മദ്യപാനം വീണ്ടും തുടങ്ങേണ്ടെന്ന് ആഗ്രഹമുള്ളവർക്കായി!
മദ്യശാലകള്‍ അടക്കുന്നതിനുമുമ്പു മിക്ക ദിവസവും കുടിക്കാറുണ്ടായിരുന്നോ? ലോക്ക് ഡൌണ്‍ വേളയില്‍ കുടി നിര്‍ത്തുകയുണ്ടായോ? അങ്ങിനെയുള്ളവര്‍ക്ക് ഇപ്പോള്‍ സ്വയം ചോദിക്കാന്‍ ഒരു ചോദ്യം: മദ്യപിച്ചിരുന്നപ്പോഴത്തേയും ഇപ്പോഴത്തേയും അവസ്ഥകളെ ഒന്നു താരതമ്യപ്പെടുത്തുന്നോ? ശാരീരികമായോ മാനസികമായോ കുടുംബാന്തരീക്ഷത്തിലോ വല്ല നേട്ടങ്ങളും കാണുന്നുണ്ടോ? ഭാര്യയും മക്കളുമൊക്കെ കൂടുതല്‍ സന്തുഷ്ടരാണോ? അവരോടുള്ള ബന്ധം ശക്തിപ്പെട്ടോ? വിശപ്പ്, ഉറക്കം, ഊര്‍ജസ്വലത, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയില്‍ മെച്ചം വല്ലതുമുണ്ടോ? “അതേ” എന്നാണോ ഇതില്‍ ഏതിനെങ്കിലും ഉത്തരം? എങ്കില്‍, അതോടൊപ്പം, മദ്യപാനം ഇനിയും തുടങ്ങേണ്ട എന്നൊരാഗ്രഹം വരുന്നുണ്ടോ? അങ്ങിനെയുള്ളവര്‍ക്ക്, പ്രത്യേകിച്ചും മദ്യവില്‍പന വീണ്ടും തുടങ്ങാനൊരുങ്ങുന്ന ഈ വേളയില്‍ തോന്നാവുന്ന ചില സംശയങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമുള്ള മറുപടികളിതാ.
◀️ ഇടയ്ക്കെപ്പോഴെങ്കിലും ഒന്നു കുടിക്കുന്നതിനു കുഴപ്പമുണ്ടോ? ▶️
അതു മനസ്സിലാവാന്‍ ആദ്യം, ആല്‍ഹോളിസം എന്ന രോഗാവസ്ഥയിലേക്കു മദ്യപാനം വളര്‍ന്നിരുന്നോ എന്നറിയണം. ഈ ചോദ്യങ്ങളിലൂടെ ആല്‍ക്കഹോളിസം തിരിച്ചറിയാം:
✅ മദ്യപിക്കണം എന്നൊരു കൊതി സദാ നിലനില്‍ക്കാറുണ്ടായിരുന്നോ?
✅ അല്‍പമേ കഴിക്കൂ എന്നു നിശ്ചയിച്ചു തുടങ്ങിയാലും അളവു കൈവിട്ടുപോകാറുണ്ടായിരുന്നോ?
✅ മദ്യപിച്ചില്ലെങ്കില്‍ കൈവിറയലോ ഉറക്കമില്ലായ്മയോ വല്ലതും ഉണ്ടാകുമായിരുന്നോ?
✅ ലഹരി കിട്ടാന്‍, മദ്യപാനം തുടങ്ങിയ കാലത്തെ അപേക്ഷിച്ച് അടുത്തിടെയായി കൂടുതലളവില്‍ കഴിക്കേണ്ടി വരുമായിരുന്നോ?
✅ കുടിയല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥ വന്നിരുന്നോ? മദ്യവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവാകുന്ന സ്ഥിതിയുണ്ടായിരുന്നോ?
✅ ശാരീരികവും മാനസികവും സാമൂഹികവുമൊക്കെയായ ക്ലിഷ്ടതകള്‍ ഭവിച്ചിട്ടും കുടി തുടര്‍ന്നിട്ടുണ്ടായിരുന്നോ?
