ബാല്യകാലത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സിപ്പി പള്ളിപ്പുറം
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സാഹിത്യവഴിയിലേക്ക് തന്നെ കൊണ്ടെത്തിച്ച ബാല്യകാലത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നു…പുനഃപ്രസിദ്ധീകരിക്കുന്നത്
വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!
വൈപ്പിന്‍കരയിലെ പെരുമ്പിള്ളി എന്ന സ്ഥലത്തായിരുന്നു അമ്മൂമ്മയുടെ വീട്. അവിടെനിന്നും ബോട്ടില്‍കയറി രണ്ടു മാസത്തിലൊരിക്കല്‍ അമ്മൂമ്മ ഞങ്ങളെ കാണാന്‍ പള്ളിപ്പുറത്തു വരുമായിരുന്നു. അമ്മൂമ്മ വന്നാല്‍ വീട്ടിലാകെ ഒരു പൂരം വന്ന പ്രതീതിയാണ്! ചിരിയുടെ ഗുണ്ടുകളും മാലപ്പടക്കങ്ങളും പൊട്ടിക്കുന്നതില്‍ അമ്മൂമ്മ വളരെ സമര്‍ത്ഥയായിരുന്നു.
അമ്മൂമ്മയുടെ ചുണ്ടില്‍ അനേകം നാടന്‍പാട്ടുകളും വായ്ത്താരികളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും സൂക്ഷിച്ചുവച്ചിരുന്നു. ഞങ്ങളുടെ മുന്നിലെത്തിയാല്‍ അമ്മൂമ്മ നാടോടിസാഹിത്യത്തിന്റെ ആ കിലുക്കാംചെപ്പ് തുറന്നു നല്ലവണ്ണം രസിപ്പിക്കും.
‘ഇല്ല്യേപ്പോണതാര്?
കുഞ്ഞൂഞ്ഞമ്മേടമ്മ.
കൂടെപ്പോണതാര്?
വേലക്കാരന്‍ പാപ്പി.
എന്തുടുത്തു പോണ്?
പട്ടുടുത്തു പോണ്.
പട്ടിന്ററ്റത്തെന്ത്?
കാക്കപ്പൊന്നും നൂലും
ആര്‍ക്കണിയാന്‍ പൊന്ന്?
ആര്‍ക്കറിയാം പെണ്ണേ!’
അമ്മൂമ്മയുടെ ഈണത്തിലുള്ള പാട്ടുകള്‍ ഞങ്ങള്‍ വായും പിളര്‍ന്ന് കേട്ടിരിക്കും. ഇത്തരം വായ്ത്താരികളും നാടന്‍പാട്ടുകളും എന്നെ കൂടുതലായി ആകര്‍ഷിച്ചു.
പറക്കും കുതിരയുടെ പുറത്തുകേറി മന്ത്രക്കോട്ടയിലെത്തി മാണിക്യക്കല്ല് കൈക്കലാക്കുന്ന രാജകുമാരന്റെ കഥയും അപ്പം നട്ടുമുളപ്പിച്ച് അപ്പമരമുണ്ടാക്കിയ ഉണ്ണിച്ചന്തുവിന്റെ കഥയും ഏഴാങ്ങളമാരും കുഞ്ഞിപ്പെങ്ങളും ചേര്‍ന്നു രാക്ഷസനെ ഭരണിയിലടച്ച കഥയുമൊക്കെ അമ്മൂമ്മ പറഞ്ഞുതന്നത് ഇന്നും നന്നായി ഓര്‍മ്മയുണ്ട്.
ഈ നാടോടി സാഹിത്യത്തിന്റെ സ്വാധീനമാണ് എന്നില്‍ ബാലസാഹിത്യത്തിന്റെ വിത്തുകള്‍ മുളപ്പിച്ചത്. വായ്ത്താരികളുടെയും നാടന്‍പാട്ടുകളുടെയും വ്യത്യസ്തമായ ഈണവും താളവും അറിയാതെതന്നെ എന്നില്‍ കവിതയുണര്‍ത്തി.
