മനുഷ്യര്‍ കൊന്ന മനുഷ്യര്‍
കെ.എം.അജീര്‍കുട്ടി
പലവര്‍ണ്ണങ്ങളിലുമുള്ള നിരവധി ദുര്‍ഭരണക്കാര്‍ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും എന്നാല്‍ നിയമത്തിന്റെ പിടിയില്‍പ്പെടാതെ രക്ഷപ്പെടുകയും ചെയ്തതിന്റെ കഥകള്‍ ലോകചരിത്രത്തില്‍ നിറയെയുണ്ട്. മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിയിട്ടുള്ളതില്‍ യുദ്ധമാണ് ഒന്നാം സ്ഥാനത്ത് എന്ന ധാരണ തെറ്റാണ്. എല്ലാ യുദ്ധങ്ങളും ചേര്‍ന്ന് ചരിത്രത്തില്‍ നടത്തിയിട്ടുള്ള മനുഷ്യക്കുരുതികളുടെ നാലിരട്ടിയിലധികം വരും നരഹത്യമൂലം ഉണ്ടായിട്ടുള്ള മനുഷ്യനാശം. എങ്കിലും അത് വേണ്ടവിധം ശ്രദ്ധയില്‍പ്പെടാ
തെ പോകുന്നു.: മനുഷ്യര്‍ മനുഷ്യരെ കൊന്നതിന്റെ ലഘുചരിത്രം
ലോകത്തെ പ്രമുഖമാധ്യമങ്ങള്‍ ഈയിടെ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത ചരമ വാര്‍ത്തകളിലൊന്ന് കോമ്രേഡ് ഡഷിന്റെ അന്ത്യത്തെക്കുറിച്ചുള്ളതായിരുന്നു. 2020 സെപ്തംബര്‍ 2ന് കംബോഡിയയില്‍ മരിച്ച കോമ്രേഡ് ഡഷിന്റെ മരണവാര്‍ത്ത അള്‍ട്രാ കമ്മ്യൂണിസ്റ്റായ പോള്‍പോട്ടിന്റെ ‘മുഖ്യ ആരാച്ചാരു’ ടെ അന്ത്യം എന്ന നിലയിലായിരുന്നു ശ്രദ്ധ നേടിയത്. ഈ വാര്‍ത്തയും അനുബന്ധ വിവരണങ്ങളും മനുഷ്യര്‍ മനുഷ്യരെ അകാരണമായി കൊന്നൊടുക്കിയതിന്റെ ചിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അതിനുമുമ്പ് കോമ്രേഡ് ഡഷിന്റെ ദൗത്യ ത്തെ സംബന്ധിച്ച് ഒരു ഹ്രസ്വവിവരണം സംഗതമായിരിക്കും.
1975 മുതല്‍ 1979 വരെ കംബോഡിയ (കംപൂച്ചിയ) ഭരിച്ച അതിതീവ്ര കമ്മ്യൂണിസ്റ്റ് വിപ്ലവ ഗവണ്‍മെന്റിന്റെ തലവനായിരുന്ന പോള്‍പോട്ടിന്റെ കൊലയറകളുടെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു കോമ്രേഡ് ഡഷ് എന്ന കൈങ് ഗുഎക് ഈവ്. പോള്‍പോട്ടിന്റെ മനുഷ്യക്കുരുതി വാഴ്ചയുടെ കാലത്ത് വിമതരെ കൊന്നൊടുക്കാനായി സ്ഥാപിക്കപ്പെട്ട തുഒല്‍ സ്ലെങ് എന്ന കുപ്രസിദ്ധ തടവറ കംബോഡിയയുടെ തലസ്ഥാനമായ നോം പെനില്‍ പഴയ ഒരു സെക്കണ്ടറി വിദ്യാലയത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തുഒല്‍ സ്ലെങ് തടവറയുടെ മുഖ്യ ജയിലറായിരുന്ന കോമ്രേഡ് ഡഷിന്റെ മേല്‍നോട്ടത്തില്‍ കുറഞ്ഞത് 14000 പേരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഖെമര്‍ റൂഷ് അധികാരം കൈയാളിയിരുന്ന നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍, പക്ഷേ, കംബോഡിയയിലെ ജനസംഖ്യയുടെ നാലിലൊന്നും, അതായത് പതിനേഴ് ലക്ഷംപേര്‍, കൊലയ്‌ക്കെതിരായിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഈ അരുംകൊലകള്‍ക്കുത്തരവാദിയായി കോടതി കണ്ടെത്തിയ ആദ്യത്തെ മകാന്‍ഡര്‍ കോമ്രേഡ് ഡഷ് ആയിരുന്നു.
തുഒല്‍ സ്ലെങ് ജയിലില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും തുടര്‍ന്നു വധത്തിനും ഇരയാക്കപ്പെട്ടവരില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഖെമര്‍ റൂഷിനോട് കൂറില്ലെന്ന് സമ്മതിപ്പിക്കുകയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടി തങ്ങളെപ്പോലെ കൂറില്ലാത്തവരാണെന്ന് പറയിപ്പിക്കുകയും ചെയ്യുവാനായിരുന്നു ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടത്. കുറ്റസമ്മതത്തെതുടര്‍ന്ന് വിമതരെ ചൊയൂങ് എക് എന്ന സ്ഥലത്തേയ്ക്ക് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോകും. ഇവിടമാണ് ‘കംബോഡിയയലെ കുപ്രിസിദ്ധമായ കൊലനിലങ്ങള്‍’ എന്നറിയപ്പെട്ടത് അവിടെ വച്ച് ഇരകളെ തല്ലിച്ചതച്ച് ചോരയൊഴുക്കി കൊന്ന് കുഴിച്ചുമൂടുന്നു. ഇരകളെകൊണ്ട് ചിലപ്പോള്‍ അവരുടെ ശവക്കുഴികള്‍ തോണ്ടിച്ചശേഷം കൊന്നൊടുക്കിയ സംഭവങ്ങളുമുണ്ട്. ഇതൊക്കെയായിരുന്നു പോള്‍പോട്ടിന്റെ കീഴില്‍ മുഖ്യ ആരാച്ചാരുടെ പണിയായി കോമ്രേഡ് ഡഷ് ചെയ്തുകൊണ്ടിരുന്നത്.
മനുഷ്യരാശിയ്‌ക്കെതിരെയുള്ള കുറ്റകൃത്യത്തിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ കോമ്രേഡ് ഡഷിനെ 2010-ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പട്ടാളത്തിലെ ഒരു ജൂനിയര്‍ ഓഫീസര്‍ എന്ന നിലയില്‍ താന്‍ ഉത്തരവുകള്‍ പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന പറഞ്ഞ് ഡഷ് അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും കോടതി അത് സ്വീകരിക്കുകയുണ്ടായില്ല.
പൂര്‍ണ്ണരൂപം വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.