DCBOOKS
Malayalam News Literature Website

പൊതു മലയാളി സ്ത്രീയും ഇന്ത്യന്‍ സ്ത്രീയും മാത്രമല്ല ഞാന്‍, ഒരു ഈഴവ സ്ത്രീയുമാണ്: സി. എസ്. ചന്ദ്രിക

ദാരിദ്ര്യവും വിശപ്പും കണ്ടിട്ടും അറിഞ്ഞിട്ടുമുള്ള കുട്ടിക്കാലവുമുണ്ട്. അകാലത്തില്‍ അച്ഛന്‍ മരിച്ചു പോയ കുടുംബത്തിലെ സാമ്പത്തിക അശരണതയിലൂടെ മുങ്ങിത്തുടിച്ചാണ് വളര്‍ന്നത്. പക്ഷേ സ്കൂളിലും കോളേജിലും പഠിച്ചു. ഒന്നല്ല, സാഹിത്യത്തിലും സ്ത്രീപഠനങ്ങളിലും രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കി. ഡോക്ടറേറ്റും നേടി. അടിമുടി രാഷ്ട്രീയജീവിയായി വളരുന്നതിനിടയില്‍ ജാതി മത ആണധികാരരൂപങ്ങളെ കൂസാത്ത സ്വഭാവവുമായി. അനീതികളേയും അസമത്വങ്ങളേയും തുറന്ന് ചോദ്യം ചെയ്യും. ഇത്രയൊക്കെ മതിയല്ലോ എന്നോടും എന്ത് ജോലി ചെയ്യണം എന്നൊക്കെ ഏതെങ്കിലും രാഷ്ട്രീയ ചര്‍ച്ചക്കിടയിലോ സാഹിത്യ ചര്‍ച്ചക്കിടയിലോ സൈബറിടത്തോ ആരെങ്കിലുമൊക്കെ ആക്രോശിക്കാന്‍?

ഇത്രയും ഇപ്പോള്‍ പറയണമെന്ന് തോന്നിയത് ഇ എം എസ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന സമയത്ത് കെ. ആര്‍. ഗൗരിയമ്മയെ ആക്രമിക്കുന്ന പുരുഷ ലൈംഗിക, ജാതി അധികാര വെറികള്‍ നിറഞ്ഞ ഒരു തെറിപ്പാട്ട് ഇന്നലെ എഫ് ബിയില്‍ കണ്ടപ്പോള്‍ മുതലാണ്. 60 വര്‍ഷങ്ങള്‍ക്കു ശേഷമാകട്ടെ, ജാതിയില്‍ നായരാണ് എന്നതൊഴികെ മറ്റൊരു അധികാരബലവുമില്ലാത്ത പ്രായം ചെന്ന ഒരു സ്ത്രീയില്‍ നിന്നാണ് ശബരിമല കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയായ പിണറായി വിജയന്‍ പരസ്യമായി ജാതിത്തെറിവിളി കേട്ടത്! ഇത്രയും കാലം കൊണ്ട് കേരളത്തില്‍ ജാതീയത കുറയുകയാണോ കൂടുകയാണോ ചെയ്തത്? കൂടുക തന്നെയാണ് എന്നാണ്, മരണം വിതക്കുന്ന കോവിഡ് മഹാമാരിയുടെ ഈ സമയത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയ അത്യാഗ്രഹം മൂത്ത് സമനില തെറ്റിയ ചിലര്‍ മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയുടെ നേര്‍ക്ക് ടെലിവിഷന്‍ ചര്‍ച്ചക്കിടയിലും തുടര്‍ന്നും നടത്തിയ അധിക്ഷേപങ്ങളും വീണ്ടും കാണിച്ചു തരുന്നത്. സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെയും മേഴ്സിക്കുട്ടിയമ്മക്കു നേരെയും ജാതിത്തെറികളുടേയും ലൈംഗിക തെറികളുടേയും മലീമസമായ ആരവങ്ങള്‍ തുടരുകയാണ്.

