DCBOOKS
Malayalam News Literature Website

ചിന്തോദ്ദീപകമായൊരു യാത്രാനുഭവം പ്രദാനം ചെയ്യുന്ന കൃതി

തികഞ്ഞ അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും ഏകാഗ്രതയും കൊണ്ട് ആത്മീയ സമ്പന്നതയിലേയ്ക്കുയര്‍ന്ന ശ്രീ എം എന്ന യോഗിയായിത്തീര്‍ന്ന കേരളീയ യുവാവിന്റെ ജീവിതകഥയാണ് ഗുരുസമക്ഷം-ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന പുസ്തകം. അദ്ദേഹം തന്റെ ലളിതമായ ഗദ്യത്തില്‍ ഹിമാലയനിരകളിലേക്കും തിരിച്ചുമുള്ള വിസ്മയകരമായ യാത്ര, ഉപനിഷത് ചിന്തകള്‍, നേര്‍ അനുഭവങ്ങളില്‍നിന്നും രൂപംകൊണ്ട ആഴമേറിയ ആധ്യാത്മിക ചിന്തകള്‍ തുടങ്ങിയവ ഈ കൃതിയിലൂടെ വിവരിക്കുന്നു.

ഈ സംഭവകഥയുടെ അസാധാരണതകളില്‍ ഒന്നുമാത്രമാണ് ശ്രീ എമ്മിന്റെ ജനനം മുംതാസ് അലിയായിട്ടായിരുന്നു എന്നത്. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. പത്തൊമ്പതര വയസ്സില്‍ അപരിചിതനായ ഒരു സന്യാസിയില്‍ ആകൃഷ്ടനായും ഹിമാലയ യാത്രയ്ക്കുള്ള വ്യഗ്രത പിടിച്ചുനിര്‍ത്താനാകാതെയും വീടുവിട്ടിറങ്ങി.

ബദരിനാഥ ക്ഷേത്രത്തിനുമപ്പുറം വ്യാസഗുഹയില്‍ വെച്ച് അദ്ദേഹം തന്റെ ഗുരുനാഥനെ കണ്ടെത്തി. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം മൂന്നരവര്‍ഷം കഴിച്ചുകൂട്ടി. ഗുരുനാഥന്‍ മഹേശ്വരനാഥ ബാബാജിയില്‍ നിന്നും കിട്ടിയ പാഠങ്ങള്‍ അദ്ദേഹത്തിന്റെ ബോധമനസ്സിനെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. ഗുരുനാഥന്റെ നിര്‍ദ്ദേശാനുസരണം സാമൂഹികപരമായ കടമകള്‍ നിറവേറ്റാനായി തിരിച്ചു സാധാരണ ജീവിതത്തിലേക്കു മടങ്ങി. ഒരു സാധാരണക്കാരനായി ജീവിക്കുകയും ഉപജീവനത്തിനായി ജോലികളിലേര്‍പ്പെടുകയും ചെയ്തു. അതേസമയംതന്നെ താന്‍ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ തയ്യാറാവുകയും ചെയ്തു. ഇന്ന് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ച് തന്റെ അനുഭവവും അറിവും പങ്കുവെയ്ക്കുന്നു. വിവാഹിതവും രണ്ട് കുട്ടികളുടെ പിതാവുമായ ശ്രീ എം സത്‌സംഗ് ഫൗണ്ടേഷന് നേതൃത്വം നല്‍കുകയും അധ്യാപകനായി ഇന്ന് ലളിതജീവിതം നയിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ തേക്കേ തീരത്തുനിന്നും വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി തന്റെ മഹാഗുരുനാഥനെ കണ്ടെത്തിയ യുവാവിന്റെ വിസ്മയകരമായ യാത്ര- Aprrenticed to a Himalayan Master – A yogi’s Autobiography എന്ന പ്രശസ്തമായ കൃതിയുടെ വിവര്‍ത്തനമാണിത്. ഡി. തങ്കപ്പന്‍ നായരാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ 13-ാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കായി ലഭ്യമാണ്.

Comments are closed.