DCBOOKS
Malayalam News Literature Website

ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം

സ്റ്റോക്ക്‌ഹോം: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നെതര്‍ലന്‍ഡ്‌സിലെ കിഡ്‌സ്‌റൈറ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റയ്‌ക്കൊപ്പം കാമറൂണില്‍ ബോക്കോ ഹറാം ഭീകരസംഘടനക്കെതിരെ പോരാടുന്ന സമാധാന പ്രവര്‍ത്തക ഡിവിന മലൂമും പുരസ്‌കാരത്തിന് അര്‍ഹയായി.

ഏതാനും ദിവസം മുന്‍പ് യു.എസ് തീരം വിട്ട ഗ്രേറ്റ ഇപ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യൂറോപ്പിലേക്കുള്ള യാത്രയിലാണ്. ഗ്രേറ്റയുടെ അഭാവത്തില്‍ പുരസ്‌കാരം ജര്‍മ്മന്‍ പരിസ്ഥിതി പ്രവര്‍ത്തക ലൂയിസ മാരി നോബാര്‍ ഏറ്റുവാങ്ങി.

ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളാണ് ഗ്രേറ്റയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചുകൊണ്ടാണ് ഗ്രേറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നു. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കൂടാതെ, യു.എന്‍.കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ ട്യുന്‍ബെര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ഗ്രേറ്റയുടെ ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രസ്ഥാനം അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.

Comments are closed.