DCBOOKS
Malayalam News Literature Website

‘ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം’

ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തു വരുന്ന കാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമല്ല. ജീവിതരീതിയിലും ഭക്ഷണത്തിലും സ്വഭാവത്തിലും വ്യതിരിക്തത നിലനിര്‍ത്തുന്ന ഈ സംസ്‌കാരത്തെ അതിന്റെ സത്ത ചോരാതെ, കലര്‍പ്പ് ചേരാതെ ലോകജനതയ്ക്കു മുന്‍പില്‍ അവതരിപ്പിച്ച ഒട്ടനവധി മഹാനുഭാവന്മാരായ വ്യക്തികളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ്. ഇവരില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഒരാളായിരുന്നു സ്വാമി രാമ. ഹിമാലയത്തിലെ ഗുരുക്കന്‍മാരൊടൊപ്പം എന്ന ഒറ്റ കൃതികൊണ്ടുതന്നെ ലോകജനതയെ ഈ വിസ്മയ സാമ്രാജ്യത്തിലേക്ക് ആകര്‍ഷിച്ച വ്യക്തിയാണ് അദ്ദേഹം.

നന്നേ ചെറുപ്പത്തില്‍ത്തന്നെ ഹിമാലയത്തിലേക്ക് എത്തിച്ച് വാത്സല്യപൂര്‍വ്വം ഹിമാലയ സന്ന്യാസ പാരമ്പര്യത്തില്‍ വളര്‍ത്തിയ ബംഗാളി ബാബയുടൊപ്പമുള്ള ജീവിതമാണ് ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം എന്ന കൃതിയുടെ പശ്ചാത്തലം. ആത്മീയപുസ്തകങ്ങള്‍ , പ്രത്യേകിച്ചും ആത്മകഥാപരമായവ നമുക്ക് എത്താവുന്നതിനപ്പുറമാണ് എന്ന തോന്നലാണ് നല്‍കുക. എന്നാല്‍ ‘ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം’ എന്ന സ്വാമി രാമയുടെ പുസ്തകം നാമാരാണെന്നും സന്തോഷത്തോടെ ഇരിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും നാമെന്തുചെയ്യണമെന്ന കാണിച്ചുതരുന്നു. ആത്മീയാര്‍ഥത്തില്‍ ഗോപ്യവും നിഗൂഢവുമായ നമ്മുടെതന്നെ ജീവിതത്തെയും ഒപ്പം ഹിമാലയത്തിലെയും ഇന്ത്യയുടെ വിദൂരഭാഗങ്ങളിലെയും നേപ്പാള്‍, ടിബറ്റ്, സിക്കിം ഭൂട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സന്യാസി മഠങ്ങളെയും നമുക്ക് പരിചയപ്പെടുത്തുന്നു.

ഒട്ടേറെ അപൂര്‍വതകളും അത്ഭുതങ്ങളും നിറഞ്ഞ ഗ്രന്ഥത്തിന്റെ തുടര്‍ച്ചയാണ് ഈ ജീവചരിത്രം.ദേവതാത്മായ ഹിമാലയത്തില്‍ ഒരു മനുഷ്യായുസ്സ് മുഴുവനും ചെലവഴിക്കാനായ സ്വാമി രാമയുടെ ഈ അനുഭവക്കുറിപ്പുകള്‍ സാധാരണക്കാര്‍ക്കും ആധ്യാത്മികാന്വേഷകര്‍ക്കും സാധകര്‍ക്കും ഒരുപോലെ അത്ഭുതം ജനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

‘ഇത് എന്റെ ജീവിതമല്ല. ഹിമാലയത്തിലെ ഗുരുക്കന്‍മാരില്‍ നിന്നും എന്റെ ഏറ്റവും പ്രിയപെട്ട ഗുരുദേവനായ ബംഗാളിബാബയില്‍ നിന്നും എനിക്ക് വരദാനമായി ലഭിച്ച അനുഭവങ്ങളാണ്.'( സ്വാമി രാമ)

മൂലകൃതിയുടെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ പരിഭാഷ നിര്‍വ്വഹിച്ചത് രമാമേനോനാണ്.

 

Comments are closed.