അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ഡി.സി ബുക്‌സും കൈകോര്‍ക്കുന്നു
കോട്ടയം: മതതീവ്രവാദം കൊല ചെയ്ത മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ജന്മഗ്രാമമായ വട്ടവടയില്‍ നിര്‍മ്മിക്കുന്ന വായനശാലക്കായി ഡി.സി ബുക്‌സും ഒത്തൊരുമിക്കുന്നു. വട്ടവട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി ഡി.സി ബുക്‌സ് 1000 പുസ്തകങ്ങള്‍ നല്‍കിയാണ് ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് പുസ്തകങ്ങള്‍ മുതല്‍ പുതുതലമുറ എഴുത്തുകാരുടെ വരെയുള്ള 1000 പുസ്തകങ്ങളാണ് ലൈബ്രറിക്കായി നല്‍കുന്നത്. കഥ, കവിത, ബാലസാഹിത്യം, നോവല്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി പരിശ്രമിക്കുന്ന കേരളത്തിലെ എഴുത്തുകാരെ കൂടി പ്രതിനിധീകരിച്ചു കൊണ്ടാണ് ഡി.സി ബുക്‌സ് ഇത്തരമൊരു പദ്ധതിയില്‍ പങ്കാളികളാകുന്നത്. ജൂലൈ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ഡി.സി ബുക്‌സ് അങ്കണത്തില്‍ വെച്ച് പുസ്തകങ്ങള്‍ സംഘാടകര്‍ക്ക് കൈമാറും.
അഭിമന്യുവിന്റെ ചിരകാലസ്വപ്‌നമായിരുന്നു താന്‍ ജീവിച്ച നാടിന് വേണ്ടി ഒരു ലൈബ്രറി ഒരുക്കുക എന്നത്. വായന പ്രോല്‍സാഹിപ്പിക്കാന്‍ ആനുകാലികങ്ങളും പുസ്തകശേഖരവുമടങ്ങിയ ഒരു വായനശാല, നാട്ടിലെ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി കോച്ചിങ് സെന്റര്‍ ഇതൊക്കെയായിരുന്നു തന്റെ കുടുംബം താമസിക്കുന്ന ഒറ്റമുറി വീട് ശരിയാക്കി എടുക്കുന്നതിനേക്കാള്‍ പ്രധാനമായി അഭിമന്യു കണ്ട ആവശ്യങ്ങള്‍. ഇന്ന് അഭിമന്യുവിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുകയാണ് വട്ടവട ഗ്രാമപഞ്ചായത്ത്. അതിനായി മലയാളത്തിലെ എഴുത്തുകാരും ഡി.സി ബുക്‌സും കൈകോര്‍ക്കുകയാണ്.
Comments are closed.