ഇതില്‍ മൂന്നെണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ അത് ആല്‍ക്കഹോളിസത്തിന്‍റെ സൂചനയാണ്. അങ്ങിനെയുള്ളവര്‍ മദ്യം എന്നത്തേക്കുമായി വര്‍ജിക്കുന്നതാകും നല്ലത്. കാരണം, അത്തരക്കാരുടെ തലച്ചോര്‍ എപ്പോഴെങ്കിലും മാത്രം നിയന്ത്രിതമായ അളവില്‍ മദ്യം കഴിച്ച് ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന “സോഷ്യല്‍ ഡ്രിങ്കേഴ്സി”ന്‍റേതില്‍ നിന്നു വ്യത്യസ്തമാണ്. ഒരിക്കല്‍ മദ്യം തട്ടിയാലുടന്‍ ആല്‍ക്കഹോളിസം ബാധിതര്‍ക്ക്, അവരുടെ തലച്ചോറിന്‍റെ സവിശേഷതകള്‍ നിമിത്തം, വീണ്ടും കഴിക്കാനുള്ള അത്യാസക്തി ഉയരുക, രണ്ടു പെഗ്ഗ് അകത്തുചെല്ലുമ്പോഴേക്കും നിശ്ചയദാര്‍ഢ്യം മൊത്തം വിസ്മൃതമായി ഏറെയളവില്‍ കഴിച്ചുപോവുക, കടുത്ത ഹാങ്ങോവര്‍ തോന്നുക, ഉറക്കക്കുറവോ കൈവിറയലോ കാണുക തുടങ്ങിയവ നേരിടേണ്ടി വരാം. ഇത്തരം മസ്തിഷ്ക സവിശേഷതകള്‍ ആല്‍ക്കഹോളിസം ബാധിതര്‍ക്കു സംജാതമാകുന്നത് പാരമ്പര്യവും ജനിതകവുമായ കാരണങ്ങളാലും, ദീര്‍ഘനാളത്തെ മദ്യപാനത്താലും, കുടി കൌമാരത്തിലേ തുടങ്ങിയിരുന്നെങ്കില്‍ അതു മൂലവും ഒക്കെയാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ഒരു തവണ മാത്രം കുടിച്ചിട്ടു നിര്‍ത്താന്‍ പ്ലാനിട്ടാലും ഉടന്‍തന്നെ സ്ഥിരമായ മദ്യപാനത്തിലേക്കു തിരിച്ചുപോകാം. നിരന്തര മദ്യപാനം തലച്ചോറിനും കരളിനുമൊക്കെ വരുത്തിയ കേടുപാടുകള്‍ മാറാന്‍ രണ്ടു വര്‍ഷത്തോളമെങ്കിലും തീരെ കുടിക്കാതിരിക്കുന്നതാകും നല്ലത് എന്നതും പ്രസക്തമാണ്.
അതുപോലെതന്നെ കൌമാരക്കാര്‍, ആല്‍ക്കഹോളിസം വ്യാപകമായ കുടുംബങ്ങളില്‍ നിന്നുള്ളവര്‍, മദ്യം മൂലം വഷളായേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മദ്യവുമായി പ്രതിപ്രവര്‍ത്തനം വരാവുന്ന തരം മരുന്നുകളെടുക്കുന്നവര്‍ എന്നിവരും മദ്യം പൂര്‍ണമായും ഒഴിവാക്കുന്നതാകും നല്ലത്. ഈ ഗണത്തിലൊന്നും പെടാത്തവരും വണ്ടിയോടിക്കുകയോ സങ്കീര്‍ണമായ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുംമുമ്പു മദ്യപിക്കുന്നത് അപകടകരമാകും.
