DCBOOKS
Malayalam News Literature Website

ചരിത്രവും ജീവചരിത്രവും സാഹിത്യവും

ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

രാമചന്ദ്ര ഗുഹ, വിവ: ജോസഫ് കെ ജോബ്

എന്നെപ്പോലെയുള്ള ഒരു ‘കരകൗശലക്കാരന് ‘ സാഹിത്യം രചിക്കുവാന്‍ കഴിയുമോ?അതാണ് ഞാന്‍ പരിശോധിക്കുന്നത്. അങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ അവിടെ ചരിത്രം സാഹിത്യകൃതിയുടെ മൂല്യമാര്‍ജിക്കുന്നു എന്നു പറയാം: 2024 സെപ്റ്റംബര്‍ 7ന് തൃശ്ശൂരില്‍ നടത്തിയ ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പ്രഭാഷണത്തിന്റെ ലിഖിതരൂപം.

പുസ്തകപ്രസിദ്ധീകരണത്തിന്റെ സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഡിസി ബുക്സിന് അഭിനന്ദനങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഞാൻ ആരംഭിക്കട്ടെ. ഇവിടെ ഈ വേദിയിൽ നിൽക്കാൻ കഴിയുന്നതും ഇത്തരം ഒരു പ്രഭാഷണം ചെയ്യാൻ കഴിയുന്നതും അത്യധികം അഭിമാനകരമാണ്. എന്റെ പ്രഭാഷണത്തിൽ നിന്ന് രാഷ്ട്രീയത്തെ തൽക്കാലം മാറ്റിനിർത്തുമെന്ന് പ്രഭാഷണത്തിന് ക്ഷണിച്ചപ്പോൾതന്നെ ഉറപ്പിച്ചിരുന്നു. കാരണം ഇത് സാഹിത്യത്തിന്റെ ഒരു ഉത്സവമാണ്. ഞാനെന്തെങ്കിലും രാഷ്ട്രീയ വിവാദങ്ങളിലേക്കു കടക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ടാകാം. അവരെ എനിക്ക് നിരാശപ്പെടുത്തേണ്ടി വരും. കാരണം അത്തരമൊരു കാര്യത്തിനും ഞാനിവിടെ ശ്രമിക്കുന്നില്ല. പ്രഭാഷണത്തിൽ രാഷ്ട്രീയം Pachakuthira Digital Editionപരോക്ഷമായി കടന്നുവരുമായിരിക്കും. പക്ഷേ, പ്രകടമായി യാതൊന്നും വരാനിടയില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ രാഷ്ട്രീയപ്രവർത്തകരുടെ ആരുടേയും പേര് എന്റെയീ പ്രഭാഷണത്തിലേക്ക് കടന്നുവരാൻ ഇടയില്ല. ഇവിടെ സാഹിത്യരംഗത്തെ പ്രമുഖരെ കാണുമ്പോൾ ഞാനെന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിക്കുകയാണ്. സാറാ ജോസഫ്, സച്ചിദാനന്ദൻ, എം. മുകുന്ദൻ, ടി. ഡി. രാമകൃഷ്ണൻ, ഇ. സന്തോഷ് കുമാർ എന്നിവർ വേദിയിലുണ്ട്. ബെന്യാമിൻ പതിവുപോലെ സദസ്സിലെവിടെയോ ഇരിക്കുന്നുമുണ്ട്. ഈ എഴുത്തുകാരുമായി ഞാനെന്നെ താരതമ്യപ്പെടുത്തുമ്പോൾ ഇവർക്ക് പൊതുവായ ചില കാര്യങ്ങളുണ്ട്. ഒന്നാമത്, അവരെല്ലാം അവരവരുടെ മാതൃഭാഷയിൽ എഴുതുന്നവരാണ്. രണ്ടാമത്, അവരെല്ലാം ഒരേ സംസ്ഥാനത്തുനിന്നുള്ളവരാണ്. മൂന്നാമതായി അവരെല്ലാം സർഗാത്മക സാഹിത്യകൃതികൾ എഴുതുന്നവരാണ്. അഞ്ച് നോവലിസ്റ്റുകളും ഒരു കവിയും. ഇവരുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ ഒരു സർഗാത്മക സാഹിത്യകാരനല്ല, ചരിത്രകാരൻമാത്രമാണെന്ന കാര്യം സമ്മതിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഞാൻ വെറുമൊരു ക്രാഫ്റ്റ്മാൻ മാത്രമാണ്, ഒരു കരകൗശലക്കാരൻ മാത്രമാണ്. സാഹിത്യവും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞാനിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.