ഈ സന്ദര്‍ഭത്തിലാണു ഞാന്‍ ആദ്യമായി ഒരു കവിത എഴുതിയത്. അന്ന് ആറാംക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഞങ്ങളുടെ നാട്ടിലെ യുവാക്കള്‍ ചേര്‍ന്നു പ്രസിദ്ധപ്പെടുത്തിയ ‘കലാരത്‌നം’ കൈയെഴുത്തുമാസികയില്‍ ആ കവിത ചേര്‍ത്തുവന്നപ്പോഴുണ്ടായ ആനന്ദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ‘അണ്ണാറക്കണ്ണനെ’ ക്കുറിച്ചുള്ള ഒരു കൊച്ചുകവിതയായിരുന്നു അത്:
‘മാവിന്‍ കൊമ്പില്‍ക്കേറി നടക്കും
അണ്ണാറക്കണ്ണാ,
തത്തിതത്തിച്ചാടി രസിക്കും
അണ്ണാറക്കണ്ണാ,
വാലുകുലുക്കിക്കോലം തുള്ളും
അണ്ണാറക്കണ്ണാ,
മുതുകത്തിങ്ങനെ
ആരു വരച്ചു
ചേലില്‍ മൂന്നു വര?’
ക്ലാസ്സുമുറിയിലിരിക്കുമ്പോള്‍ തൊട്ടടുത്തുള്ള നാട്ടുമാവിന്റെ കൊമ്പില്‍ ചാടിക്കളിച്ചിരുന്ന അണ്ണാറക്കണ്ണനെ കണ്ടിട്ടാണു ഞാനിങ്ങനെ ഒരു കൊച്ചുകവിത കുത്തിക്കുറിച്ചത്. എന്റെ സഹപാഠിയായ വിജയന്‍ ഈ വിവരം ഹെഡ്മാസ്റ്ററോടു പറഞ്ഞു: ”സാര്‍, ഇവന്‍ ഒരു കവിത എഴുതിയിട്ടുണ്ട്.”
ഹെഡ്മാസ്റ്റര്‍ ഉടനെ ആ കവിത വാങ്ങി വായിച്ചുനോക്കുകയും ഇനിയും എഴുതണമെന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എട്ടാംക്ലാസ്സു മുതല്‍ ഞാന്‍ സ്‌കൂളിലെ കൈയെഴുത്തു മാസികയുടെ പ്രധാന ശില്പികളില്‍ ഒരാളായിരുന്നു. ഒമ്പതാം ക്ലാസ്സില്‍വച്ചു ഞാനും എന്റെ സുഹൃത്തു പി.കെ. ഗോപിയും കൂടി ‘സ്‌കൂള്‍ ടൈംസ്’ എന്ന പേരില്‍ ഒരു കൈയെഴുത്തു ദിനപത്രം നടത്തിയിരുന്നു. സാധാരണ പരീക്ഷാപേപ്പറിന്റെ വലിപ്പത്തില്‍ നാലു പേജുള്ള പത്രം ദിവസവും ഞങ്ങള്‍ ‘ഇന്ത്യനിങ്ക്’ ഉപയോഗിച്ച് എഴുതിയുണ്ടാക്കുകയായിരുന്നു. ഓരോ ക്ലാസ്സിലും ഓരോ സ്വന്തം ലേഖകന്മാരുണ്ടായിരുന്നു. ഈ സ്വന്തം ലേഖകന്മാര്‍ സമ്പാദിച്ചുതരുന്ന വാര്‍ത്തകളായിരുന്നു പത്രത്തില്‍ ചേര്‍ത്തിരുന്നത്. ഒരിക്കല്‍ ഞങ്ങളുടെ സീനിയര്‍ അദ്ധ്യാപകനായ സുരേന്ദ്രന്‍ മാസ്റ്റര്‍ ഒരു കുട്ടിയെ തമാശയ്ക്കു ‘മുതലമൂക്കന്‍’ എന്നു വിളിച്ചു. രസകരമായ ഈ വാര്‍ത്ത ഞങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അതോടെ ഹെഡ്മാസ്റ്റര്‍ പത്രം കണ്ടു കെട്ടുകയും നിരോധിക്കുകയും ചെയ്തു.
