DCBOOKS
Malayalam News Literature Website

എ.ആര്‍ റഹ്മാന്‍; ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയം

ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയമാണ് എ.ആര്‍ റഹ്മാന്‍ എന്ന അതുല്യപ്രതിഭ. മൊസാര്‍ട്ട് ഓഫ് മദ്രാസ് എന്നും ഇസൈ പുയല്‍ എന്നും വിളിപ്പേരുള്ള അദ്ദേഹം മണിരത്‌നം സംവിധാനം ചെയ്ത റോജ (1992) എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധാനത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.

തമിഴ്-മലയാള ചലച്ചിത്ര സംവിധായകനായിരുന്ന ആര്‍.കെ.ശേഖറിന്റെ മകനായി 1966 ജനുവരി ആറിന് ചെന്നൈയിലായിരുന്നു റഹ്മാന്‍ എന്ന ദിലീപ് കുമാറിന്റെ ജനനം. ബാല്യകാലത്തു തന്നെ സംഗീതത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന ദിലീപ് കുമാര്‍ അച്ഛന്റെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അച്ഛന്റെ മരണശേഷം സംഗീതരംഗത്ത് കൂടുതല്‍ സജീവമായി. 23-ാം വയസ്സില്‍ അദ്ദേഹവും കുടുംബവും ഇസ്‌ലാം മതം സ്വീകരിച്ചു. അതിനു ശേഷമാണ് ദിലീപ് കുമാര്‍ എന്ന പേര് അല്ലാ രഖാ റഹ്മാന്‍ എന്നു മാറ്റം വരുത്തിയത്.

ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. നിരവധി വിഖ്യാത സംഗീതജ്ഞര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള സംഗീതപരിപാടികളും ഏറെ ശ്രദ്ധേയമാണ്.

നിരവധി ദേശീയ- അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ റഹ്മാനെ തേടിയെത്തിയിട്ടുണ്ട്. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് റഹ്മാന്‍ സ്വന്തമാക്കിയത്. കൂടാതെ  ബാഫ്റ്റ പുരസ്കാരവും രണ്ട് ഗ്രാമി അവാര്‍ഡും ആറ് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Comments are closed.