DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോയുടെ പുതിയ നോവല്‍ ഹിപ്പിയുടെ മലയാളം പരിഭാഷ ഇന്ന് പുറത്തിറങ്ങും

വിഖ്യാത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലായ ഹിപ്പിയുടെ മലയാളം പരിഭാഷ ഡി.സി ബുക്‌സ് ഇന്ന് പ്രസിദ്ധീകരിക്കുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനരൂപം പുറത്തിറങ്ങുന്നതിന് മുമ്പാണ് മലയാളം പരിഭാഷ ഡി.സി ബുക്‌സ് വായനക്കാരിലെക്കെത്തിക്കുന്നത്.

ഇക്കാലയളവില്‍ പുറത്തിറങ്ങിയ പൗലോ കൊയ്‌ലോയുടെ മറ്റെല്ലാ കൃതികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹിപ്പിയുടെ പശ്ചാത്തലം. എഴുത്തുകാരനാകുന്നതിന് മുമ്പ് പൗലോ കൊയ്‌ലോ നയിച്ച ഹിപ്പി ജീവിതത്തില്‍ നിന്നും സ്വാംശീകരിച്ചെടുത്തതാണ് ഈ നോവലിന്റെ കഥാതന്തു. തന്റെ ആത്മകഥാംശം പേറുന്ന നോവലിലൂടെ പൗലോ കൊയ്‌ലോ നമ്മെ എത്തിക്കുന്നത് നിലവിലുണ്ടായിരുന്ന പാശ്ചാത്യ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച, സമാധാനത്തിനും ശാന്തിക്കുമായി ദാഹിച്ച യുവാക്കളുടെ ഒരു കാലഘട്ടത്തിലേയ്ക്കാണ്.

ബൂര്‍ഷ്വാ ജീവിതത്തിന്റെ ദ്വിമുഖങ്ങളെയും ഭോഗപരതയിലേക്ക് നീങ്ങുന്ന സാമൂഹ്യ വ്യവസ്ഥയെയും ശീതയുദ്ധത്തിന്റെ മുതലാളിത്ത മുഖത്തിനെയും സ്വേഛാധിപത്യപരവും യാഥാസ്ഥിക മനോഭാവവും പേറുന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ മുന്‍പോട്ട് വെച്ച ആശയങ്ങളെയും ഒരേപോലെ എതിര്‍ത്ത ആ യുവാക്കളുടെ പാതയില്‍ സഞ്ചരിച്ച ജീവിതാനുഭവങ്ങളാണ് തന്റെ ഇരുപതാമത്തെ പുസ്തകമായ ഹിപ്പിയിലൂടെ പൗലോ കൊയ്‌ലോ പങ്കുവെയ്ക്കുന്നത്.

നാളിതു വരെ, ജീവിച്ചിരിക്കുന്ന ഒരു എഴുത്തുകാരനും പൗലോ കൊയ്‌ലോയെപ്പോലെ പ്രായത്തിനും ഭാഷയ്ക്കും കാലത്തിനും അതീതമായ ഒരു സ്വീകാര്യത ലഭിച്ചിട്ടുണ്ടാവില്ല. ഏറെ മലയാളി ആരാധകരുള്ള പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലായ ഹിപ്പിയും അതിനാല്‍ത്തന്നെ വായനക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഹിപ്പിയുടെ കോപ്പികള്‍ എല്ലാ ഡി.സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളിലും ലഭ്യമാകുന്നതായിരിക്കും. നോവല്‍ മുന്‍കൂര്‍ ലഭിക്കാനുള്ള അവസരവും ഡി.സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Comments are closed.