എങ്ങനെയായാലും ഇതെല്ലാം എന്റെ സാഹിത്യവളര്‍ച്ചയിലെ ഏണിപ്പടികളായിരുന്നു. സാഹിത്യസമാജങ്ങളും കൈയെഴുത്തു മാസികകളുമൊക്കെ കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ വളര്‍ച്ചയില്‍ വലിയ പങ്കാണു വഹിക്കുന്നത്.
ഞാന്‍ ആദ്യമായി ഒരു കഥയെഴുതിയത് എട്ടാംക്ലാസ്സില്‍ വെച്ചായിരുന്നു. അതൊരു കുട്ടിക്കഥയായിരുന്നില്ല. തികച്ചും എന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥ.
ഒരു മത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഞാന്‍ ആ കഥാശില്പം മെനഞ്ഞെടുത്തത്. മത്സരം തുടങ്ങേണ്ട സമയമായി. കഥാമത്സരത്തില്‍ പങ്കേടുക്കേണ്ട കുട്ടികളെല്ലാം ഹാളില്‍ കടന്നിരുന്നു. താമസിയാതെ ഒരദ്ധ്യാപകന്‍ വന്ന് കഥയെഴുതേണ്ട വിഷയം ബോര്‍ഡില്‍ കുറിച്ചിട്ടു. വിഷയം കിട്ടിയതോടെ പലരും കഥയെഴുതാന്‍ തുടങ്ങി.
‘എന്താണ് എഴുതേണ്ടത്? എങ്ങനെയാണ് എഴുതേണ്ടത്? എവിടെനിന്നാണു കഥ തുടങ്ങേണ്ടത്? പ്രധാന കഥാപാത്രത്തിന് എന്തു പേരിടണം?’ – ഞാന്‍ അല്പനേരമങ്ങനെ ചിന്തിച്ചിരുന്നു.
കേശവദേവിന്റെയും തകഴിയുടെയും ബഷീറിന്റെയും കാരൂരിന്റെയും പൊന്‍കുന്നം വര്‍ക്കിയുടെയും മറ്റും കുറെ കഥകള്‍ വായിച്ച അനുഭവം മനസ്സിലുണ്ട്. എങ്കിലും കഥയെഴുതി പരിചയമില്ല. ആദ്യമായി ഒരു കഥാരചനാമത്സരത്തില്‍ പങ്കെടുക്കുകയാണ്. എന്തുചെയ്യണമെന്ന് എനിക്ക് ഒരു രൂപവും കിട്ടിയില്ല.
കഥാമത്സരം തുടങ്ങാനുള്ള സമയമായി. വൈപ്പിന്‍കരയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ മുപ്പത്തിയഞ്ചു വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അവരെല്ലാം കഥയെഴുതാന്‍ തയ്യാറായി ഒരു ഹാളില്‍ അവടെവിടെയായി നിരന്നിരിക്കുകയാണ്.
1958-ല്‍ ചെറായി വിജ്ഞാന വര്‍ദ്ധിനി സഭയുടെ രജത ജൂബിലിയോനുബന്ധിച്ചുള്ള കലാ-സാഹിത്യ മത്സരങ്ങളുടെ തുടക്കമായിരുന്നു അത്. ”ഗ്രാമത്തിലെ ഒരു പാവപ്പെട്ട തൊഴിലാളിയുടെ യാതനകളും വേദനകളും ചിത്രീകരിക്കുന്ന കഥ” എഴുതണമെന്നാണ് മത്സരത്തിന്റെ ജഡ്ജിമാര്‍ നിര്‍ദ്ദേശിച്ചത്.
