കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പത്ത് ട്രെയിനുകള്‍ റദ്ദാക്കി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലും ഇടുക്കി ജില്ലയിലും അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധിയായിരിക്കും.
അതസമയം മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നു പോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, കോട്ടയം-എറണാകുളം, എറണാകുളം-കോട്ടയം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നു പോകുന്നത്.
Comments are closed.