◀️ മദ്യത്തോട് ഇനിയും ആസക്തി വരാതിരിക്കാന്‍ എന്തു ചെയ്യണം? ▶️
കുടി നിര്‍ത്തുന്നവര്‍ക്ക് വിശേഷിച്ചും ആദ്യ രണ്ടുമൂന്നു മാസങ്ങളില്‍ ഇടയ്ക്കിടെ മദ്യത്തോടൊരു തീവ്രമായ ആസക്തി തലപൊക്കാം. അത്തരം വേളകളെ തടയുകയും വിജയകരമായി നേരിടുകയുമാണെങ്കില്‍ ആസക്തിയുടെ ആ വരവും കാഠിന്യവും ക്രമേണ കുറഞ്ഞില്ലാതാകും.
മദ്യാസക്തിയെ പടിപ്പുറത്തു നിര്‍ത്താന്‍ നല്ലൊരു മാര്‍ഗം, അതനുഭവപ്പെടാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങളെ കുറച്ചു മാസത്തേക്കെങ്കിലും, മുന്‍കൂട്ടി പ്ലാന്‍ ചെയ്ത്, ഒഴിവാക്കുന്നതാണ്. ഉദാഹരണത്തിന്, വര്‍ഷങ്ങളായി മദ്യപിച്ചുകൊണ്ടിരുന്ന ബാറിനു മുന്നിലൂടെ യാതൊരു കാരണവശാലും പാസ് ചെയ്തു പോകില്ലെന്നു നിശ്ചയിക്കുക. വീട്ടിലെ ഒരു മുറിയില്‍ത്തന്നെ ഇരുന്നാണ് കഴിക്കാറുണ്ടായിരുന്നത് എങ്കില്‍ ആ മുറിയില്‍ കുറച്ച് റീഅറെയ്ഞ്ച്‌മെന്‍റുകള്‍ വരുത്തുക — കട്ടിലും കബോഡുമൊക്കെ സ്ഥാനം മാറ്റിയിടുക, കര്‍ട്ടനോ കലണ്ടറോ ഒക്കെ വേറെയാക്കുക എന്നിങ്ങനെ. കുടിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്ന സുഹൃത്തുക്കളോട്, മദ്യപാനം എന്നത്തേക്കുമായിത്തന്നെ നിര്‍ത്തി എന്നറിയിക്കുക. അവര്‍ മദ്യപിക്കുമ്പോള്‍ ചുമ്മാ കൂട്ടുകൊടുക്കാന്‍ കൂടെപ്പോയി ഇരുന്നുകൊടുക്കാതിരിക്കുക. ആരെങ്കിലും നിരന്തരം ഫോണ്‍ചെയ്ത് മദ്യപിക്കാന്‍ വിളിക്കുന്നെങ്കില്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുക. വിവാഹങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ മദ്യം വിളമ്പുന്ന ഭാഗങ്ങളിലേക്കു ചെല്ലാതിരിക്കുക.
◀️ മദ്യാസക്തി ഇടയ്ക്കു കലശലായാല്‍ എങ്ങിനെ നേരിടും? ▶️
ഉപയോഗിക്കാവുന്ന ചില വിദ്യകള്‍ ഇതാ:
👉 മദ്യപാനം നിര്‍ത്തിയതുകൊണ്ടു കിട്ടിയ ഗുണങ്ങള്‍ ഓര്‍ക്കുക.
👉 മദ്യപാനത്തിലേക്കു വീണ്ടും വഴുതിയാല്‍ താങ്കള്‍ നിരാശപ്പെടുത്തിയേക്കാവുന്ന പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ പഴ്സിലോ ഫോണിലോ കൊണ്ടുനടക്കുക, അവയെടുത്തു നോക്കുക.
👉 മദ്യം കഴിക്കണോ എന്ന തീരുമാനമെടുക്കുന്നത് ആകുന്നത്ര വൈകിപ്പിക്കുക.
👉 മദ്യാസക്തി സമയം നീങ്ങുന്നതിനനുസരിച്ച് നേര്‍ത്തില്ലാതാകുമെന്ന് ഓര്‍ക്കുക.
