DCBOOKS
Malayalam News Literature Website

ദീപാവലി ആശംസകള്‍

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്കുപിന്നില്‍ പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പറയപ്പെടുന്നു. എന്നാല്‍ ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായാണ് ദീപാവലി ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍

ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലില്‍ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മിദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുര്‍ദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.

ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മിപൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരന്‍ എന്നിവരെ പൂജിക്കുന്നു.

കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനന്‍ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങള്‍ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകള്‍ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകള്‍ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹുബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നു. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണദേവനായ യമന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചു എന്നാണ് ഐതിഹ്യം. അതിനാല്‍ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാര്‍ ചേര്‍ന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളില്‍ പ്രധാനം.

ഏവര്‍ക്കും ദീപാവലി ആശംസകള്‍

Comments are closed.