DCBOOKS
Malayalam News Literature Website

പൊട്ടിയ പട്ടത്തിന്റെ ഒഡീഷക്കാഴ്ചകള്‍

എം.ആര്‍. രേണുകുമാര്‍

എന്നെ സംബന്ധിച്ചിടത്തോളം ഏതു യാത്രയ്ക്കും ചില സമാനതകളുണ്ട്. അതിലൊന്നാണ് പൊട്ടിയ
പട്ടത്തിന്റേതുപോലെ യാത്രാവേളയില്‍ എനിക്കുണ്ടാകുന്ന മാനസികാവസ്ഥ. ഉത്തരവാദിത്വങ്ങളോ കെട്ടു പാടുകളോ ഇല്ലാതെ കൂട്ടുകാരോടൊപ്പം യാത്രചെയ്യുമ്പോഴാണ് ഇത്തരമൊരു അവസ്ഥയിലേക്ക് പലപ്പോഴും ഞാനെത്തുന്നത്. അതുകൊണ്ട് കൂട്ടുകാര്‍ മാറിയാലും കാണുന്ന നാടുകള്‍ മാറിയാലും ഞാനെന്ന പട്ടത്തിന്റെ നൂല് പൊട്ടിപ്പോകാതിരിക്കുന്നില്ല. മരങ്ങളില്‍ തട്ടിയും തടഞ്ഞും ഇടയ്ക്ക് ഉയര്‍ന്നു പൊങ്ങിയും ആരുടെയും
വരുതിയിലല്ലാതെ പൊട്ടിയ പട്ടമായങ്ങനെദേശങ്ങളും ഭാഷകളും കടന്ന് സ്വയംഅകന്നകന്ന് പോകുന്നതിലെ
രസം ഒന്നുവേറെതന്നെയാണ്. അതുകൊണ്ട് യാത്ര ചെയ്യാനുള്ള അഥവാ തന്നില്‍നിന്നുതന്നെ വേര്‍പെട്ടുപോകാനുള്ള അവസരം കുറേക്കാലമായി ഞാന്‍ കഴിവതും ഒഴിവാക്കാറില്ല. (എഫ് ബി ഭാഷയില്‍ Textപറഞ്ഞാല്‍ ജീവലോകത്തുനിന്ന് ഒരു ഡീആക്ടിവേഷന്‍). ഒരാള്‍ മറ്റുള്ളവരിലല്ല തന്നില്‍തന്നെയാണെന്ന് ഏറ്റവും ആഴത്തിലും പരപ്പിലും കുരുങ്ങിക്കിടക്കുന്നത് എന്നു തോന്നുന്നു.