ഈഴവ പ്രമാണിത്തമുള്ള എന്നു വെച്ചാല്‍ സമ്പത്തും അധികാരവുമുള്ള ജന്മി ഈഴവകുടുംബങ്ങളുള്ളതും ഒപ്പം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ വേരോട്ടമുള്ളതുമായ തൃശൂരിലെ അന്തിക്കാടിനോടു ചേര്‍ന്നുള്ള പെരിങ്ങോട്ടുകര എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. ശ്രീനാരായണ ഗുരുവിനേയും കുമാരനാശാനേയും ഗൗരിയമ്മയേയും ഒ. വി വിജയനേയുമൊക്കെയാണ് കൂടുതല്‍ കേട്ടും കണ്ടും വായിച്ചും അറിഞ്ഞും വളര്‍ന്നത്. അതുകൊണ്ട് സാമൂഹ്യവും സാംസ്ക്കാരികവുമായി അനുകൂലമായ അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നു വലുതായത്. സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു കൊണ്ടാണ് അമ്മ ഞങ്ങൾ ആറു മക്കളെ വളർത്തിയത്. ഇതൊക്കെ കൊണ്ടായിരിക്കാം ഒരുപക്ഷേ ഗ്രാമീണയും ദരിദ്രയുമായിരുന്ന ഒരു ഈഴവപ്പെണ്‍കുട്ടിക്ക് വളരെ ചെറിയ പ്രായത്തില്‍, അവളുടെ ഇരുപതുകളുടെ മധ്യപ്രായത്തില്‍ തന്നെ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക സാഹിത്യ മണ്ഡലത്തിലേക്ക് ഒറ്റക്ക് ധൈര്യത്തോടെ കടന്നു വരാനും സ്വന്തം ഇരിപ്പിടം സ്ഥാപിക്കാനും കഴിഞ്ഞത്. സാഹിത്യ ലോകത്ത് ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ് എന്ന മുന്‍വിധികള്‍ക്കൊപ്പം ജാതി കൂടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നെനിക്ക് വ്യക്തമല്ല. ശ്രദ്ധിച്ചിട്ടില്ല. എന്തായാലും അക്കാദമി അവാര്‍ഡുകളേക്കാള്‍ എഴുത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലാകെയുള്ള ഹിന്ദുത്വത്തിന്‍റെ അധികാരവാഴ്ചയും ഹിംസാസക്തിയും കേരളത്തിലും ജാതീയതയെ കൂടുതല്‍ വളര്‍ത്തുന്നതും സങ്കീര്‍ണ്ണമാക്കുന്നതും കാണുകയാണ്. ശബരിമല സ്ത്രീപ്രവേശവിധിയോടുകൂടി അതിന്‍റെ വിഷമയമായ സഖ്യശേഷിയും വെളിപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട സമയത്തും അതു മറനീക്കി വെളിയില്‍ വന്ന് ആസുരരൂപം കാണിച്ച് നില്‍ക്കുകയാണ്. ഗൗരിയമ്മയും മേഴ്സിക്കുട്ടിയമ്മയും രമ്യാഹരിദാസും

(രമ്യാഹരിദാസ് കോവിഡ് ക്വറന്‍റൈന്‍ സംബന്ധിച്ച് പറഞ്ഞ അജ്ഞത നിറഞ്ഞ മറുപടികളെ അവരുടെ ജാതിയുമായിട്ടാണ് ബന്ധപ്പെടുത്തിയത് ) ബിന്ദു അമ്മിണിയും നേരിട്ടതു പോലുള്ള ജാതിത്തെറികള്‍ നായര്‍ തൊട്ടങ്ങോട്ടുള്ള ‘സവര്‍ണ്ണ’ സ്ത്രീകള്‍ തീര്‍ച്ചയായും കേള്‍ക്കേണ്ടി വരില്ല.

