ഭയമില്ലാത്തതുകൊണ്ട് മാത്രം നാവറുക്കപ്പെട്ട എന്നെ ഭയക്കുന്നുണ്ടോ നിങ്ങള്‍?
കൊച്ചരേത്തിക്ക് ശേഷം ഒറ്റയ്‌ക്കൊറ്റയ്ക്ക് ഉയിര്‍ത്ത ശബ്ദങ്ങളുടെ ഏകീകരിക്കപ്പെട്ട മനോഹരമായ ഒരു കൂട്ടയോട്ടം
‘ഗോത്ര കവിതകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് കെവി മധു എഴുതിയത്
മുഖ്യധാരാ ജീവിതത്തെ മുന്‍നിര്‍ത്തി പുരോഗമനത്തിന്റെ പരികല്‍പ്പനകള്‍ വച്ച് സകല സാമൂഹ്യധാരകളെയും അളക്കുകയെന്നതാണ് നമ്മുടെ രീതി. ആദിവാസിജനതയെയും നാം അങ്ങനെയളന്നു. ആധുനിക നാഗരിക ജീവിതത്തിന്റെ ചുറ്റുവട്ടത്തിലേക്ക് ആ ജീവിതങ്ങളെയും പറിച്ചുനടാന്‍ പെടാപ്പാട് പെട്ടു. അപ്പോഴും നമ്മളാരും മനസ്സിലാക്കാതിരുന്ന ഒരുകാര്യമുണ്ട്. അവരുടെ ജീവിതം നമ്മള്‍ മനസ്സിലാക്കിയില്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ അവരുടെ സ്വത്വത്തെ നമ്മള്‍ ഒളിപ്പിച്ചു. അവരുടെ ആവശ്യങ്ങളെ അതായി തിരിച്ചറിഞ്ഞതേയില്ല.
സാഹിത്യത്തിലും മറിച്ചല്ല സംഭവിച്ചത്. മുഖ്യധാരാ സമൂഹത്തിന്റെ കൗതുകങ്ങളായിരുന്നു ആദിവാസി ജീവിതം. സാഹിത്യവും സിനിമയും കലയാകപ്പാടെയും രണ്ടാമതൊരാളായി ആ ജീവിതം കണ്ടു. ഉള്‍ക്കൊളളാത്ത കാഴ്ചക്കാരനെ പോലെ ആവിഷ്‌കരിച്ചു. അതൊന്നും യാഥാര്‍ഥ്യങ്ങളായിരുന്നില്ല.
മുഖ്യധാരയില്‍ ആത്മാര്‍ത്ഥമായി ആദിവാസി ഗോത്രജീവിതത്തെ സമീപിച്ചത് അപൂര്‍വ്വം ചിലരാണ്. ഉറൂബ്, പി വല്‍സല, മലയാറ്റൂര്‍, കെജെ ബേബി, ടിസി ജോണ്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ആദ്യ ചുവടുകള്‍വച്ചവരാണ്. എന്നാല്‍ 1998 ല്‍ നാരായന്‍ എഴുതിയ കൊച്ചരേത്തി എന്ന നോവല്‍ വിപ്ലവകരമായ ഒരു മുന്നേറ്റമായിരുന്നു. ഗോത്രസമൂഹത്തില്‍ നിന്ന് മലയാളത്തില്‍ എഴുതപ്പെട്ട ആദ്യസാഹിത്യകൃതിയെന്ന ചരിത്രം കൊച്ചരേത്തിയെ അടയാളപ്പെടുത്തുന്നു. ഗോത്രജീവിതത്തെ അവരില്‍ നിന്ന് തന്നെ ഒരാള്‍ അടയാളപ്പെടുത്തുന്നു എന്ന വ്യത്യസ്ത അനുഭവവും യാഥാര്‍ത്ഥ്യബോധവും വായനക്കാരനിലേക്കും ആവേശിച്ചു. നാരായന്റെ വരവ് ഒരു സൂചനയായിരുന്നു. ഇന്നിപ്പോള്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോത്രസമൂഹത്തില്‍ നിന്ന് ഒരു വലിയ ശബ്ദഘോഷം ഉയരുകയാണ്. ഡിസി ബുസ്‌ക് പ്രസിദ്ധീകരിച്ച ഗോത്രകവിത എന്ന കാവ്യസമാഹാരത്തിലൂടെ. ഒരുപക്ഷേ കൊച്ചരേത്തിക്ക് ശേഷം ഒറ്റയ്‌ക്കൊറ്റയ്ക്ക് ഉയിര്‍ത്ത ശബ്ദങ്ങളുടെ ഏകീകരിക്കപ്പെട്ട മനോഹരമായ ഒരു കൂട്ടയോട്ടമാണ് സുകുമാരന്‍ ചാലിഗദ്ധയും സുരേഷ് എം മാവിലനും എഡിറ്റ് ചെയ്ത ഗോത്രകവിത.
