DCBOOKS
Malayalam News Literature Website

ചാള്‍സ് ഡാര്‍വിനെ ആര്‍ക്കാണ് പേടി?

ഏപ്രില്‍ 19- ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനം

യുവാല്‍ നോവാ ഹരാരിയുടെ ഹോമോ ദിയൂസ് എന്ന കൃതിയില്‍ നിന്നും

2012-ലെ ഒരു സര്‍വ്വേ പ്രകാരം അമേരിക്കക്കാരില്‍ 15 ശതമാനം മാത്രമേ പ്രകൃതിനിര്‍ദ്ധാരണത്തിലൂടെ മാത്രം, ദൈവികമായ യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ രൂപപ്പെട്ടവരാണെന്ന് ഹോമോ സാപ്പിയന്‍സ് എന്നു വിശ്വസിക്കുന്നുള്ളൂ; മനുഷ്യര്‍ പ്രാചീനമായ മറ്റുചില ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന് കോടിക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പരിണാമം സംഭവിച്ച് വന്നവരായിരിക്കാം, എങ്കിലും ഈ നാടകത്തിന്റെ സൂത്രധാരന്‍ ദൈവമാണ് എന്ന് വിശ്വസിക്കുന്നവരാണ് 32 ശതമാനം; ബൈബിളില്‍ പറയുന്നതുപോലെ, ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് മനുഷ്യനെ ഇന്നു നാം കാണുന്ന രൂപത്തില്‍ത്തന്നെ ദൈവം സൃഷ്ടിച്ചതാണെന്ന് 46 ശതമാനം വിശ്വസിക്കുന്നു. മൂന്നുവര്‍ഷത്തെ കോളജ് വിദ്യാഭ്യാസത്തിന് ഈ വിശ്വാസത്തില്‍ ഒരു മാറ്റവും വരുത്താനായിട്ടില്ല. ബിരുദധാരികളില്‍ 46 ശതമാനവും ബൈബിളിലെ ഉത്പത്തിയുടെ കഥ വിശ്വസിക്കുന്നവരാണെന്നും 14 ശതമാനം മാത്രമേ മനുഷ്യരുടെ പരിണാമത്തില്‍ ദൈവത്തിന്റെ മേല്‍നോട്ടമില്ല എന്നു വിശ്വസിക്കുന്നുള്ളൂ എന്നും ഈ സര്‍വ്വേയില്‍തന്നെ തെളിഞ്ഞിട്ടുണ്ട്. ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും ഉള്ളവര്‍ക്കിടയിലും 25 ശതമാനം ബൈബിള്‍ പറയുന്നതാണ് വിശ്വസിക്കുന്നത്; നമ്മുടെ വര്‍ഗ്ഗത്തിന്റെ സൃഷ്ടിക്ക് കാരണം പ്രകൃതിനിര്‍ദ്ധാരണം മാത്രമാണെന്ന് ഇവരില്‍ 29 ശതമാനം മാത്രമേ വിശ്വസിക്കുന്നുള്ളൂ.

സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് പരിതാപകരമായ രീതിയില്‍ ആണെന്നിരിക്കിലും അത് പഠിപ്പിക്കാനേ പാടില്ല എന്നാണ് കടുത്ത മതവിശ്വാസികള്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ, എല്ലാ ജീവജാലങ്ങളും ഏതോ ഒരു ഉത്കൃഷ്ടമായ ബുദ്ധിവൈഭവത്തിന്റെ (അതായത് ദൈവത്തിന്റെ) ഭാവനാശക്തിയുടെ സൃഷ്ടികളാണെന്നുള്ള ബൗദ്ധിക രൂപകല്പനാവാദം കുട്ടികളെ പഠിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ‘അവര്‍ രണ്ടു സിദ്ധാന്തങ്ങളും പഠിക്കട്ടെ,’ മതവിശ്വാസികള്‍ പറയുന്നു, ‘എന്നിട്ട് അവര്‍തന്നെ തീരുമാനിക്കട്ടെ.’

