‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന താരമായിരുന്നു. അച്ചന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു ഈ ഫുട്‌ബോള്‍ ഭ്രമം. ഗോള്‍മുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍, റെനെ ഹിഗ്വിറ്റയുടെ പേരാണ് ഈ കഥയ്ക്ക്. ഗീവര്‍ഗീസച്ചന്‍, കഥയില്‍ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. കാണികള്‍ തിങ്ങിനിറഞ്ഞ ഒരു മൈതാനത്ത് വര്‍ദ്ധിതവീര്യത്തോടെ കളിക്കുന്ന ഒരു കളിക്കാരന്റെ മട്ടോടെയാണ് ഗീവറുഗീസ് അച്ചന്‍ വായനക്കാരന് മുന്നില്‍ തെളിയുന്നത്.
പ്രാര്‍ത്ഥനയിലൂടെയും ഉപദേശങ്ങളിലൂടെയും വിശ്വാസികളെ നന്മയുടെ പാതയിലേക്ക് നയിക്കുക എന്നതാണ് പുരോഹിതധര്‍മ്മം. എന്നാല്‍ ഉള്ളില്‍ തിളയ്ക്കുന്ന ഫുട്‌ബോള്‍ വീര്യം ധര്‍മ്മവ്യതിയാനത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്‍മാറാട്ടത്തിന്റെ, വ്യക്തിത്വ പരിണാമത്തിന്റെ കലാപരമായ ആവിഷ്‌ക്കാരമായതിനാലാണ് ഹിഗ്വിറ്റ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥയായി മാറിയത്.
1993-ലാണ് ഈ കഥ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. എന്‍.എസ് മാധവന്റെ ഏറെ ശ്രദ്ധിക്കപ്പട്ടെ വന്‍മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെന്‍, എന്റെ മകള്‍ ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ എന്നീ കഥകളും ഈ ചെറുകഥാസമാഹാരത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഹിഗ്വിറ്റയുടെ 30-ാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Comments are closed.