DCBOOKS
Malayalam News Literature Website

ജലപാതകളുടെ നിര്‍മ്മാണ ചരിത്രം: ഡോ. സഖരിയ തങ്ങള്‍

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

കേരളത്തിലെ ജലഗതാഗതമാര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണ ചരിത്രത്തിലൂടെയുള്ള സഞ്ചാരം. കന്യാകുമാരി മുതല്‍ കാസര്‍ക്കോടുവരെയുള്ള ജലപാതകളുടെ ചരിത്രമാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. 

തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ കാലത്ത് പത്മനാഭസ്വാമി ക്ഷേത്രം പുനർനിർമ്മിക്കുന്നതിനായി സാധനസാമഗ്രികൾ കൊണ്ടുവരാൻ റോഡുകളില്ലാത്തതിനാൽ ജലമാർഗമാണ് കൈക്കൊണ്ടത്. പില്ക്കാലത്താണ് തെക്കൻ തിരുവിതാംകൂറിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കാൻ കരമനയാറ്റിലും കിള്ളിയാറ്റിലും തടിപ്പാലങ്ങൾ നിർമ്മിച്ചു. മാർത്താണ്ഡവർമ്മയുടെ കാലത്തുതന്നെ കൊല്ലത്തെയും കായംകുളത്തെയും ബന്ധിപ്പിച്ചുകൊണ്ട് ചവറ-പന്മന വഴിയൊരു ജലപാത വികസിപ്പിക്കു​വാനും ഒപ്പം കാർത്തികപ്പള്ളി പുഴയെ കായംകുളം കായലുമായി ബന്ധിപ്പിച്ചു​കൊണ്ട് യാത്രാസൗകര്യം മെച്ചപ്പെടുത്തുവാനും ആഗ്ര​ഹിച്ചു. മാർത്താണ്ഡവർമ്മയുടെ കാലത്തുതന്നെ വേളി കായ​ലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്നതിന് ഒരു തോട് വെട്ടുന്നതിനുള്ള സർവേ നടന്നു. 1747-ൽ തിരുവനന്തപുരത്തു നിന്ന് വടക്കോട്ടുള്ള ജലഗതാഗതം സാധ്യമാക്കുന്നതിനുള്ള ശ്രമ​ങ്ങളുടെ ഭാഗമായി വേളി മുതൽ ആലുക്കാട്ടു വഴി ചെന്നേലിക്കൽ പ്രദേശംവരെയുള്ള കനാൽ വെട്ടുന്നതിനായി പുരന്തിരൻ​ശില്പി ആശാരി, സർവാങ്കം ആശാരി മുതലായ വിദഗ്ധരെ ഏർപ്പെ​ടുത്തി. തുടർന്ന് ആ പദ്ധതി മന്ദീഭവിച്ചു.