ഈ പ്രഭാഷണത്തെ രണ്ടു ഭാഗമായി തിരിക്കാമെന്ന് തോന്നുന്നു. “സാഹിത്യം ചരിത്രമെന്ന നിലയിൽ’ എന്നതാണ് ഒന്നാം ഭാഗം. നമ്മൾ സർഗാത്മക സാഹിത്യകാരരെ വായിക്കുന്നത്, അവരെഴുതിയ കവിതയും കഥയും നാടകവും നോവലുകളുമൊക്കെ വായിക്കുന്നത് പ്രധാനമായും സൗന്ദര്യശാസ്ത്രപരമായ കാരണത്താലാണ്. നമ്മൾ ഒരു വാക്യമോ ഖണ്ഡികയോ ഒക്കെ എഴുതുന്നത്, ഒരു പ്രത്യേക അനുഭവം ഉണ്ടാക്കിയെടുക്കുന്നത് മനഃശാസ്ത്രപരമായ കാരണങ്ങളാലായിരിക്കാം. കഥാപാത്രങ്ങളും അവർ തന്മിലുള്ള പരസ്പരബന്ധങ്ങളുമൊക്കെ നമ്മൾ എഴുതുന്നു. വളരെ പരസ്യമായിത്തന്നെ രാഷ്ട്രീയം പുലർത്തുന്ന എഴുത്തുകാരുമുണ്ടാകാം. എന്റെ അഭിപ്രായത്തിൽ സർഗാത്മകസാഹിത്യമെഴുതുന്ന എല്ലാ എഴുത്തുകാരും സാഹിത്യത്തെ ഒരു കലാപ്രവർത്തനമായിട്ടാണ് നോക്കിക്കാണുന്നത്. രാഷ്ട്രീയമായ വ്യാഖ്യാനമായി അവരാരും സാഹിത്യത്തെ കാണുന്നില്ല. എന്നാലവരെല്ലാം അവർ ജീവിച്ച കാലത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ അവരുടെ കൃതികളിൽ എഴുതാറുണ്ട്. ഇതിനെയാണ് ചരിത്രം എന്ന നിലയിലുള്ള സാഹിത്യം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. രണ്ടാമത്തെ ഭാഗം ചരിത്രം സാഹിത്യമായിട്ട് തീരുന്നതിനെക്കുറിച്ചാണ്. എന്നെപ്പോലെയുള്ള ഒരു “കരകൗശലക്കാരന്’ സാഹിത്യം രചിക്കുവാൻ കഴിയുമോ? അതാണ് ഞാൻ പരിശോധിക്കുന്നത്. നമുക്ക് ചിലപ്പോൾ വളരെ ഗൗരവമുള്ള പുസ്തകങ്ങൾ രചിക്കുവാൻ കഴിയുമായിരിക്കും. സർവകലാശാല പാഠ്യപദ്ധതികൾ ഉണ്ടാക്കാൻ കഴിയുമായിരിക്കും, ഗവേഷകവിദ്യാർത്ഥികളെ ഗൈഡ് ചെയ്യാൻ കഴിയുമായിരിക്കും. പക്ഷേ, കുറച്ചുകൂടി വലിയ ഒരു വായനസമൂഹത്തിന് വായിക്കാനും ഉൾക്കൊള്ളാനും പ്രാപ്‌തമായ കൃതികൾ രചിക്കാൻ കഴിയുമോ? അങ്ങനെ എഴുതാൻ കഴിയുമെങ്കിൽ അവിടെ ചരിത്രം സാഹിത്യകൃതിയുടെ മൂല്യമാർജിക്കുന്നു എന്നു പറയാം.

പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

രാമചന്ദ്രഗുഹയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.