ഗോത്രകവിതയില്‍ രണ്ട് വിഭാഗമാണുള്ളത്. ഗോത്രഭഷകളിലുള്ള കവിത അതേ ഭാഷയില്‍ തന്നെ മലയാളം ലിപിയില്‍ എഴുതിയവയാണ് ഈ പുസ്തകത്തെ ചരിത്രപരമാക്കുന്നത്. ഒപ്പം മലയാളം വിവര്‍ത്തനവുമുണ്ട്. ആദിവാസി ഭാഷകളില്‍ മുതുവാന്‍, റാവുള,മാവിലന്‍തുളു, ഇരുള, ഊരാളി, പണിയ, മുളളക്കുറുമന്‍, മലവേട്ടുവന്‍, കാട്ടുനായ്ക്കന്‍, മലവേടര്‍, കുറുമ്പ, കാടര്‍,മുഡുക, ചോലനായ്ക്ക തുടങ്ങിയ ഭാഷകളിലുള്ള കവിതകളാണ് അവ. രണ്ടാമത്തേത് ഗോത്രകവികളുടെ മലയാളം ഭാഷയില്‍ എഴുതിയ കവിതകളാണ്.
ഗോത്ര കവിതയോ ആദിവാസി കവിതയോ?
നാം എങ്ങനെ ആദിവാസി ജീവിതത്തെ സാഹിത്യത്തില്‍ കൈകാര്യം ചെയ്തു എന്ന ചോദ്യം പ്രധാനമാണ്. അത്തരമൊരു കാലാനുക്രമ പഠനം കൂടി ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഓരോ വായനക്കാരനും അറിഞ്ഞിരിക്കേണ്ട സാഹിത്യചരിത്രം കൂടിയാണ് ഡോ. നാരായണന്‍ എംഎസ്, പി ശിവലിംഗന്‍ എന്നിവരെഴുതിയ പഠനങ്ങളിലുള്ളത്. ഗോത്രം എന്ന പേരിനേക്കാള്‍ ആദിവാസിയെന്ന പ്രയോഗത്തിനാണ് ഡോ. നാരായണന്‍ പ്രാധാന്യം നല്‍കുന്നത്.
