പുസ്തകശാലകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ സർക്കാർ അനുമതി
ലോക്ക്ഡൗൺ ദിനങ്ങളിൽ പുസ്തകപ്രേമികൾക്ക് ആശ്വാസമായി പുസ്തകശാലകൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാൻ സർക്കാർ അനുമതി. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രാവിലെ 11 മുതൽ 12.30 വരെ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡുസ്ട്രീസ് ( കേരള ചാപ്റ്റർ) മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിനെ തുടർന്നാണ് തീരുമാനം. കേരളത്തിലെ 14 മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ഇൻഫർമേഷൻ ടെക്നോളജി, ചെറുകിട വ്യവസായം, കൃഷി, ഉത്പാദനം, ടൂറിസം, ആരോഗ്യം, പ്രസാധനം, ഉന്നതവിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡുസ്ട്രീസ് ഉന്നത വിദ്യാഭ്യാസ മേഖലയേയും പ്രസാധക മേഖലയെയും പ്രതിനിധീകരിച്ച് രവി ഡീ സി പങ്കെടുത്തു.
സർഗാത്മകതയുടെ ഭാവിയും എഴുത്തുകാരുടെ വരുമാനത്തെയും പതിനായിരക്കണക്കിനുള്ള തൊഴിലാളി വിഭാഗത്തെയും നിലവിലെ പ്രതിസന്ധി ബാധിക്കാതിരിക്കാൻ പുസ്തകശാലകൾ ആഴ്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം എന്ന് രവി ഡീ സി ചർച്ചയിൽ ആവശ്യപ്പെട്ടു . ലോക്‌ഡോൺ കാലത്ത് മാനസികഉല്ലാസത്തിനു വായന വളരെയധികം ഗുണം ചെയ്തുവെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസാധകരുടെ അതിജീവനത്തിന്റെ കൂടി ഭാഗമായി വരുന്ന വർഷം മുതൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ എല്ലാ പ്രസാധകരുടെയും 25% പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനും അതുവഴി പുസ്തക പ്രസാധന മേഖലയെ പുനരുദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന നിർദ്ദേശവും രവി ഡീ സി ചർച്ചയിൽ മുന്നോട്ടുവെച്ചു.
എല്ലാ മേഖലകളും നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ആവശ്യമായ പിന്തുണയും സഹായങ്ങളും മുഖ്യമന്ത്രി യോഗത്തിൽ ഉറപ്പുനൽകി.
Comments are closed.