DCBOOKS
Malayalam News Literature Website

ഹിന്ദുത്വം കേരളത്തില്‍: ഡോ. ടി. എസ്. ശ്യാംകുമാര്‍

ജൂലൈ ലക്കം പച്ചക്കുതിരയില്‍

നവോത്ഥാന കേരളം, പുരോഗമന കേരളം തുടങ്ങിയ ആശയങ്ങള്‍ പലവിധത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നു എന്നാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവളര്‍ച്ച സാക്ഷ്യപ്പെടുത്തുന്നത്. കൃത്യമായ പദ്ധതികളിലൂടെ സവര്‍ണ ബ്രാഹ്മണ്യാഖ്യാനങ്ങളെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യം സമ്പൂര്‍ണമായി തകരുന്നതിന് സാക്ഷിയാകേണ്ടി വരും. എല്ലാ രംഗങ്ങളിലും നിലനില്‍ക്കുന്ന സവര്‍ണാധികാര കേന്ദ്രീകരണം ഹിന്ദുത്വത്തെ വളര്‍ത്താന്‍മാത്രമേ ഇടവരുത്തൂ. ഇതു തടയാന്‍ പ്രാതിനിധ്യ ജനാധിപത്യം സ്ഥാപിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. സാമുദായിക സെന്‍സസ് അതിന്റെ മുന്നോടിയാണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഹിന്ദുത്വ കക്ഷികള്‍ക്ക് ലഭിച്ച വര്‍ദ്ധിച്ച വോട്ട് പങ്കാളിത്തവും അധികാരാരോഹണവും പലവിധത്തിലുള്ള പുനര്‍ വിചിന്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വ ബ്രാഹ്മണ്യത്തിന് കേരളത്തില്‍ ലഭിച്ച പാര്‍ലമെന്റ് സീറ്റിലേക്കുള്ള വിജയം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. കാലങ്ങളായുള്ള ഹിന്ദുത്വരുടെ പ്രവര്‍ത്തനങ്ങളുടെ Pachakuthira Digital Editionഅനന്തരഫലമായിട്ടുകൂടിയാണ് രാഷ്ട്രീയബ്രാഹ്മണ്യത്തിന് ലഭിച്ച വര്‍ദ്ധിച്ച വോട്ട് പങ്കാളിത്തവും അവരുടെ വിജയവും.

കേരളത്തില്‍ ഹിന്ദുത്വം വളര്‍ന്നതെങ്ങനെ?

എന്താണ് ഹിന്ദുത്വം എന്ന് നിര്‍വചിച്ച് മനസ്സിലാക്കിയാല്‍മാത്രമേ അത് കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെങ്ങനെയെന്ന് അറിയാന്‍ കഴിയൂ. ശ്രേണീകൃതമായ അസമത്വമാണ് ബ്രാഹ്മണ്യമെന്ന് ഡോ. ബി. ആര്‍. അംബേദ്കര്‍ സിദ്ധാന്തിക്കുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കെതിരായ മേല്‍ക്കീഴ് ചിന്താപദ്ധതിയാണ് ബ്രാഹ്മണ്യമെന്നും ഡോ. ബി.ആര്‍. അംബേദ്കര്‍ നിര്‍വചിക്കുന്നു. ഡോ. അംബേദ്കര്‍ വിവരിച്ചതുപോലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളെ സമഗ്രമായി ഗ്രസിച്ചിട്ടുള്ള ഹിംസാത്മക അസമത്വ ബ്രാഹ്മണ്യത്തെ ഹിന്ദുത്വം എന്നു വിളിക്കാം. ഹിന്ദുത്വം ഗ്രസിച്ച സമൂഹത്തെ തിരിച്ചറിയാനുള്ള മൂന്ന് മാനദണ്ഡങ്ങള്‍ അംബേദ്കര്‍ വിവരിച്ചിട്ടുണ്ട്. അത്തരമൊരു സമൂഹത്തില്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനില്‍ക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളീയ സമൂഹത്തിലെ സവര്‍ണവിഭാഗങ്ങളുടെ അമിതാധികാര കുത്തകയും ഭൂസ്വത്തുക്കളുടെയും വിഭവങ്ങളുടെയും മുകളിലുള്ള സവര്‍ണാധിപത്യവും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ പൊതുവിഭവങ്ങളുടെ അസമമായ വിതരണവും അസമത്വവ്യവസ്ഥയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്കുകളും സ്ത്രീകള്‍ നേരിടുന്ന അസ്വാതന്ത്ര്യങ്ങളും ജാതിക്കകത്തുള്ള വിവാഹക്രമങ്ങളും അസ്വതന്ത്രമായ സമൂഹത്തിന്റെ കൃത്യമായ സൂചനയാണ്. കേരളീയസമൂഹത്തില്‍ ദലിതരോടും ആദിവാസികളോടുമുള്ള വെറുപ്പും പുറന്തള്ളലും, മുസ്ലിം ജനവിഭാഗങ്ങളോടുള്ള ഭയം നിറഞ്ഞ വെറുപ്പും സാഹോദര്യത്തിന്റെ അഭാവത്തെയാണ് ഉദാഹരിക്കുന്നത്. സത്യത്തില്‍, അസ്വാതന്ത്ര്യവും അസമത്വവും സാഹോദര്യമില്ലായ്മയുമാണ് ഹിന്ദുത്വബ്രാഹ്മണ്യത്തിന്റെ വളര്‍ച്ചയുടെ ആധാരം.

പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

Comments are closed.