ഈ സവിശേഷ സ്ത്രീരാഷ്ട്രീയ ബോധ്യം നേരത്തേ മുതല്‍ ഉള്ളതുകൊണ്ടായിരുന്നു, ‘വനിതാ മതിലില്‍ പങ്കെടുത്ത കെ. അജിതയും സി. എസ്. ചന്ദ്രികയും കേരളത്തിലെ ഫെമിനിസത്തെ ഒറ്റുകൊടുത്തവരാണ്’ എന്ന് തുടര്‍ച്ചയായി വിമര്‍ശിച്ചും പ്രകോപിപ്പിച്ചും എഴുതിയ ജെ. ദേവികയുടെ അക്കാദമിക് സാമൂഹ്യശാസ്ത്രപാണ്ഡിത്യത്തെ അന്ന് ഞാന്‍ തള്ളിക്കളഞ്ഞത്. എന്തുകൊണ്ട് പങ്കെടുക്കുന്നു എന്ന് മാതൃഭൂമി പത്രത്തിലെ എഡിറ്റ് പേജില്‍ ആ സമയത്ത് ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു.

കെ. അജിത മന്ദാകിനിമായുടെ മാത്രമല്ല, തിയ്യനായ കുന്നിക്കല്‍ നാരായണന്‍റേയും കൂടി മകളാണ്. അജിതയുടെ ജീവിതം തന്നെ ഒരു വലിയ സർവ്വകലാശാലയാണ്. നിങ്ങള്‍ക്ക് എത്ര പി എച്ച് ഡി പ്രബന്ധങ്ങള്‍ വേണമെങ്കിലും അതില്‍ നിന്ന് ഉണ്ടാക്കാം. അത്രയധികം ഫെമിനിസങ്ങള്‍ ആ ജീവിതത്തിനുള്ളില്‍ നിന്ന് ഇന്നത്തെ ഗവേഷകരായ കുട്ടികള്‍ക്ക് കണ്ടെടുക്കാനാവും. എന്നാല്‍ ഫെമിനിസത്തെ പാണ്ഡിത്യം കൊണ്ടു മാത്രം അളക്കാനും സിദ്ധാന്തവല്‍ക്കരിക്കാനും ശ്രമിക്കരുത്. അതിന് വ്യത്യസ്തങ്ങളായ ജീവിത ജ്ഞാനത്തിന്‍റെ വെളിച്ചം കൂടി വേണം.

കേരളത്തില്‍ അനിവാര്യമായും അടിയന്തരമായും നടക്കേണ്ടതായ പുതിയ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രക്രിയകളിലും ഈ ജ്ഞാനോദയ കാഴ്ചകള്‍ ഉണ്ടാവണം. ഒരോരുത്തരും പല തരത്തില്‍, തലങ്ങളില്‍ അഭിരമിക്കുന്ന ജാതീയതയുടെ ഒട്ടിപ്പിടിച്ച നിര്‍മ്മിത സവര്‍ണ്ണതയെ അടിമുടി ഉരിഞ്ഞു കളയാതെ വര്‍ഗ്ഗ സമത്വത്തിനോ ലിംഗ സമത്വത്തിനോ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയോ വര്‍ഗ്ഗീയതക്കെതിരെയോ ഹിന്ദുത്വ ഫാസിസത്തിനെതിരെയോ ആത്മര്‍ത്ഥമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ആര്‍ക്കും കഴിയുകയില്ല. ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ പറയാന്‍ ഈ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് പിന്നീട് വിശദമായി പറയുകയോ എഴുതുകയോ ചെയ്യാം. ഈ പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ഒന്നേയുള്ളു. ‘സവര്‍ണ്ണര’ല്ലാത്ത മനുഷ്യര്‍ക്ക് സ്വന്തം ജാതി, ഒളിച്ചു വെക്കാനോ അപകര്‍ഷപ്പെടാനോ ഉള്ളതല്ല. ജാതിവ്യവസ്ഥയുടെ നിര്‍മ്മിത സവര്‍ണ്ണതയുടെ എല്ലാ അധീശത്വത്തേയും തകര്‍ക്കാനുള്ള രാഷ്ട്രീയമായ ശക്തിസ്രോതസ്സാണ്.

Comments are closed.