DCBOOKS
Malayalam News Literature Website

ഹാരപ്പയും കീഴടിയും: പി.എസ്. നവാസ്

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ആര്യന്‍ കുടിയേറ്റം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് സംഭവിച്ചു എന്ന വാദമുഖം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കുറച്ചു കാലമായി ഇവിടെ സംഭവിക്കുന്നത്. വിശേഷിച്ചും ഹാരപ്പന്‍ നാഗരികതയെ ചുറ്റിപ്പറ്റിയാണ് അവയിലേറേയുമെന്നതാണ് വാസ്തവം. ഹാരപ്പയിലേക്ക് ഇന്ത്യയ്ക്ക് പുറത്തുനിന്നും ആര്യന്‍മാരുടെ ആഗമനം ഉണ്ടായിട്ടില്ല എന്ന് തെളിയിക്കുക മാത്രമല്ല, അതിനുമപ്പുറം സിന്ധുനദീതടത്തെ സരസ്വതിയു മായി ബന്ധിപ്പിച്ച്, അതിലൂടെ ആര്യന്‍മാരെ സ്വദേശി വത്കരിച്ച്, ഗംഗാതടത്തെയും സരസ്വതിയെയും മഹത്ത്വവത്കരിക്കുക എന്നുള്ളതുകൂടിയാണ് അതിന്റെ ഉദ്ദേശം.

“ചുരുക്കത്തിൽ സിന്ധുനദീതട സംസ്കാരം അതിന്റെ പൊതു സവിശേഷതകളിൽ പശ്ചിമേഷ്യയിലെയും ഈജിപ്തിലെയും ചാൽക്കോലിത്തിക്ക് സംസ്കാരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. പക്ഷേ, വേറെ ചില കാര്യങ്ങളിൽ അത് സവിശേഷ സ്വഭാവത്തോടുകൂടിയതുമാണ്. അതായത് സുമേറിയൻ, മെസപ്പൊട്ടേമിയൻ അതുമല്ലെങ്കിൽ നൈൽ താഴ്വരയിലെ ഈജിപ്ഷ്യൻ സംസ്കാരങ്ങളിൽനിന്നും വ്യത്യസ്തമാണ്. അവയിൽ ചിലതു മാത്രമെടുക്കാം. പരുത്തിയുടെ ഉപയോഗം ഇവർക്കുമാത്രം അറിയാവുന്ന Pachakuthira Digital Editionഒന്നായിരുന്നു. രണ്ടോ മൂന്നോ ആയിരം വർഷങ്ങൾക്കുശേഷം മാത്രമാണ് അത് പാശ്ചാത്യലോകത്തേക്ക് എത്തിയത്. ചരിത്രാതീത ഈജിപ്റ്റിലോ മെസപ്പൊട്ടേമിയയിലോ പശ്ചിമേഷ്യയിലെ വേറെ എവിടെയെങ്കിലുമോ മോഹൻജദാരോവിലെ പൗരൻമാർക്കുണ്ടായിരുന്നതുപോലെ നന്നായി നിർമിച്ച വീടുകളും കുളിമുറികളും ഉണ്ടായിരുന്നില്ല. ആ രാജ്യങ്ങളിൽ ദേവൻമാർക്ക് മഹത്തായ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിതന്നെ. രാജാക്കൻമാരുടെ കൊട്ടാരങ്ങൾക്കും ശവകുടീരങ്ങൾക്കുമായി ധാരാളം പണവും ബുദ്ധിയും ഇവിടങ്ങളിൽ ചെലവഴിച്ചിട്ടുമുണ്ട്. എന്നാൽ സാധാരണക്കാരാകട്ടെ ചെളി നിറഞ്ഞ വാസസ്ഥലങ്ങൾകൊണ്ട് തൃപ്തിപ്പെട്ടു. സിന്ധുനദീതട സംസ്കാരത്തിൽ ക്ഷേത്രങ്ങളോ ശവകുടീരങ്ങളോ അതുമല്ലെങ്കിൽ കൊട്ടാരങ്ങളോ ഇതുവരെയും കണ്ടെടുത്തിട്ടില്ല. അതുമല്ലെങ്കിൽ അവ മറ്റു നിർമ്മിതികൾക്കിടയിൽ നിന്നും വേർത്തിരിച്ചറിയാനാകാത്ത വിധം പണിതവയാണ്… എന്തായാലും മഹാസ്നാന ഘട്ടവും എല്ലായിടത്തുമുള്ള കിണറുകളും കുളിമുറികളും ഡ്രെയിനേജുകളുമെല്ലാം എല്ലാ നഗരവാസികൾക്കും പ്രാപ്യവും മനോഹരവുമായ ജീവിതം ഒരേപോലെ ആസ്വദിക്കാൻ പര്യാപ്തവുമായിരുന്നു.” (ജോൺ മാർഷൽ, 1931)

1924 സെപ്റ്റംബർ 20-ന് ‘ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസി’ലാണ് ലോകത്തെ അതിശയിപ്പിച്ച ആ പ്രഖ്യാപനം വരുന്നത്. സിന്ധുനദീതട നാഗരികതയുടെ കണ്ടെത്തലിനെക്കുറിച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അക്കാലത്തെ ഡയറക്ടർ ജനറലായിരുന്ന ജോൺ മാർഷലിന്റെ ലേഖനം വരുമ്പോൾ കൊളോണിയൽ ഇന്ത്യയുടെ ചരിത്ര പാരമ്പര്യത്തെക്കുറിച്ചുണ്ടായിരുന്ന മുൻവിധികളെ കുറച്ചു കാലത്തേക്കെങ്കിലും നിശ്ശബ്ദമാക്കി. 1924 ഒക്ടോബർ 4-ന് ഇതേ പ്രസിദ്ധീകരണത്തിൽതന്നെ സി.ജെ ഗാഡ്ഡ്, സിഡ്നി സ്മിത്ത് എന്നിവർ “ന്യൂ ലിങ്ക്സ് ബിറ്റ്‌വീൻ ഇന്ത്യൻ ആൻഡ് ബാബിലോണിയൻ സിവിലൈസേഷൻ’ എന്ന പേരിൽ ഒരു ലേഖനംകൂടി പ്രസിദ്ധീകരിച്ചു. പശ്ചിമ പഞ്ചാബിൽനിന്നും സിന്ധിൽനിന്നും കണ്ടെടുത്ത ഒരുകൂട്ടം വെങ്കലയുഗ പുരാവസ്തുതെളിവുകൾവെച്ച് നൂറ്റാണ്ടുകളായി മറഞ്ഞുകിടക്കുകയായിരുന്ന ആദ്യകാല നാഗരികതകളിലൊന്നിനെ പുറത്തുകൊണ്ടുവരുമ്പോൾ ഒരു കൂട്ടം ഗവേഷകരുടെ പ്രയത്നഫലം അതിന് പിന്നിലുണ്ടായിരുന്നു. ദയാറാം സാഹ്നിയുടെ ഹാരപ്പയും രഖൽദാസ് ബാനർജിയുടെ മോഹൻജൊദാരോയും തമ്മിലുള്ള സദൃശ്യത പരിശോധിച്ച് വാട്സും മാർഷലും 1000 ബി.സി.ഇയ്ക്കും 400 ബി.സി.ഇയ്ക്കും ഇടയ്ക്കുള്ള വെങ്കലയുഗ നാഗരികത എന്ന കാലഗണനയാണ് തുടക്കത്തിൽ നൽകിയത്.

പൂര്‍ണ്ണരൂപം 2024 ഓഗസ്റ്റ്  ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.