DCBOOKS
Malayalam News Literature Website

‘ഹൈന്ദവനും അതിഹൈന്ദവനും’; ഒ.വി വിജയന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍

മതാതീത രാഷ്ട്രീയത്തിനും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത് എന്ന് ഒ.വി വിജയന്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്യുന്നതില്‍ ബദ്ധശ്രദ്ധനായ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം മതത്തിന്റെ എല്ലാത്തരം കടന്നുകയറ്റങ്ങളെയും പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത സെക്യുലര്‍ ജനായത്ത സങ്കല്പത്തെക്കുറിച്ചും ഹിന്ദുത്വവാദം Textഅതിനെ പ്രതിലോമകരമായിത്തീര്‍ക്കുന്നതിനെക്കുറിച്ചുമുള്ള സന്ദേഹം 1998-ല്‍ പ്രസിദ്ധീകരിച്ച ഹൈന്ദവനും അതിഹൈന്ദവനും എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ മതത്തിന്റെ കൈകടത്തലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണ് അത്. ഇന്നത് രൂഢമൂലമായി അധികാരത്തെത്തന്നെ വിഴുങ്ങിനില്‍ക്കുന്ന അവസ്ഥയിലുമായി. ഒരെഴുത്തുകാരന്റെ വാക്കുകള്‍ പ്രവചനാത്മകമായിത്തീര്‍ന്ന ചരിത്രമാണ് ആ പുസ്തകം.

അതിലെ ലേഖനങ്ങളില്‍ ഇന്ന് പ്രസക്തമല്ലാത്തവ ഒഴിവാക്കിയും മറ്റ് ലേഖനസമാഹാരങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടവ കൂട്ടിച്ചേര്‍ത്തും ഹൈന്ദവനും അതിഹൈന്ദവനും ഡി.സി ബുക്‌സ് പുനഃപ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒ.വി വിജയന്റെ തിരഞ്ഞെടുത്ത 25 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. സമീപകാലത്ത് സക്കറിയ ആരോപിച്ച മൃദുഹിന്ദുത്വവാദിയായിരുന്നു വിജയന്‍ എന്ന വിലയിരുത്തലിനുള്ള മറുപടിയായി മൂന്നു പതിറ്റാണ്ടു മുമ്പു തന്നെ ഒ.വി വിജയന്‍ എഴുതിയ പ്രതികരണക്കുറിപ്പു കൂടി അടങ്ങിയതാണ് ഈ സമാഹാരം. ഹൈന്ദവനും അതിഹൈന്ദവനും ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.