Literature Website

തന്നെ പുറത്താക്കിയതല്ല, സ്വയം രാജിവെച്ച് ഒഴിഞ്ഞതാണെന്ന് ദിലീപ്

കൊച്ചി: താരസംഘടനയായ അമ്മ ആവശ്യപ്പെട്ടതു പ്രകാരമല്ല, പകരം താന്‍ സ്വമനസ്സാലേ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് നടന്‍ ദിലീപ്. തന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ് പുറത്താകലല്ല എന്നും ദിലീപ് വ്യക്തമാക്കുന്നു. രാജിക്കത്തിന്റെ പകര്‍പ്പ് ദിലീപ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

തന്റെ പേരു പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഉപജാപക്കാരുടെ കൈകളില്‍ പെട്ട് അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ കൈനീട്ടം കൊണ്ട് ജീവിക്കുന്നവരുണ്ട്. അവര്‍ക്കായി ഈ സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഡബ്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മേല്‍ മറുപടി പറയാനെത്തിയ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ ദിലീപിനോട് രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഡബ്ല്യു.സി.സിയുടെ ആവശ്യം പരിഗണിച്ച് ദിലീപിനോട് രാജി ആവശ്യപ്പെട്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ അതിനു വിരുദ്ധമാണ് ദിലീപിന്റെ ഇപ്പോഴത്തെ പ്രസ്താവന.

Comments are closed.