DCBOOKS
Malayalam News Literature Website

പത്തിനും അമ്പതിനും ഇടയിലുള്ള യുവതികളെ ശബരിമലയില്‍ വിലക്കേണ്ടതില്ല: സ്വാമി അഗ്‌നിവേശ്

ശബരിമലയില്‍ സ്ത്രീ വിവേചനത്തോട് യോജിക്കില്ലെന്നും പുരുഷാധിപത്യപരമായ മതങ്ങളില്‍ നിന്ന് പുറത്ത് വന്നാലേ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുവെന്നും ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ്. കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്‍ ഐ ആം നോട്ട് എ ഹിന്ദു എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നടി പത്മപ്രിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓം എന്ന് പറഞ്ഞാല്‍ ഹിന്ദുവെന്നും ബിസ്മില്ലാഹി റഹ്മാനിറഹീം എന്നാല്‍ മുസ്ലീം എന്നും വൈഗുരു സത്‌നാം എകുംകാര്‍ എന്നാല്‍ സിക്കുവെന്നും വിളിക്കും. എന്നാല്‍ ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല. മനുഷ്യത്വമാണ് എന്റെ മതം. മതങ്ങള്‍ സൃഷ്ടിക്കപെട്ടതാണ്, അവ യഥാര്‍ത്ഥത്തില്‍ മനുഷ്യരെ അടിമകളാക്കുകയാണ്. തന്നെ സംബന്ധിച്ച് ദൈവം എന്നത് സ്‌നേഹവും അനുകമ്പയുമാണ്. താനൊരു ബ്രഹ്മചാരിയാണ്, പക്ഷെ പത്തു വയസ്സിനു മുകളിലുള്ള സ്ത്രീകളെ ഒരിക്കലും ഭയപ്പെടുന്നില്ല. സമീപ കാലത്ത് തനിക്കെതിരെ ബി. ജെ. പി ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റായിരുന്നെങ്കില്‍ അത് തന്നോട് പറയാമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു ബി ജെ പി നേതാവ് പോലും ഈ സംഭവത്തെ അവലംബിച്ച് സംസാരിച്ചിട്ടില്ല. ഗോവധത്തെക്കുറിച്ചുള്ള കാണികളുടെ ചോദ്യത്തിന് മൃഗങ്ങളെ കൊന്നൊടുക്കുന്നതില്‍ തനിക്ക് യോജിക്കില്ലെന്നും എന്നാല്‍ ഗോമാംസം കൈവശം വച്ച് നിഷ്‌കളങ്കരായ ആളുകളെ കൊന്നു തള്ളുന്ന ഫാസിസ്റ്റ് നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ചരിത്രപരമായ വനിതാമതിലിനേയും അദ്ദേഹം പ്രശംസിച്ചു.

Comments are closed.