DCBOOKS
Malayalam News Literature Website

17-ാം തീയതി വരെ ശക്തമായ മഴ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടേയും മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 17-ാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി പെയ്യുന്ന മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് കാരണമാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കേരളാ- ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്- പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും അറബിക്കടലിന്റെ വടക്ക് ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

അതിനിടെ മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ വെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിത്താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയിലെ അവധി ദിവസത്തിന് പകരമായി മറ്റൊരു ശനിയാഴ്ച അധ്യയനം നടത്തണമെന്ന് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Comments are closed.