DCBOOKS
Malayalam News Literature Website

വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജാതിക്ക അച്ചാര്‍

അച്ചാറുകളെ പൊതുവെ ഉപ്പിലിട്ടതുകള്‍ എന്നും പറയാറുണ്ട്. പേരില്‍ നിന്നുതന്നെ ഇവയിലെല്ലാം ഉപ്പ് നന്നായി ചേര്‍ത്തിരിക്കണം എന്ന് വ്യക്തം. ഉപ്പ്(സോഡിയം ക്ലോറൈഡ്) ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തെ തടയുന്നു. അതുകൊണ്ട് വസ്തുക്കള്‍ ചീത്തയാകാതെ സൂക്ഷിക്കാന്‍ ഉപ്പിനു കഴിയുന്നു. ഊണ് സമൃദ്ധവും പൂര്‍ണ്ണവുമായി തോന്നണമെങ്കില്‍ അല്പം തൈരും ഉപ്പിലിട്ടതും കൂടി ഉണ്ടാകണം.

മാങ്ങ, നാരങ്ങ, നെല്ലിക്ക, അമ്പഴങ്ങ, മുതലായ കായകളാണ് സാധാരണയായി അച്ചാറുകള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുക. പലതരം പച്ചക്കറികള്‍ കൊണ്ടും മത്സ്യം, മാംസം മുതലായവ കൊണ്ടും ഇപ്പോള്‍ അച്ചാറുകള്‍ ഉണ്ടാക്കുന്നുണ്ട്.

ജാതിക്ക അച്ചാര്‍- ചേരുവകള്‍

വിളഞ്ഞ് പഴുത്ത 10 ജാതിക്കയുടെ തോട്

വെളുത്തുള്ളി പൊളിച്ചത്- 1/2 കപ്പ്

കാന്താരി- 1/4 കപ്പ്

കറിവേപ്പില- 1/2 കപ്പ്

ഉപ്പ്- പാകത്തിന്

മുളകുപൊടി- 1/8 കപ്പ്

ഉലുവപ്പൊടി- ലേശം

കായപ്പൊടി- ലേശം

വിനാഗിരി- 1/2 കപ്പ്

നല്ലെണ്ണ- 1 കപ്പ്

ജാതിക്ക നടുവെ നീളത്തില്‍ പിളര്‍ന്ന് കുരുവും ജാതിപത്രിയും മാറ്റുക. തോട് നന്നായി കഴുകി വെള്ളം വാലാന്‍ വെക്കുക. വെള്ളം വാര്‍ന്നാലുടന്‍ ജാതിക്കയുടെ കരിന്തൊലി ചെത്തി മാറ്റുക. ഓരോ തോടും അതിന്റെ വീതിയിലും ഒരിഞ്ചു നീളത്തിലും ലോലമായി അരിയുക. പത്ത് ജാതിക്കയുടെ തോട് അരിഞ്ഞാല്‍ ഏകദേശം മൂന്ന് കപ്പ് കാണും.

ചീനച്ചട്ടിയില്‍ നല്ലെണ്ണ ചൂടാക്കി ജാതിക്ക അരിഞ്ഞത് അതിലിട്ട് വറത്തുകോരുക. ചുവപ്പു നിറത്തില്‍ വറക്കണം. കാന്താരിയും വെളുത്തുള്ളിയും ഇതേ എണ്ണയില്‍ വെവ്വേറെ വറക്കണം. കറിവേപ്പിലയും വറക്കുക. വറത്ത സാധനങ്ങള്‍ ഒന്നിച്ചാക്കി അതില്‍ മുളകുപൊടി, ഉപ്പുപൊടി, മറ്റു പൊടികള്‍ ഇവയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. വിനാഗിരി തിളപ്പിക്കുക. തണുപ്പിച്ച് അച്ചാറിലൊഴിക്കുക. നന്നായി ഇളക്കി കുപ്പിയില്‍ ആക്കി മുറുകെ അടയ്ക്കുക.

ഈ അച്ചാര്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം. ഒരിക്കലും പൂപ്പല്‍ പിടിക്കുകയില്ല. തീര്‍ച്ചയായും എല്ലാവരും ഇത് ഇഷ്ടപ്പെടും. കൂടുതല്‍ അളവില്‍ ഉണ്ടാക്കി എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം.

Comments are closed.