എന്താണ് ചരിത്രത്തിന്റെ ചരിത്രം?
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
മനു എസ് പിള്ള, വിവ: ജോസഫ് കെ ജോബ്
നമ്മുടെ ഭൂതകാലത്തെക്കുറിച്ച് സ്വതന്ത്രമായും പരസ്യമായും നിര്‍ഭയമായും നമുക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നാം എങ്ങനെ സ്വതന്ത്രമായും പരസ്യമായും നിര്‍ഭയമായും നമ്മുടെ ഭാവി രൂപപ്പെടുത്തും? ചരിത്രകാരര്‍ക്ക് മാത്രമായി ഉത്തരം നല്‍കാന്‍ കഴിയുന്ന ഒരു ചോദ്യമല്ല ഇത്: 2024 ആഗസ്റ്റ് 29 നു കോഴിക്കോടു വച്ചു നടത്തിയ 26-ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണത്തിന്റെ ലിഖിതരൂപം.
മാവേലിക്കരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ തറവാട്. കൗതുകമുണർത്തുന്ന ഒട്ടേറെ കഥകളുള്ള മനോഹരമായ ഗ്രാമമാണത്. അവിടെ നസ്രാണിക്രിസ്ത്യാനികളുടെ ഒരു പഴയ കുടുംബമുണ്ട്. നമുക്കറിയാവുന്നതുപോലെ, മേൽജാതിക്കാരായ ഹിന്ദുക്കൾക്കുള്ളതുപോലെ ഉയർന്ന സാമൂഹ്യപദവി ലഭിക്കുന്ന വിഭാഗക്കാരാണ് നസ്രാണികൾ. നമ്പൂതിരിമാരുടെ വംശപരമ്പരയിൽപെട്ടവരാണ് തങ്ങളെന്നാണ് നസ്രാണികളുടെ അവകാശവാദം. അവരുടെ ആചാരവിശേഷങ്ങൾ പലതും സവർണ്ണരുടെ ആചാരങ്ങളുമായി ഒത്തുപോകുന്നവയാണെന്നു പറയാം. നസ്രാണികളുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യമാണ് പറയാൻപോകുന്നത്. പഴയകാലത്ത് കേരളത്തിലെ യാഥാസ്ഥിതികഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന എണ്ണയും നെയ്യുമൊക്കെ ആദ്യം ഒരു നസ്രാണിക്രിസ്ത്യാനിയുടെ കരസ്പർശത്താൽ ‘ശുദ്ധീകരിക്കപ്പെടണ’മെന്ന ഒരു പതിവുണ്ടായിരുന്നു. ഈയൊരു പ്രത്യേകആവശ്യ ത്തിനായി നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു നസ്രാണികുടുംബത്തെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമക്ഷേത്രത്തിലെ കർമ്മങ്ങളിൽ മുഖ്യമായ പങ്കുവഹിക്കുന്ന ഒരു വിഭാഗമായി അവരങ്ങനെ മാറുകയും ചെയ്തിരിക്കുന്നു.
ഈ നസ്രാണികുടുംബത്തിലെ അംഗങ്ങളോട് അവരുടെ ചരിത്രമെന്താണെന്ന് ചോദിച്ചപ്പോൾ മറ്റു ചില കാര്യങ്ങളാണ് അവർ പറഞ്ഞത്. എണ്ണയും നെയ്യുമൊക്കെ ശുദ്ധീകരിക്കുന്ന ആചാരമുണ്ടെന്ന് അവർ സമ്മതിക്കുന്നു. പക്ഷേ, ആ ഗ്രാമത്തിലേക്കു വന്നത് മറ്റൊരു രീതിയിലാണെന്നാണ് അവരുടെ പക്ഷം. പടനിലം എന്നു പേരുള്ള ഒരു സ്ഥലമുണ്ട് ഞങ്ങളുടെ ഗ്രാമത്തിൽ. പണ്ട് യുദ്ധങ്ങൾ നടന്ന സ്ഥലമാവണമത്. പന്തളം, കായംകുളം എന്നീ പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തിയിലാണ് ആ സ്ഥലമുള്ളത്. എണ്ണ ശുദ്ധീകരിക്കുന്നവർ എന്ന നിലയിലല്ല, യോദ്ധാക്കളെന്ന നിലയിലാണ് അവരെ ഇങ്ങോട്ടു കൊണ്ടുവന്നതത്രേ. വലിയ പോരാളികളായിരുന്നു അവരുടെ പൂർവ്വികർ. നായന്മാരെ യുദ്ധമുറകൾ പരിശീലിപ്പിക്കുകയെന്നതായിരുന്നു അവരുടെ കർത്തവ്യം. അനുബന്ധമായി ക്ഷേത്രത്തിലെ സേവനവും എണ്ണശുദ്ധീകരണവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവരുടെ വരവിന്റെ പ്രധാന ഉദ്ദേശ്യം അതായിരുന്നില്ല.
ഇതുകേട്ടിട്ട് എന്തോ പന്തികേട് തോന്നുന്നുവല്ലേ? എന്തിനാണ് ഈ നസ്രാണികൾ ഇങ്ങോട്ടുവന്നത്? സവർണഹിന്ദുക്കളെയും ക്ഷേത്രത്തെയും സേവിക്കാനാണോ അതോ, അവരുതന്നെ അവകാശപ്പെടുന്നതുപോലെ ഹിന്ദുപ്രമാണിമാരെ ആയോധനവിദ്യകൾ പഠിപ്പിക്കാനാണോ? ഓരോ ജനവിഭാഗവും അവരവരുടെ രീതിക്ക് ഭൂതകാലത്തെ ഓർത്തെടുക്കാറുണ്ട്. ഓരോരുത്തരും അവരുടെ സാമൂഹികമാന്യത ഊട്ടിയുറപ്പിക്കുന്ന
മട്ടിലാകും ഭൂതകാലത്തെ ഓർത്തെടുക്കുന്നത് എന്നുമാത്രം. സാമൂഹികപദവിയുടെ ഇത്തരം അവകാശവാദങ്ങളെക്കുറിച്ച് പറയുമ്പോൾ ഭൂതകാലത്തെ മാത്രമല്ല വർത്തമാനകാലത്തെയും ഞാനിവിടെ കണക്കിലെടുക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ സ്വത്വവും ഭാവവുമൊക്കെ എപ്രകാരം പ്രദർശിപ്പിക്കാനാഗ്രഹിക്കുന്നുവോ അതിനനുസൃതമായ രീതിയിലാകും നിങ്ങൾ കാര്യങ്ങളെ ഓർത്തെടുക്കുന്നതും.
ഇതിനെക്കുറിച്ച് കുറച്ചുകൂടി വിശാലമായിട്ടൊന്ന് ആലോചിച്ചുനോക്കൂ.
എന്റെ ചെറിയ ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു കുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ചുപോലും ഏകാഭിപ്രായം സാധ്യമല്ലെങ്കിൽ രാജ്യം, മതം, യുദ്ധങ്ങൾ, ചരിത്രപുരുഷന്മാർ, രാഷ്ട്രീയചരിത്രം എന്നിവപോലെ തർക്കങ്ങളും സംവാദങ്ങളും രൂപപ്പെടാൻ സാധ്യതയുള്ള വലിയ കാര്യങ്ങളെക്കുറിച്ച് നമുക്കു കൃത്യമായി എന്തു പറയാനാണ് കഴിയുക?
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
മനു എസ് പിള്ളയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.