പരിണാമസിദ്ധാന്തത്തിനു മാത്രം ഇത്രയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ചോ ക്വാണ്ടം മെക്കാനിക്‌സിനെക്കുറിച്ചോ ആരുമൊന്നും പറയുന്നില്ലല്ലോ? കുട്ടികള്‍ പദാര്‍ത്ഥത്തെക്കുറിച്ചും ഊര്‍ജ്ജത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും സമയത്തെക്കുറിച്ചും സമാന്തരങ്ങളായ മറ്റ് ആശയങ്ങള്‍കൂടി പഠിക്കട്ടെ എന്ന് Textരാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല? എന്തൊക്കെപ്പറഞ്ഞാലും, ഒറ്റനോട്ടത്തില്‍ ഡാര്‍വിന്റെ ആശയം ഐന്‍സ്റ്റീനിന്റെയോ വേര്‍നെര്‍ ഹൈസെന്‍ബെര്‍ഗിന്റെയോ ഭയങ്കര സിദ്ധാന്തങ്ങളെക്കാള്‍ നിരുപദ്രവമായി തോന്നുന്നുണ്ടല്ലോ. പരിണാമസിദ്ധാന്തം ആധാരമാക്കുന്നത് മികച്ചവയുടെ അതിജീവനം എന്ന വ്യക്തവും സര്‍വ്വസാധാരണവും ലളിതവുമായ ആശയത്തെയാണ്. നേരേമറിച്ച്, ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം മെക്കാനിക്‌സും നമുക്ക് സമയത്തെയും സ്‌പെയ്‌സിനെയും വളച്ചൊടിക്കാനാവുമെന്നും, ശൂന്യതയില്‍നിന്ന് പലതും പ്രത്യക്ഷപ്പെട്ടേക്കാമെന്നും, ഒരു പൂച്ചയ്ക്ക് ഒരേ സമയത്ത് ചത്തതാവാനും ജീവിക്കുന്നതാവാനും സാധിക്കും എന്നൊക്കെ വാദിക്കുന്നുണ്ട്. നമ്മുടെ പ്രായോഗികബുദ്ധിയെ കളിയാക്കുകയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും സ്‌കൂള്‍ കുട്ടികളെ ഇത്തരം വേണ്ടാത്ത ആശയങ്ങളില്‍നിന്ന് സംരക്ഷിക്കണമെന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. എന്താണു കാരണം?

ആപേക്ഷികതാ സിദ്ധാന്തം നമ്മുടെ പരിപാവനങ്ങളായ വിശ്വാസങ്ങളില്‍ ഒന്നിനെപ്പോലും ചോദ്യം ചെയ്യാത്തതുകൊണ്ട് അത് ആരെയും വെറിപിടിപ്പിക്കുന്നുമില്ല. സ്‌പെയ്‌സും സമയവും ആപേക്ഷികമായാലും അല്ലെങ്കിലും മിക്കവര്‍ക്കും ഒരു ചുക്കുമില്ല. സ്‌പെയ്‌സിനെയും സമയത്തെയും വളച്ചൊടിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ഓഹോ, എനിക്കു വിരോധമൊന്നുമില്ല. നിങ്ങള്‍ ചെന്നു വളച്ചൊടിച്ചോളൂ. എനിക്കെന്തുവേണം? നേരേ മറിച്ച് ഡാര്‍വിന്‍ എടുത്തുകളഞ്ഞത് നമ്മുടെ ആത്മാവിനെയാണ്. നിങ്ങള്‍ക്ക് പരിണാമസിദ്ധാന്തം ശരിക്ക് പിടികിട്ടിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ആത്മാവില്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായി എന്നാണ്. വിശ്വാസികളായ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും മാത്രമല്ല, വ്യക്തമായ മതവിശ്വാസങ്ങള്‍ ഒന്നും വെച്ചുപുലര്‍ത്താത്ത മതേതരര്‍ക്കുപോലും ഈ ആശയം കുറച്ചു ഭയാനകമാണ്; ഓരോ മനുഷ്യനും അനശ്വരമായ ഒരു ആന്തരികസത്തയുണ്ടെന്നും അത് ജീവിതത്തിലുടനീളം മാറ്റമില്ലാതെ തുടരുമെന്നും മരണത്തെപ്പോലും അതിന് അതിജീവിക്കാനാവും എന്നു വിശ്വസിക്കാനാണ് അവര്‍ക്കും താത്പര്യം.