👉 മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ചിന്തകളെ എതിര്‍ക്കുക. ഉദാഹരണത്തിന്, “ഇന്നൊരു പ്രാവശ്യം കഴിച്ച് നാളെത്തൊട്ടു നിര്‍ത്താം” എന്ന് മനസ്സുപറയുന്നെങ്കില്‍ “മുമ്പ് ഇങ്ങിനെ തീരുമാനിച്ച മിക്ക അവസരങ്ങളിലും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണു കുടി നിര്‍ത്താനായത്” എന്ന് തിരിച്ചു തര്‍ക്കിക്കാം. “പോക്കറ്റില്‍ ഇരുന്നൂറു രൂപയേ ഉള്ളൂ, അതു വെച്ച് എന്തായാലും അധികമൊന്നും കുടിക്കാനാകില്ലല്ലോ” എന്ന പ്രലോഭനത്തെ, “മുമ്പ് ഇതുപോലെ ചിന്തിച്ച് ഷാപ്പില്‍ച്ചെന്നു കഴിഞ്ഞ് അവിടെക്കണ്ട പരിചയക്കാരോട് കടം വാങ്ങിയിട്ടുണ്ട്” എന്ന പ്രതിവാദവുമായി നേരിടാം. “ആസക്തി വന്നുതുടങ്ങിയാല്‍പ്പിന്നെ മദ്യം കഴിച്ചില്ലെങ്കില്‍ ആ ആസക്തി പെരുകിപ്പെരുകി വല്ല മാനസികപ്രശ്നവും ആയിത്തീരും” എന്നു ഭയം തോന്നുന്നെങ്കില്‍, ആസക്തി വന്നിട്ടും മദ്യം കഴിക്കാതിരുന്നപ്പോള്‍ ആ ആസക്തി ക്രമേണ അപ്രത്യക്ഷമായ മുന്നനുഭവങ്ങള്‍ ഓര്‍ക്കുക.
👉 മദ്യാസക്തി കുറഞ്ഞില്ലാതാകുന്നതു വരേക്കും, സുരക്ഷിതമായ എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുക. ഒന്നു പുറത്തിറങ്ങി കാറ്റുകൊള്ളുക, പൂന്തോട്ടത്തില്‍ വല്ലതും ചെയ്യുക, വീടു വൃത്തിയാക്കുക, നടന്നിട്ടു വരിക, ദീര്‍ഘമായി ശ്വാസമെടുത്തു വിടുക, യോഗ ചെയ്യുക, പ്രാര്‍ത്ഥിക്കുക, വല്ലതും വായിക്കുക, റേഡിയോയോ ടീവിയോ വെക്കുക, ഡയറി എഴുതുക, കുളിക്കുക, ഷേവ് ചെയ്യുക, ആഹാരം കഴിക്കുക, മദ്യത്തില്‍ നിന്നു മാറിനില്‍ക്കാന്‍ നന്നായി പ്രോത്സാഹിപ്പിക്കാറുള്ള ആരെയെങ്കിലും വിളിക്കുക, ആര്‍ക്കെങ്കിലും എന്തെങ്കിലും ചെറിയ സഹായം ചെയ്യുക എന്നിവ പരിഗണിക്കാവുന്നതാണ്.
◀️ ആരെങ്കിലും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ എങ്ങിനെ രക്ഷപ്പെടും? ▶️
അവരുടെ മുഖത്തുതന്നെ നോക്കി, ദൃഢമായ ഭാഷയില്‍, എനിക്കു വേണ്ട, ഞാന്‍ എന്നത്തേക്കുമായി നിര്‍ത്തിയതാണ് എന്നറിയിക്കുക. എന്നിട്ട്, ചര്‍ച്ച മറ്റെന്തെങ്കിലും വിഷയത്തിലേക്കു തിരിച്ചുവിടാന്‍ ശ്രമിക്കുക. “അമ്മായിയപ്പന്‍ വീട്ടിലുണ്ട്, അതുകൊണ്ട് ഇന്നു പറ്റില്ല” എന്നൊക്കെയുള്ള ഒഴികഴിവുകള്‍ പറയാതിരിക്കുക. കാരണം, പിന്നീടും പല തവണ ഇങ്ങിനെ കള്ളങ്ങള്‍ പറയേണ്ടതായി വന്നേക്കും.
