DCBOOKS
Malayalam News Literature Website

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

മുന്‍ മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയതായി നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് കേസുകള്‍ തീര്‍പ്പാക്കിയ കോടതി മനപ്പൂര്‍വമുള്ള കൈയേറ്റമല്ല ചാണ്ടി നടത്തിയതെന്നും നിരീക്ഷിച്ചു.

പഞ്ചായത്ത് അംഗം വിനോദും, സിപിഐ നേതാവ് മുകുന്ദനും നല്‍കിയ ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്. അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി കൈയേറിയെന്ന് പറയപ്പെടുന്ന ഭാഗത്ത് വെള്ളം കയറിക്കിടക്കുന്നതിനാല്‍ സര്‍വേ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ആശ്വാസകരമായ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സമയം നിശ്ചയിച്ചതിനാല്‍ അതിനുള്ളില്‍ സര്‍വേ ഉള്‍പ്പെടെയുള്ളവയുമായി റവന്യൂ വകുപ്പിന് മുന്നോട്ടു പോകേണ്ടിവരും.

Comments are closed.