തിരഞ്ഞെടുപ്പിനായി മികച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം: ഷീന അയ്യങ്കാര്‍
തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഡോ. ഷീന അയ്യങ്കാരുടെ സാന്നിദ്ധ്യം കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ 44-ാമത് വേള്‍ഡ് കോണ്‍ഗ്രസില്‍ വേറിട്ട ഒരനുഭവമായി. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച്, അവയുടെ പ്രാധാന്യത്തെക്കുറിച്ച്, വ്യക്തതയോടെ സംവദിച്ച ഷീന അയ്യങ്കാര്‍ അവസരങ്ങളെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്.
എന്തുകാര്യവും തിരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രതയുള്ള ഒരു തലമുറയാണ് മുന്നിലുള്ളതെന്ന ബോധം ബ്രാന്‍ഡുകള്‍ക്കുണ്ടാവണം. ഒട്ടേറെ സാധ്യതകള്‍ ഉപഭോക്താവിന് നല്‍കുന്നത് ഗുണം ചെയ്യില്ല എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഏതാനും അവസരങ്ങള്‍ മാത്രം നല്‍കുക. ഉപഭോക്താവിന് തിരഞ്ഞെടുപ്പ് എളുപ്പമാകും. കമ്പനികള്‍ക്ക് അത് ഗുണകരമാകുമെന്നും ഡോ.ഷീന പറഞ്ഞു. നിങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നിങ്ങളുടെ ജീവിതവും ചുറ്റിലുമുള്ളവരുടെ ജീവിതവും മെച്ചമാക്കുന്ന രീതിയില്‍ വേണമെന്ന് വേദിയില്‍ ഷീന അയ്യങ്കാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കരഘോഷത്തോടെയാണ് ഏവരും സ്വീകരിച്ചത്.
ആധുനിക കാലത്തെ ചോയ്‌സ് എന്ന വിഷയത്തെക്കുറിച്ച് പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുള്ള ഷീന അയ്യങ്കാര്‍ ഇപ്പോള്‍ കൊളംബിയ കൊളംബിയ ബിസിനസ് സ്‌കൂളിലെ അധ്യാപികയാണ്. ഷീന അയ്യങ്കാറിന്റെ ഏറെ പ്രശസ്തമായ The Art Of Choosing എന്ന കൃതിയുടെ മലയാളം പരിഭാഷയായ തിരഞ്ഞെടുക്കല്‍ എന്ന കല ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോര്‍ജ് പുല്ലാട്ടാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത് സുപ്രധാനമാകുന്നതെന്നും വരുംകാലത്ത് അതിന് നിങ്ങളെ എങ്ങോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നതിലേക്ക് ഒരു ഉള്‍ക്കാഴ്ച പകരാനും ഈ പുസ്തകം സഹായിക്കുന്നു.
Comments are closed.