◀️ വേറെ എന്തൊക്കെ മുന്‍കരുതലുകള്‍ ഫലപ്രദമാകും? ▶️
👉 മദ്യപാനം നിര്‍ത്തുമ്പോള്‍ ധാരാളം അധിക സമയം കയ്യില്‍ വരും. അത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കില്‍ ബോറടിയും മുഷിച്ചിലും മൂലം വീണ്ടും മദ്യപാനത്തിലേക്കു മടങ്ങാന്‍ ഏറെ സാദ്ധ്യതയുണ്ട്. ബാഡ്മിന്‍റണോ ചെസ്സോ പോലുള്ള കളികള്‍, വ്യായാമം, വായന, പഴയ ഹോബികള്‍ പൊടിതട്ടിയെടുക്കുക, പുതിയവ വളര്‍ത്തുക എന്നിവ പരിഗണിക്കാം.
👉 കുറച്ചു നാളത്തേക്ക്, പുറത്തിറങ്ങുമ്പോള്‍ അത്യാവശ്യത്തിനുള്ള പണം മാത്രം കയ്യില്‍ക്കരുതുക. ഏറ്റീയെം കാര്‍ഡും മറ്റും ഒഴിവാക്കുക.
👉 തീരെ മദ്യം കഴിക്കാത്തവരുമായി പുതിയ സൌഹൃദങ്ങള്‍ രൂപീകരിക്കുക.
👉 മദ്യപിക്കാന്‍ ഏറെ സാദ്ധ്യതയുള്ളതും എന്നാല്‍ ഒഴിഞ്ഞുമാറാനാകാത്തതുമായ സാഹചര്യങ്ങള്‍ (ഉദാ: ഓഫീസ് പാര്‍ട്ടികള്‍) മുന്നിലുണ്ടെങ്കില്‍, എങ്ങിനെ പിടിച്ചുനില്‍ക്കുമെന്നു മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്യുക. ആവശ്യമെങ്കില്‍ ഇതിന് അഡിക്ഷന്‍ കൌണ്‍സിലര്‍മാരുടെ സഹായം തേടാം.
👉 ഉറക്കക്കുറവ്, അകാരണമായ സങ്കടം, അമിതമായ ടെന്‍ഷന്‍, തലവേദന മുതലായവയ്ക്കൊരു സ്വയംചികിത്സ എന്നോണമാണു മദ്യം കഴിച്ചിരുന്നത് എങ്കില്‍ അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനു വിദഗ്ദ്ധസഹായം തേടുക. ചെറിയ പ്രകോപനങ്ങളില്‍പ്പോലും വല്ലാത്ത ദേഷ്യം വരികയും എന്നിട്ട് അതിന്‍റെ കുറ്റബോധം മാറാന്‍ കുടിക്കുകയും ചെയ്യുന്ന ശീലക്കാര്‍ക്കും വിദഗ്ദ്ധസഹായം ഫലപ്രദമാകും.
