ഹൃദയരാഗങ്ങൾ, ജീവിതരാഗങ്ങൾ…
നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, ജീവചരിത്രകാരൻ, തിരക്കഥാകൃത്ത്, സാഹിത്യവിമർശകൻ, ഗവേഷകൻ, കോളജ് അധ്യാപകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ലബ്ധപ്രതിഷ്ഠ നേടിയ ഡോ. ജോർജ് ഓണക്കൂറിന്റെ സംഭവബഹുലമായ ആത്മകഥയാണ് ഹൃദയരാഗങ്ങൾ. മൂവാറ്റുപുഴയിലെ ഓണക്കൂർ എന്ന ഗ്രാമത്തിൽ ജനിച്ച്, ജീവിതത്തിന്റെ വ്യത്യസ്ത പടവുകൾ അന്തസ്സായി ചവിട്ടിക്കയറി, തൊട്ടതിലെല്ലാം ഓണക്കൂർ സ്പർശത്തോടെ, തിരുവനന്തപുരം നഗരത്തിൽ സ്ഥിരവാസമാക്കിയ ഓണക്കൂറിന്റെ ആത്മകഥ പാരായണക്ഷമവും ജീവിതാനുഭവങ്ങളാൽ സമ്പുഷ്ടവുമാണ്.
നന്മ നിറഞ്ഞ അമ്മ, മുദ്ര വച്ച ജീവിതം എന്നീ രണ്ട് അധ്യായങ്ങളിലായി, രാപകലില്ലാതെ കുടുംബഭാരം തോളിലേറ്റിയ വാൽസല്യനിധിയായ അമ്മയെയും പ്രോൽസാഹനജനകമായി മകനോട് ഒരു വാക്കു പോലും പറഞ്ഞിട്ടില്ലാത്ത പിതാവിനെയും അവതരിപ്പിക്കുന്നു. പിൽക്കാലത്ത് പിതാവ് സഹധർമ്മിണിയോട് ഇങ്ങനെ പറഞ്ഞു: ‘‘അവന് തോന്നിയിരിക്കും ഞാൻ സ്നേഹമില്ലാത്തവനാണെന്ന്. പക്ഷേ അമ്മയുടെ ലാളനയ്ക്കൊപ്പം ഞാനും സ്നേഹം പ്രകടിപ്പിച്ചിരുന്നെങ്കിൽ ഈ ഉത്തരവാദിത്തബോധവും പ്രയത്നശീലവും ഒന്നും ഉണ്ടാകുമായിരുന്നില്ല. അവനു ഞാൻ ഒന്നും കൊടുത്തില്ല. പക്ഷേ എല്ലാം അവൻ സ്വയം ഉണ്ടാക്കി. ഞാൻ പ്രതീക്ഷിച്ചതിലും ഏറെ.’’
കോളജ് അധ്യാപകനായിരിക്കെ എത്രയോ വിപുലമായ ശിഷ്യസമ്പത്താണ് ഓണക്കൂറിനു കിട്ടിയത്. അവരിൽ രാഷ്ട്രീയ, ചലച്ചിത്ര, സാഹിത്യ, ഔദ്യോഗിക രംഗങ്ങളിൽ പിൽക്കാലത്ത് പ്രസിദ്ധിയും അംഗീകാരവും നേടിയ ശ്രേഷ്ഠവ്യക്തിത്വങ്ങളുടെ ഒരു വൻനിര തന്നെയുണ്ട്. കെ. ജയകുമാർ െഎഎഎസ്, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, ജഗതി ശ്രീകുമാർ, ഷാജി എൻ. കരുൺ, ടി.എം. ജേക്കബ്, കെ. മുരളീധരൻ, ഡോ. ജോർജ് തയ്യിൽ, റോസ്മേരി തുടങ്ങിയവർ ആ ശിഷ്യവൃന്ദത്തിൽ ചിലർ മാത്രം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അദ്ദേഹത്തിന്റെ വിദ്യാർഥികളായിരുന്നു ഇവരെല്ലാം.
1969 ലെ ഒരു സംഭവം ഓണക്കൂർ ഓർക്കുന്നു. മാർ ഇവാനിയോസ് കോളജിലെ വാർഷികാഘോഷം നടക്കുന്നു. മുഖ്യാതിഥിയായി എത്തിയത് വൈസ് ചാൻസലർ ഡോ. ജോർജ് ജേക്കബ്. പെട്ടെന്ന് കോളജ് ഓഡിറ്റോറിയത്തിൽ ഏറുപടക്കങ്ങൾ പൊട്ടിത്തെറിച്ചു. പ്രിൻസിപ്പൽ വേദിയിൽനിന്നു ചാടിയിറങ്ങി. ചിതറിയോടിയ വിദ്യാർഥികൾക്കിടയിൽനിന്ന് കരിങ്കൊടി പിടിച്ച ഒരു ചെറുപ്പക്കാരനെ കൊണ്ടുവന്നു. കോളജ് കൗൺസിൽ അടിയന്തരയോഗം ചേർന്ന് ആ വിദ്യാർഥിക്കു ടിസി കൊടുക്കാനുള്ള തീരുമാനത്തിലേക്കു നീങ്ങുകയാണ്. വിഷമിച്ചു നിൽക്കുന്ന കുട്ടിയുമായി ഓണക്കൂർ സംസാരിച്ചു. ഓണക്കൂറിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ കൗൺസിലിന്റെ ശിക്ഷ മൂന്നു ദിവസത്തേക്കുള്ള സസ്പെൻഷനിൽ ഒതുക്കി. ഒരുപക്ഷേ ഭാവി നശിച്ചു പോയേക്കാമായിരുന്ന ആ യുവാവിന്റെ ജീവിതം ഓണക്കൂറിന്റെ ഇടപെടലിലൂടെ സുരക്ഷിതമായി. ആ യുവാവ് ബിഎസ്‌സി ബോട്ടണി ഒന്നാം ക്ലാസോടെ പാസായി, എൽഎൽബി എടുത്തു, രാഷ്ട്രീയ നേതാവായി, മന്ത്രിയായി. ആ യുവാവാണ് കേരളരാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിത്വത്തിന്റെ ട്രേഡ്മാർക്ക് (ടിഎം) പതിപ്പിച്ച ടി.എം. ജേക്കബ്.
മലയാളത്തിലെ ആദ്യത്തെ ക്യാംപസ് സിനിമയായ ഉൾക്കടൽ ഓണക്കൂറിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. സാഹിത്യ അക്കാദമി അവാർഡ്, ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്കാരം, തകഴി അവാർഡ്, യമനം എന്ന ചലച്ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിൽ ലഭിച്ച പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾക്ക് ഓണക്കൂർ അർഹനായി.
തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ, സ്വപ്നങ്ങൾ സുന്ദരമാക്കിയ സുദർശനം എന്ന വീട്ടിൽ സംതൃപ്തകുടുംബജീവിതം നയിക്കുന്ന ഡോ. ജോർജ് ഓണക്കൂറിന്റെ ഹൃദയരാഗങ്ങൾ സഫലമായ ഒരു ജീവിതയാത്രയുടെ മധുരരാഗങ്ങളാണ് എന്നു നിസ്സംശയം പറയാം.
ജോർജ് ഓണക്കൂറിന്റെ ‘ഹൃദയരാഗങ്ങൾ‘ എന്ന ആത്മകഥയ്ക്ക് ശ്രീജിത് പെരുന്തച്ചൻ എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ ഓൺലൈൻ
Comments are closed.