കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഗത്ഭര്‍ പങ്കെടുക്കുന്നു
കോഴിക്കോട്: ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020 ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്.
സമകാലിക-കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ തുടങ്ങി മുന്നൂറിലേറെ പ്രഗത്ഭര്‍ കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നു. ശശി തരൂര്‍, ചേതന്‍ ഭഗത്, വില്യം ഡാല്‍റിംപിള്‍, ദേവ്ദത് പട്‌നായ്ക്, ആനന്ദ്, എം. മുകുന്ദന്‍, സക്കറിയ, സേതു, പെരുമാള്‍ മുരുകന്‍, കെ.ആര്‍.മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ടി.ഡി.രാമകൃഷ്ണന്‍, മനു എസ്.പിള്ള, മുനി നാരായണപ്രസാദ്, സുനില്‍ പി.ഇളയിടം, ആനന്ദ് തെല്‍തുംതെ, ടോണി ജോസഫ്, സല്‍മ തുടങ്ങി ഇരുനൂറിലധികം എഴുത്തുകാരും മാധവ് ഗാഡ്ഗില്‍, കനിമൊഴി, ടി.എം.കൃഷ്ണ, രാജ്ദീപ് സര്‍ദേശായി, ജോസഫ് അന്നംകുട്ടി ജോസ്, മുരളി തുമ്മാരുകുടി, പത്മപ്രിയ തുടങ്ങിയ പ്രഗത്ഭവ്യക്തികളും മേളയുടെ ഭാഗമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നുണ്ട്.
കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഈ വര്‍ഷം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തീമായി തിരഞ്ഞെടുത്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യത്യസ്ത വശങ്ങള്‍ പരിശോധിക്കുന്ന സംവാദപരമ്പര മേളയുടെ പ്രധാന ആകര്‍ഷണമാണ്. സ്‌പെയ്‌നാണ് ഇത്തവണത്തെ അതിഥി രാജ്യം. സ്‌പെയിനില്‍നിന്നുള്ള നിരവധി കലാ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ കെ.എല്‍.എഫില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്പാനിഷ് സാഹിത്യവും സംസ്‌കാരവും അടുത്തറിയുന്നതിനും എഴുത്തുകാരുമായി സംസാരിക്കാനും ചര്‍ച്ച നടത്തുന്നതിനുമുള്ള അവസരം സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. തമിഴ് സാഹിത്യമാണ് ഇത്തവണ ‘ലിറ്ററേച്ചര്‍ ഇന്‍ ഫോക്കസ്’. നിരവധി തമിഴ് എഴുത്തുകാര്‍ ഇത്തവണത്തെ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകും.
കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.