👉 ഞാന്‍ ചികിത്സിച്ചിരുന്ന ഒരു രോഗിയുടെ അനുഭവം: മാസങ്ങളായി അയാള്‍ മദ്യപിക്കാതിരിക്കുകയായിരുന്നു. ഒരു ദിവസം സുഹൃത്തുക്കള്‍ അയാളോട് പട്ടണത്തില്‍ ഗാനമേളയ്ക്കു പോരുന്നോ എന്നന്വേഷിച്ചു. “ഗാനമേളയ്ക്കല്ലേ, മറ്റൊന്നിനുമല്ലല്ലോ” എന്ന ആശ്വാസത്തില്‍ അയാള്‍ കൂടെപ്പോവുകയും ചെയ്തു. രാത്രി, ഗാനമേളയും കഴിഞ്ഞു തിരിച്ചുപോരുന്നേരം വണ്ടിയൊരു ബാറിനു മുമ്പില്‍ നിര്‍ത്തി കൂട്ടുകാരൊക്കെ ഇറങ്ങിപ്പോയി. ഇരുട്ടിലും തണുപ്പിലും ഏകാന്തതയിലും വണ്ടിയില്‍ കുറേ നേരം ബോറടിച്ചിരുന്ന്‍ അയാളും അവസാനം ഇറങ്ങി ബാറിലേക്കു ചെന്നു.
മദ്യപാനത്തിലേക്കു നയിച്ചേക്കാമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാഞ്ഞ ഒരു തീരുമാനമാണ് ഇവിടെ അപകടത്തിലെത്തിച്ചത് (Seemingly irrelevant decisions എന്നാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പേര്.) രണ്ട് ഓപ്ഷനുകളില്‍നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴൊക്കെ, അതില്‍ ഏതിലാണു താന്‍ മദ്യപിച്ചുപോകാനുള്ള സാദ്ധ്യതയുള്ളത് എന്നതു പരിഗണിക്കുക. കഴിയുന്നതും മദ്യപാനസാദ്ധ്യത കുറവുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതു പ്രാവര്‍ത്തികമല്ല, റിസ്കു കൂടുതലുള്ള ഓപ്ഷനാണ് സ്വീകരിക്കുന്നത് എങ്കില്‍ മദ്യപിച്ചു പോകാതിരിക്കാന്‍ നല്ല ജാഗ്രത പുലര്‍ത്തുക.
👉 ചിലര്‍, ഇടയ്ക്ക് ഒരു തവണ കഴിച്ചു പോയാല്‍ അതേപ്പറ്റിയുള്ള കടുത്ത കുറ്റബോധത്തിലേക്കു വീഴും. “ഞാന്‍ കുടുംബത്തെ വഞ്ചിച്ചു” “എന്‍റെ മദ്യപാനം ഒരിക്കലും കണ്ട്രോളിലാകില്ല” എന്നൊക്കെ ആലോചിച്ചു കൂട്ടും. ഇതുളവാക്കുന്ന മനോവിഷമം പരിഹരിക്കാന്‍ പിന്നെയും കുടിക്കുകയും ചെയ്യും. Abstinence violation effect എന്നാണ് ഈ പ്രവണതയ്ക്കു പേര്. ഈ പ്രകൃതമുള്ളവര്‍ ആദ്യ തവണ കുടിക്കുന്നയുടന്‍തന്നെ വിദഗ്ദ്ധ കൌണ്‍സലിംഗ് സ്വീകരിക്കുന്നത് അത്തരം ചിന്താഗതികള്‍ തിരിച്ചറിയാനും പൊളിച്ചെഴുതാനും മദ്യപാനം വഷളാകാതിരിക്കാനും പ്രയോജനപ്പെടും.
ഇത്രയും നടപടികള്‍ ശ്രമിച്ചിട്ടും നിരന്തരം മദ്യപാനത്തിലേക്കു തിരിച്ചുപോകുന്നെങ്കില്‍ വിദഗ്ദ്ധസഹായം തേടുക. എവിടെയാണു പിഴച്ചത്, അതിനിയും ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു ശ്രദ്ധിക്കേണ്ടത് എന്നൊക്കെയുള്ള അവബോധം കൈവരുത്തുന്ന മനശ്ശാസ്ത്രചികിത്സകളും മദ്യാസക്തി കുറയാന്‍ സഹായിക്കുന്ന മരുന്നുകളുമൊക്കെ ഉപയോഗപ്പെടുത്തുക.
എഴുതിയത്: Dr. Shahul Ameen
ഇൻഫോ ക്ലിനിക്
Comments are closed.