വ്യക്തി എന്ന് അര്‍ത്ഥം വരുന്ന individual എന്ന ഇംഗ്ലിഷ് വാക്കിന്റെ മൂലംതന്നെ വിഭജിക്കാന്‍ ആവാത്തത് (divide ചെയ്യാന്‍ ആകാത്തത്) എന്നാണ്. ഞാന്‍ ഒരു ‘individual’ ആണ് എന്നുപറയുമ്പോള്‍ എന്റെ യഥാര്‍ത്ഥ സ്വത്വം സമഗ്രമായ ഒന്നാണെന്നും കുറെ ഭാഗങ്ങള്‍ കൂട്ടിപ്പിടിപ്പിച്ച ഒന്നല്ലെന്നും ആണ് സൂചന. വിഭജിക്കാനാവാത്ത ഈ സത്ത ഒരു നിമിഷത്തില്‍നിന്ന് മറ്റൊന്നിലേക്ക് ഒന്നും നഷ്ടപ്പെടാതെയും ഒന്നും കൂട്ടിച്ചേര്‍ക്കപ്പെടാതെയും തുടരുന്നു. ന്യൂറോണുകള്‍ തൊടുക്കുമ്പോഴും ഹോര്‍മോണുകള്‍ സ്രവിക്കുമ്പോഴും പേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോഴും എന്റെ ശരീരവും തലച്ചോറും മാറ്റങ്ങളുടെ ഒരു പരമ്പരയിലൂടെ  കടന്നുപോയിക്കൊണ്ടേയിരിക്കുകയാണ്. എന്റെ വ്യക്തിത്വം, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍ ഒന്നും ചലിക്കാതിരിക്കുന്നില്ല; വര്‍ഷങ്ങളും ദശാബ്ദങ്ങളും കടന്നുപോകുമ്പോള്‍ അവ തികച്ചും മാറിപ്പോകുന്നുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ജനനം മുതല്‍ മരണംവരെ ഞാന്‍ ഒരേ വ്യക്തിയായിത്തന്നെ തുടരുന്നുമുണ്ട് മരണത്തിനുശേഷവും അങ്ങനെതന്നെ തുടരണമെന്നാണ് ആഗ്രഹവും.

നിര്‍ഭാഗ്യവശാല്‍, എന്റെ യഥാര്‍ത്ഥമായ സ്വത്വം വിഭജിക്കാനാവാത്തതും മാറ്റമില്ലാത്തതും നാശമില്ലാതിരിക്കാന്‍ സാധ്യതയുള്ളതുമായ ഒന്നാണ് എന്ന ആശയത്തെ പരിണാമസിദ്ധാന്തം നിരസിക്കുന്നു. പരിണാമസിദ്ധാന്തം അനുസരിച്ച് ജൈവമായ എന്തും ആനകള്‍മുതല്‍ ഓക്കുമരങ്ങളും കോശങ്ങളും ഡിഎന്‍എയുടെ തന്മാത്രകളുംവരെ കൂടുതല്‍ ചെറുതും ലളിതവുമായ, ഇടതടവില്ലാതെ തമ്മില്‍ ചേരുകയും വിഭജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘടകങ്ങള്‍കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളവയാണ്. ആനകളുമതെ, കോശങ്ങളുമതെ, പുതിയ കൂടിച്ചേരലുകളുടെയും വിട്ടുപോകലുകളുടെയും ഫലമായി പതുക്കെ പരിണമിച്ചു വന്നിട്ടുള്ളവയാണ്. വിഭജിക്കാന്‍ കഴിയാത്തതോ മാറ്റം വരാത്തതോ ആയ ഒന്നിനും പ്രകൃതിനിര്‍ദ്ധാരണം വഴിയുള്ള നിലനില്‍പ്പിന് അര്‍ഹതയില്ല…

 

Comments are closed.