അരമണിക്കൂറോളം തലപുകഞ്ഞാലോലിച്ചിട്ടും നല്ലൊരു കഥാതന്തു മനസ്സില്‍ രൂപപ്പെട്ടുവന്നില്ല. പെട്ടെന്നാണ് എനിക്കൊതു തോന്നലുണ്ടായത്. ”കയര്‍തൊഴിലാളിയായ സ്വന്തം അപ്പനെ കഥാപാത്രമാക്കി ഒരു കഥയെഴുതിയാലോ?” – പിന്നെ അധികമൊന്നും ചിന്തിച്ചുനിന്നില്ല. ഞാന്‍ കഥയെഴുതാന്‍ തുടങ്ങി:
”പാതിരാക്കോഴികള്‍ കൂവി. എവിടെയോ പുള്ളുകള്‍ ചിലയ്ക്കുന്നു! അകലെനിന്നു കൂട്ടുജോലിക്കാരുടെ ‘ഹോയ്… ഹോയ്…’ എന്നുള്ള വിളി ഉയര്‍ന്നു പൊങ്ങി. അതുകേട്ട് അന്തപ്പന്‍ മാപ്പിള ഉണര്‍ന്നു. നെഞ്ചിനും നടുവിനും നല്ല വേദന! എങ്കിലും അയാള്‍ ഇഴഞ്ഞു പിടഞ്ഞെഴുന്നേറ്റു. അതോടെ നിലയ്ക്കാത്ത ചുമയും തുടങ്ങി. അതൊന്നും വകവയ്ക്കാതെ കൈയില്‍ ഒരു മണ്ണെണ്ണ വിളക്കുമായി അയാള്‍ തപ്പിത്തടഞ്ഞു നാരായണ ഷേണായിയുടെ റാട്ടുരയിലേക്കു നീങ്ങി…”
ഏകദേശം ഇങ്ങനെ ഒരു രൂപത്തിലാണ് ഞാന്‍ കഥയെഴുതാന്‍ തുടങ്ങിയത്. എന്റെ തൊട്ടടുത്തിരിക്കുന്ന കുട്ടികളെല്ലാം വളരെ ആവേശത്തോടെ കഥയെഴുതുന്നതു ഞാന്‍ കണ്ടു. അക്കാലത്തുതന്നെ സിനിമാമാസികയിലും മറ്റു കഥകളെഴുതി പ്രസിദ്ധീകരിച്ചുവന്ന ‘ജയന്‍ അയ്യമ്പിള്ളി’ യും മറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെയൊക്കെ എങ്ങനെ തോല്പിക്കാനാണ്?
എങ്കിലും ഒരു കയര്‍തൊഴിലാളി അനുഭവിക്കുന്ന വേദനകളും യാതനകളുമെല്ലാം എനിക്കു നന്നായി അറിയാമായിരുന്നു. വെളുപ്പിനു നാലുമണി മുതല്‍ വൈകുന്നേരം നാലുമണിവരെ പണിയെടുത്താല്‍ അക്കാലത്തു രണ്ടോ രണ്ടരയോ രൂപയാണ് ഒരു തൊഴിലാളിക്കു കൂലിയായി കിട്ടുക. തുച്ഛമായ ആ സംഖ്യകൊണ്ടു രണ്ടുനേരത്തെ കഞ്ഞിയുടെ കാര്യംതന്നെ കഷ്ടിച്ചേ നടക്കൂ. മാത്രമല്ല, ഈ ജോലി തന്നെ പലപ്പോഴും ഉണ്ടായെന്നും വരില്ല. അപ്പോഴൊക്കെ പാവപ്പെട്ട കയര്‍ത്തൊഴിലാളികളുടെ കുടുംബം പട്ടിണികൊണ്ടു വല്ലാതെ വീര്‍പ്പുമുട്ടും.