മറ്റുള്ളവരുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കാം ഒരുവേള അല്ലായിരിക്കാം. എന്തായാലും സഹപ്രവര്‍ത്തകരായ കൂട്ടുകാരോടൊപ്പമുള്ള എന്റെ ഇത്തവണത്തെ യാത്ര, ബീച്ചുകളുടെയും ക്ഷേത്രങ്ങളുടെയും വെള്ളക്കടുവകളുടെയും നാടായ ഒഡീഷയിലേക്കായിരുന്നു. പുതിയ കാലത്തിനനുസൃതമായി ‘ടൂറന്മാര്‍’ എന്ന പേരില്‍ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് യാത്രയ്ക്കുമുമ്പേ ഞങ്ങള്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ യാത്രയുടെ സീസണ്‍ ഫൈവ് ആയിരുന്നു ഒഡീഷ ട്രിപ്പ്. ഏതൊക്കെയോ സമയത്ത് ഒരേ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ വിവിധ
ഓഫീസുകളിലാണ് ജോലി ചെയ്തു വരുന്നത്. കൊച്ചിയില്‍നിന്ന് ബംഗളൂരു, അവിടെനിന്ന് ഭുബനേശ്വര്‍വരെ വിമാനം, പിന്നെ റോഡുമാര്‍ഗ്ഗംപുരി, കൊണാര്‍ക്ക്, മറ്റിടങ്ങള്‍. അതായിരുന്നു യാത്രാപദ്ധതി. ബംഗളൂരൂ
വിമാനം രാവിലെ ആയതിനാല്‍ഞങ്ങള്‍ ദൂരെയുള്ള ഏഴുപേര്‍ ആലുവയില്‍ ഒരു സുഹൃത്തിന്റെ ബന്ധുവീട്ടില്‍ തങ്ങാനും ബാക്കി മൂന്നുപേര്‍ അതിരാവിലെ എത്താനും തീരുമാനിച്ചിരുന്നു. തെക്കുനിന്ന് ചെന്നൈമെയിലില്‍ വന്ന നാലുപേരെ കോട്ടയത്തുവെച്ച് കണ്ടതോടെ എന്റെ ടൂറ്ഏറെക്കുറെ തുടങ്ങിയതുപോലായി.എട്ടുമണിയോടെ ഞങ്ങള്‍ ആലുവ സ്റ്റേഷനിലിറങ്ങി. അവിടെ രണ്ടുപേര്‍കൂടി കാത്തുനിന്നിരുന്നു. എ.ടി. എമ്മില്‍നിന്ന് ഇത്തിരി പുത്തനെടുത്ത് മടിയില്‍ വെച്ചേക്കാമെന്നോര്‍ത്ത് കാര്‍ഡിട്ടപ്പോഴാണ് എട്ടിന്റെ പണികിട്ടിയത്. സാലറി അക്കൗണ്ടില്‍ ടൂറിനായി മാസാവസാനം വരെ മുക്കിപ്പിടിച്ചിരുന്നതില്‍ മുക്കാലും ക്രെഡിറ്റ് കാര്‍ഡ് ചൂണ്ടിയിരിക്കുന്നു. ‘കഷ്ടകാലത്തിന് കാര്‍ഡ് പാമ്പായി’ എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്റെ പൊന്നുങ്കൊടുത്തെ കാര്‍ഡേ ഇതൊരുമാതിരി മറ്റേ പണിയായിപ്പോയി, ആണ്ടിലോ സംക്രാന്തിക്കോ മാത്രം കാത്തിരുന്ന് പൊട്ടുന്ന പട്ടത്തോട് ഈ ചതി വേണ്ടായിരുന്നു, എന്നൊക്കെ മനസ്സില്‍ പിറുപിറുത്ത് ഷോക്കിന്റെ ആധിക്യം ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും
അതത്ര എളുപ്പമായിരുന്നില്ല. ആദ്യ ഉരുളയില്‍തന്നെ കല്ലുകടിച്ച അവസ്ഥയിലായിപ്പോയി ഞാന്‍. ടൂറ് തുടങ്ങും
മുമ്പേ ടൂറിനെ അവിസ്മരണീയമാക്കിത്തന്ന എസ്.ബി.ഐയ്ക്ക് നാല് നല്ല നമസ്‌കാരം പറയാതെ
കിടന്നുറങ്ങാന്‍ കഴിയുമായിരുന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് ചില ദ്രാവകങ്ങള്‍ക്ക് പ്രധാന്യമേറുന്നത്. പൊതിഞ്ഞ് എടുത്തെങ്കിലും വീട്ടില്‍നിന്ന് ഇറങ്ങാന്‍ നേരം മറന്നുപോയ ‘തൊണ്ണൂറ്’ മില്ലി അവശേഷിച്ചിരുന്ന
ഓള്‍ഡ്മങ്കിന്റെ ബോട്ടില്‍ എന്നെ കുത്തിനോവിച്ചു. യാത്ര തുടങ്ങിയില്ല അതിനു മുമ്പേ പണി കിട്ടിത്തുടങ്ങി.
ഇനിയെന്തൊക്കെയാണോ കാണാനിരിക്കുന്നത്. എന്തായാലും പൊട്ടിയപട്ടം എന്തു വില കൊടുത്തും കൂടുതല്‍ ഉയരത്തില്‍തന്നെ നിലനിര്‍ത്തുക, അത്രതന്നെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

Comments are closed.