തുടർന്നുള്ള കാലത്ത് വടക്കൻ നാടുകളിൽനിന്നും മുറജപമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി നമ്പൂതിരിമാരും സാധനസാമഗ്രി​കളും എത്തുന്നതിൽ വന്നുചേരുന്ന താമസവും അതോടൊപ്പം തിരികെ പോകുന്നതിനുള്ള വൈഷമ്യങ്ങളും അധികാരികളെ ചിന്തിപ്പിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നുവന്ന സത്രത്തിൽ പങ്കെടുക്കാൻ വടക്കൻ ദിക്കിൽനിന്നു വന്ന വേദപണ്ഡിതന്മാർ മടങ്ങുമ്പോൾ Pachakuthira Digital Editionഅവരെ അമ്പലപ്പുഴയിൽനിന്നും വള്ളത്തിൽ കയ​റ്റിക്കൊണ്ടുപോകുന്ന വള്ളക്കാർക്കുള്ള കൂലിയായി നെല്ല് നൽകുന്നതിനുള്ള ഒരു നീട്ടുത്തരവ് 1760 / കൊ.വ. 935 ഇടവം 30-ന് വന്നിരുന്നു: “ഇപ്പോഴത്തെ സത്രത്തിന് ഇവിടെ വന്ന വാദ്ധ്യാന്മാർ വൈദികന്മാർ ആയിട്ടുള്ള ജനങ്ങൾ മൂന്നാം തീയതി കഴിഞ്ഞിട്ട് വടക്കോട്ട് പോകുമ്പോൾ അമ്പലപ്പുഴനിന്നും വഞ്ചിയിലും വള്ള​ത്തിലും കെറ്റി അയക്കെണ്ടവരെ കെറ്റി അയയ്ക്കുന്നതിന് വഞ്ചിക്കാ​രർ വള്ളക്കാരർ ഉൾപ്പെട്ടവർക്കു കൊടുക്കുന്നതിന് അവിടെ നെല്ലിന് വകയില്ലെന്നും അഞ്ചായിരം ചക്രം ഇപ്പോൾ അവിടെ കൊടുത്താൽ അതിന് നെല്ലു മെടിച്ച് അരിശിയാക്കി കൊടു​പ്പിച്ചു കൊള്ളാമെന്നും തെക്കേതിൽ ഭട്ടതിരി പറഞ്ഞ വകയ്ക്ക് അഞ്ചായിരം ചക്രം മടിശ്ശീല വകയിന്നായിട്ടും അമ്പലപ്പുഴ മെലെഴുത്തു പിള്ളക്കും എഴുതി അയച്ചു അവിടെ കൊടുപ്പിച്ചു വക്കയും വെണം എന്നും ഇക്കാര്യം ചൊല്ലി മഹാദേവർസുബ്ബനു വലിയ മേലെഴുത്തു കണക്കു പത്മനാഭ വിക്രമനും നീട്ടെഴുതിവിട്ടു എന്നു തിരുവുള്ളമുണ്ടായ നീട്ടു.”

നിലവിലെ കച്ചവടവളർച്ചയ്ക്കായി യാത്രാമാർഗങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറിവന്നപ്പോൾ, 1824-ൽ അന്നത്തെ ഭരണാധികാരിയായ ഗൗരി പാർവ്വതിഭായി കനാലുകൾ നിർമ്മിക്കുന്ന പദ്ധതി പുനഃരാരംഭിക്കുവാൻ തീരുമാനിച്ചു. അതേ വർഷം​തന്നെ തിരുവനന്തപുരം മുതൽ കണിയാപുരംവരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ജലപാത​യ്ക്കായി ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ആറാട്ടുവഴി കല്ലുപാലം മുതൽ വടക്കോട്ട് അഞ്ചുതെങ്ങ് കായലിന്റെ തെക്കുഭാഗത്തെ ചാന്നൻകരവരെയാ​യിരുന്നു ആദ്യഭാഗമായി കണക്കാക്കിയത്. തുടർന്നുള്ള പദ്ധതിയായി വർക്കല മുതൽ കൊല്ലം വരെയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഇടവ-പരവൂർ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരവൂർ തോട് ആയിരുന്നു ഇത്തരത്തിൽ നിർമ്മിച്ച രണ്ടാമത്തേത്. വർക്കല കിടാവത്ത്‌വിളക്കു മുതൽ നടയറവരെയും അവിടെനിന്ന് പരവൂരിലേക്കും തുടർന്ന് ഇരവി​പുരംവഴി കൊല്ലത്തെയും ബന്ധിപ്പിക്കുന്ന കനാൽ നിർമാണം ആരംഭിച്ചു. പരവൂരിനെയും അഷ്ടമുടിക്കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൊല്ലംതോട് ഇക്കാലത്തെ നിർമ്മിതിയായിരുന്നു. തിരുവിതാംകൂറിന്റെ അഭിമാനപദ്ധതിയായി കനാൽ നിർമാണം മൂന്നു വർഷംകൊണ്ട് പൂർത്തിയായി. ഇതിൽ തിരുവനന്തപുരം മുതൽ കണിയാപുരംവരെയുള്ള കനാൽ ഭാഗങ്ങളെ ഗൗരി പാർ​വതി ഭായിയോടുള്ള ആദരസൂചകമായി ‘പാർവ്വതി പുത്തനാർ’ എന്ന് വിളിച്ചുതുടങ്ങി.

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

Comments are closed.