ഇതെല്ലാം നേരില്‍ കണ്ടുംകേട്ടും അനുഭവിച്ചും വളര്‍ന്ന എനിക്ക് അത്തരം രംഗങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായിത്തന്നെ കഥയില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞു.
രണ്ടുമണിക്കൂറായിരുന്നു കഥാരചനയുടെ സമയം. ഇതിനിടയില്‍ മനസ്സില്‍ ഊറിവന്ന അനുഭവങ്ങളെല്ലാം ചേര്‍ത്തു ഞാന്‍ കഥയെഴുതി അവസാനിപ്പിച്ചു. കഥയുടെ അവസാനം അന്തപ്പന്‍ മാപ്പിള ചകിരിക്കൂമ്പാരത്തിനടിയില്‍ മരിച്ചുകിടക്കുന്നതായിട്ടാണു ഞാന്‍ ചിത്രീകരിച്ചത്. ജീവിച്ചിരിക്കുന്ന സ്വന്തം പിതാവു മരിച്ചുകിടക്കുന്നതായി എഴുതിച്ചേര്‍ത്തപ്പോള്‍ എന്റെ മനസ്സു വല്ലാതെ വേദനിച്ചു. എങ്കിലും ഞാനങ്ങനെ എഴുതിയതില്‍ ഒട്ടും തെറ്റുണ്ടായിരുന്നില്ല. ‘ജീവിച്ചിടുന്നു മൃതിയില്‍’ എന്ന അവസ്ഥയിലായിരുന്നു അന്നു കയര്‍ത്തൊഴിലാളികള്‍ ജീവിച്ചിരുന്നത്.
എഴുതിത്തീര്‍ന്ന കഥ ഞാന്‍ രണ്ടുവട്ടം വായിച്ചു. അതിനുശേഷം കഥയ്ക്ക് ‘അന്തപ്പന്‍ മാപ്പിള’ എന്ന പേരും കൊടുത്തു.
കഥാരചനയ്ക്കു പുറമെ ഞാന്‍ കവിതാരചന, പൊതുവിജ്ഞാനം തുടങ്ങിയ ഇനങ്ങളിലും മത്സരിച്ചിരുന്നു.
ഒരാഴ്ച കഴിഞ്ഞു വിജയഫലം പുറത്തുവന്നപ്പോള്‍ ചെറുകഥയ്ക്കും പൊതുവിജ്ഞാനത്തിലും ഒന്നാംസ്ഥാനം എനിക്കായിരുന്നു. കവിതാ രചനയ്ക്കു രണ്ടാസംഥാനവും ലഭിച്ചു.
ജൂബിലിയുടെ സമാപനസമ്മേളനത്തില്‍ വച്ച് അന്നത്തെ നിയമവകുപ്പുമന്ത്രിയായ വി.ആര്‍. കൃഷ്ണയ്യരാണു സമ്മാനദാനം നിര്‍വ്വഹിച്ചത്. വളരെ വിലപിടിപ്പുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമാണു സമ്മാനമായി കിട്ടിയത്. കൈനിറയെ സമ്മാനങ്ങളുമായി ഗൗരീശ്വരക്ഷേത്ര മൈതാനിയിലെ ആലിന്‍ചുവട്ടില്‍ നിന്ന എന്നെ എന്റെ അദ്ധ്യാപകരും സുഹൃത്തുക്കളും മാറിമാറി വന്ന് അഭിനന്ദിച്ചതു ഞാനിന്നും നന്നായി ഓര്‍മ്മിക്കുന്നു. അന്നു കിട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു കേടുപാടും കൂടാതെ ഇപ്പോഴും എന്റെ പക്കലുണ്ട്.
സിപ്പി പള്ളിപ്പുറം
സിപ്പി പള്ളിപ്പുറത്തിന്‍റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്തു.
Comments are closed.