കെ.എല്‍.എഫ് സംവാദവേദിയില്‍ ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍
കോഴിക്കോട്: ലാസ്റ്റ് മുഗള്‍, റിട്ടേണ്‍ ഓഫ് എ കിങ്, നയന്‍ ലിവ്‌സ്, ദി അനാര്‍ക്കി എന്നീ കൃതികളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംവാദത്തിനായി എത്തുന്നു. ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സഞ്ചാരസാഹിത്യകാരന്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വില്യം ഡാല്‍റിംപിള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യമേളയായ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സഹസ്ഥാപകനും ചലച്ചിത്രപ്രവര്‍ത്തകനുമാണ്. യാത്രകളിലൂടെയും ചരിത്രപഠനങ്ങളിലൂടെയും വില്യം ഡാല്‍റിംപിള്‍ പകര്‍ന്നുനല്‍കിയ ഇന്ത്യയുടെ ഭൂതകാലത്തിന്റെ വൈവിധ്യമാര്‍ന്ന സമ്പന്നതകളെ അടുത്തറിയാന്‍ അദ്ദേഹവുമായുള്ള സംവാദങ്ങള്‍ ചരിത്രപ്രേമികള്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംവാദങ്ങളിലും വില്യം ഡാല്‍റിംപിള്‍ പങ്കെടുക്കുന്നുണ്ട്. 2020 ജനുവരി 2, 3 തീയതികളില്‍ യഥാക്രമം തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയിലും എറണാകുളം സെന്റ് തേരേസാസ് കോളേജിലും നടക്കുന്ന പുസ്തകപ്രകാശനത്തിലും സംവാദത്തിലും അദ്ദേഹം പങ്കെടുക്കും.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.