പൗലോ കൊയ്‌ലോയുടെ പുതിയ നോവല്‍ ‘ഹിപ്പി’ മലയാളത്തില്‍
ലോകമെമ്പാടുമുള്ള വായനക്കാരുടെ ആരാധനാകഥാപാത്രവും ബ്രസീലിയന്‍ സാഹിത്യകാരനുമായ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പി മലയാളത്തില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പാണ് മലയാളം പതിപ്പ് ഇറങ്ങുന്നത്.
ഇക്കാലയളവില്‍ പുറത്തിറങ്ങിയ പൗലോ കൊയ്‌ലോയുടെ മറ്റെല്ലാ കൃതികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹിപ്പിയുടെ പശ്ചാത്തലം. എഴുത്തുകാരനാകുന്നതിന് മുമ്പ് പൗലോ കൊയ്‌ലോ നയിച്ച ഹിപ്പി ജീവിതത്തില്‍ നിന്നും സ്വാംശീകരിച്ചെടുത്തതാണ് ഈ നോവലിന്റെ കഥാതന്തു. തന്റെ ആത്മകഥാംശം പേറുന്ന നോവലിലൂടെ പൗലോ കൊയ്‌ലോ നമ്മെ എത്തിക്കുന്നത് നിലവിലുണ്ടായിരുന്ന പാശ്ചാത്യ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച, സമാധാനത്തിനും ശാന്തിക്കുമായി ദാഹിച്ച യുവാക്കളുടെ ഒരു കാലഘട്ടത്തിലേയ്ക്കാണ്. ബൂര്‍ഷ്വാ ജീവിതത്തിന്റെ ദ്വിമുഖങ്ങളെയും ഭോഗപരതയിലേക്ക് നീങ്ങുന്ന സാമൂഹ്യ വ്യവസ്ഥയെയും ശീതയുദ്ധത്തിന്റെ മുതലാളിത്ത മുഖത്തിനെയും സ്വേഛാധിപത്യപരവും യാഥാസ്ഥിക മനോഭാവവും പേറുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മുന്‍പോട്ട് വെച്ച ആശയങ്ങളെയും ഒരേപോലെ എതിര്‍ത്ത ആ യുവാക്കളുടെ പാതയില്‍ സഞ്ചരിച്ച ജീവിതാനുഭവങ്ങളാണ് നോവലിസ്റ്റ് ഹിപ്പിയില്‍ പറയുന്നത്.
“1970-ല്‍ പൗലോ ഡാം സ്‌ക്വയറിലേക്കുള്ള തന്റെ യാത്രയുടെ ആദ്യ ദിനത്തില്‍തന്നെ കാര്‍ലയെന്ന യുവതിയെ പരിചയപ്പെട്ടു. ഡച്ചുകാരിയായ ആ യുവതി എഴുപത് ഡോളറിന് നേപ്പാളിലേക്ക് ബസ് യാത്ര നടത്താന്‍ ഒരു പങ്കാളിയെ തിരയുകയായിരുന്നു. ‘മാന്ത്രിക’ ബസിലെ യാത്രകള്‍ക്കിയയില്‍ അവര്‍ക്ക് പലതരം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. കൂടാതെ ആസ്ട്രിയയക്കുള്ള വഴിമദ്ധ്യേ നിയോ-നാസി ഗ്രൂപ്പിന്റെ ആക്രമണവും. ‘മാന്ത്രിക ബസി’ലെ യാത്ര അവിസ്മരണീയമായിരുന്നു. വ്യത്യസ്തരായ യാത്രികര്‍ക്ക് പങ്കുവെയ്ക്കാനുണ്ടായിരുന്നത് പുതുമയാര്‍ന്ന അനുഭവങ്ങളായിരുന്നു. ബസിന്റെ ഡ്രൈവര്‍മാരിലൊരാള്‍ക്ക് പറയാനുണ്ടായിരുന്നത് എല്ലാവിധ പ്രതിബന്ധങ്ങളെയും നേരിട്ട് ആഫ്രിക്കയിലെ ദരിദ്ര ജനതയ്ക്ക് ഒരു കാറില്‍ വൈദ്യസഹായം എത്തിച്ചതിനെക്കുറിച്ചായിരുന്നു. മറ്റൊരു യാത്രക്കാരനാകട്ടെ പ്രശസ്തമായ ഒരു ഫ്രഞ്ച് മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മകളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മകളാകട്ടെ 1968-ലെ പാരിസ് പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത മാവോയിസ്റ്റ് പ്രവര്‍ത്തകയും. അങ്ങനെ വ്യത്യസ്തമായ മൂല്യങ്ങളുടെ ആശയവും ജീവിതപരിസരവും പേറിയിരുന്ന യാത്രികര്‍ വലിയൊരു പരിവര്‍ത്തനത്തിന് അവരറിയാതോതന്നെ വിധേയരായി. തങ്ങളുടെ മുന്‍ഗണനകളെയും മൂല്യങ്ങളെയും അവര്‍ പുന:നിര്‍വ്വചിച്ചു. പൗലോയും കാര്‍ലയും മനസ്സുകൊണ്ട് അടുത്തു. പ്രണയബദ്ധരായ അവര്‍ തങ്ങളുടെ സത്വാന്വേഷണം തുടര്‍ന്നു.”
തന്റെ ജീവിതത്തെ മാറ്റിമറിച്ച ആ യാത്രയുടെ കഥയാണ് ഇരുപതാമത്തെ പുസ്തകമായ ഹിപ്പിയിലൂടെ പൗലോ കൊയ്‌ലോ പങ്കുവെയ്ക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഹിപ്പിയുടെ മലയാളം പതിപ്പ് ഉടന്‍ വായനക്കാരിലെത്തും.
Comments are closed.