പ്രമേഹം നിയന്ത്രിക്കാന്‍ ഇതാ ചില ഒറ്റമൂലികളും നാട്ടുവൈദ്യവും
നവംബര്‍ 14- ലോക പ്രമേഹ ദിനം
ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫില്‍ പ്രസിദ്ധീകരിച്ച ഡോ.ജോസ് ജോര്‍ജിന്റെ ‘ഒറ്റമൂലികളും നാട്ടുവൈദ്യവും’ എന്ന പുസ്തകത്തില്‍ നിന്നും
ആയുര്‍വേദത്തില്‍ പ്രമേഹത്തെ വാതപിത്തകഫങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപതു വിധമായി തരംതിരിച്ചിട്ടുണ്ട്. വാസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിവ വാതപ്രധാനങ്ങളും മാഞ്ജിഷ്ഠമേഹം, നീലമേഹം, കാളമേഹം, ഹാരിദ്രമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിവ പിത്തപ്രധാനങ്ങളും ഉദകമേഹം, ഇക്ഷുമേഹം, ശനൈര്‍മേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ലമേഹം, ലാലാമേഹം, സിക്താമേഹം, ശീതമേഹം, സാന്ദ്രമേഹം എന്നിവ കഫപ്രധാനങ്ങളും ആണ്. പ്രമേഹം ആരംഭത്തില്‍തന്നെ ചികിത്സാവിധേയമാക്കണം. ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാതപ്രധാനമായ പ്രമേഹം ചികിത്സിച്ചുമാറ്റുക സാധ്യമല്ല. പിത്തപ്രധാനം മാറ്റുവാന്‍ ബുദ്ധിമുട്ടാണെങ്കിലും അസാധ്യമല്ല. എല്ലാവിധ മേഹങ്ങളിലും പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത് വിവരിക്കാം.
- നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി കലക്കി അതിരാവിലെ കുടിക്കുക. മഞ്ഞള്‍, നെല്ലിക്ക ഇവയുടെ നീരെടുത്ത് തേന്‍ചേര്‍ത്ത് രാവിലെ കുടിക്കുക. നെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീരില്‍ പച്ചമഞ്ഞള്‍ അരച്ചുകലക്കി കുടിക്കുക.
- ദേവതാരം, ത്രിഫല, മുത്തങ്ങാക്കിഴങ്ങ് ഇവ കഷായമാക്കി തേന്‍ചേര്‍ത്ത് കഴിക്കുക. കൊടുവേലിക്കിഴങ്ങ്, ത്രിഫല, മരമഞ്ഞത്തൊലി ഇവ കഷായംവച്ച് തേന്‍ചേര്‍ത്ത് സേവിക്കുക. അമൃതിന്‍ നീരിലോ, നെല്ലിക്കാനീരിലോ തേന്‍ചേര്‍ത്ത് സേവിക്കുക. മാനിന്റെ കൊമ്പരച്ച് മോരില്‍ സേവിക്കുക. വെണ്ണചേര്‍ത്ത് മഞ്ഞള്‍പ്പൊടി സേവിക്കുക.
- വേപ്പിന്‍തൊലി, ഇല, പൂവ് ഇവ കഷായമാക്കി കുടിക്കുക. ബ്രഹ്മി നല്ലതുപോലെ അരച്ച് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് കഴിക്കുക. നെല്ലിക്ക, തേറ്റാമ്പരല്‍, മഞ്ഞള്‍, തെച്ചിവേര്, പാച്ചോറ്റിത്തൊലി, ചെറൂളവേര്, ഏകനായകം, രാമച്ചം ഇവ കഷായമാക്കി കഴി
ക്കുക. - അമൃത്, കൊടുവേലിക്കിഴങ്ങ് ഇവ കഷായംവച്ച് വറ്റിച്ച് 2 ഗ്രാം വീതമുള്ള ഗുളികകളാക്കി ദിവസേന മൂന്നുനേരംവീതം കഴിക്കുക. പാല്‍മുതക്കിന്റെ കിഴങ്ങ് അരിഞ്ഞ് ചെറുചൂടില്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് കുറേശ്ശ എടുത്ത് വെണ്ണയോ നെയ്യോ ചേര്‍ത്ത് കഴിക്കുക. മദ്യത്തില്‍ ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്.
- നെല്ലിക്കാത്തോട്, ഉഴുന്ന്, ദര്‍ഭവേര്, ആറ്റുദര്‍ഭവേര് ഇവ സമാംശമെടുത്ത് കഷായമാക്കി സേവിക്കുക. വേങ്ങ, ദര്‍ഭ, ചന്ദനം, കുശ, ഇരട്ടിമധുരം, ത്രിഫല, കരിങ്ങാലിക്കാതല്‍ ഇവയിട്ട് വെള്ളംവെന്ത് കുടിക്കുക.
- മൂവിലവേര്, ഏകനായകത്തിന്റെ വേര് ഇവ സമമെടുത്ത് കഷായംവച്ച് പഞ്ചസാരയും തേനും മേമ്പൊടി ചേര്‍ത്ത് സേവിക്കുക.
- നെല്ലിക്ക, തേറ്റാമ്പരല്‍, ഞെരിഞ്ഞില്‍, ഞാവല്‍ത്തൊലി, ശതാവരിക്കിഴങ്ങ് ഇവ കഷായമാക്കി സേവിക്കുന്നത് പ്രമേഹം, അസ്ഥിസ്രാവം ഇവയ്ക്ക് ഫലപ്രദമാണ്.
- ഏകനായകം, ചന്ദനം, കരിങ്ങാലിക്കാതല്‍, തേറ്റാമ്പരല്‍, നെല്ലിക്ക, ഞെരിഞ്ഞില്‍, ഞാവല്‍ത്തൊലി, ശാതവരിക്കിഴങ്ങ് ഇവ കഷായമാക്കി കഴിക്കുക, പ്രമേഹത്തിന് ഫലപ്രദമാണ്.
- മഞ്ഞള്‍, തേറ്റാമ്പരല്‍, പൊന്‍കൊരണ്ടി, ചെറൂള ഇവ സമാംശം കഷായമാക്കി സേവിക്കുക. വാഴപ്പിണ്ടി പിഴിഞ്ഞെടുത്ത നീരില്‍ മഞ്ഞള്‍പ്പൊടിയും തേനുംചേര്‍ത്ത് പതിവായി ഉപയോഗിക്കുകയും വാഴക്കൂമ്പ് ആഹാരമായി കഴിക്കുകയും ചെയ്യുക.
- പാവയ്ക്കാ ചെറുതായി അരിഞ്ഞ് തൈരിലിട്ട് ഉപ്പുംചേര്‍ത്ത് പതിവായി ഉപയോഗിക്കുക. കൂവളത്തില ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി രാവിലെ പതിവായി കുടിക്കുക.
- അറുപതുഗ്രാം കാട്ടുജീരകം ഇടങ്ങഴി വെള്ളത്തില്‍ കഷായമാക്കി ഒരു നാഴിയാക്കി ഉരി വീതം രാവിലെയും വൈകുന്നേരവും 25 ദിവസം തുടര്‍ച്ചയായി സേവിക്കുക.
- കാട്ടുജീരകമിട്ടു തിളപ്പിച്ചാറിയ വെള്ളം ദാഹജലമായി ഉപയോഗിച്ചാല്‍ ചെറിയ തോതിലുള്ള പ്രമേഹം സുഖപ്പെടും.
കൂടുതല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യൂ