”ആദ്യം മുതലേ വസിക്കുന്നവര്‍ എന്ന ഒരു അര്‍ത്ഥതലം ആദിവാസി എന്ന പദത്തിന് നല്‍കാന്‍ കഴിയുന്നുണ്ട്. വ്യത്യസ്തതരം സംസ്‌കാരങ്ങളുടെ ഒരു കൂടിച്ചേരല്‍ കൂടിയാണ്. ഒരേ സ്വഭാവത്തോടെ ജീവിക്കുന്ന ഒരു കൂട്ടരാണ് ഗോത്രം എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ മുന്‍പഠനം നല്‍കിയത്. ഇത് ആദിവാസി ജീവിതത്തിന്റെ വ്യത്യസ്തതകളെ കൂട്ടിച്ചേര്‍ക്കാതെ പലതിനെയും മായ്ച്ചുകളയുന്ന ഒന്നായി ഗോത്രം എന്ന വാക്ക് മാറുന്നു. അതുകൊണ്ട് തന്നെയാണ് ആദിവാസി എന്ന വാക്ക് ഉചിതമായി തോന്നുന്നത്. ”
പാട്ടിലും പേച്ചിലും നിലം വീണ്ടെടുക്കുന്നോര്‍ എന്ന അനുബന്ധ പഠനത്തില്‍ ഡോ നാരായണന്‍ എംഎസ് പറയുന്നു.
ആദിവാസികളുടെ ജീവിതം സാഹിത്യത്തില്‍ അടയാളപ്പെടുത്തിപ്പെട്ടതിനെ വിമര്‍ശനാത്മകമായി അദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലാദ്യമായി ആദിവാസി ജീവിതം എഴിത്തിലൂടെ ആവിഷ്‌കരിക്കപ്പെട്ട മഹാശ്വേതാ ദേവിയെ ശ്ലാഖിക്കുന്നുണ്ട്. ആദിവാസികളുടെ യഥാര്‍ത്ഥ ജീവിതം ആവ്ഷരിക്കുമ്പോള്‍ തന്നെ ആദിവാസി സ്വത്വം പി വല്‍സല മറച്ചുപിടിച്ചതായി ഡോ. നാരാണയന്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
പി രാമനും തിളനിലയും
ആദ്യകാല എഴുത്തുകഴിഞ്ഞ് നാരായന്റെ കൊച്ചരേത്തിയിലെത്തിയെങ്കിലും പിന്നീടുള്ള സാഹിത്യവളര്‍ച്ചയില്‍ ആദിവാസി ജീവിതത്തിന് ലഭിച്ച പ്രാധാന്യത്തിന് ക്രമാനുഗതമായ വളര്‍ച്ചയുണ്ടായില്ല. ഇക്കാലമത്രയും ചെറിയ ചെറിയ നീക്കങ്ങളുണ്ടായി. പി രാമന്‍ തിളനിലപോലുള്ള മാസികകളിലൂടെ നടത്തിയ ശ്രമങ്ങളെ ഡോ നാരായണന്‍ വലിയ ആദരവോടെ പരാമര്‍ശിക്കുന്നുണ്ട്. ശിവലിംഗന്‍ ഇങ്ങനെ എഴുതുന്നു
” 2016ല്‍ പി രാമന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച തിളനില ഗോത്രകവിതകള്‍ക്ക് പുതിയ ഉണര്‍വ്വുനല്‍കി. ആദിവാസി ഭാഷയായ മുതുവാന്‍ ഭാഷയിലെ ആദ്യകവി അശോകന്‍ മറയൂരിന്റെ കവിതകളാണ് ഇങ്ങനെ ആദ്യമായി പുറംലോകമറിഞ്ഞത്”
ഇത്രകാലം അവഗണിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായ പൊട്ടിയൊഴുകലാണ് ഗോത്രകവിത. അതുകൊണ്ട് ഈ കവിതകളെ നാം ഭയക്കണം. അത്രമാത്രം ശക്തിമത്താണ് അതിന്റെ ഉള്ളടക്കം. സീന തച്ചങ്ങാട് രുചി എന്ന കവിതയില്‍ ചോദിക്കുന്നുണ്ട്
” ഭയമില്ലാത്തതുകൊണ്ട് മാത്രം
നാവറുക്കപ്പെട്ട
എന്നെ ഭയക്കുന്നുണ്ടോ നിങ്ങള്‍?
ഗോത്രകവികളുടെ നേരടയാളങ്ങള്‍
അശോകന്‍ മറയൂര്‍, ക്രിസ്റ്റി ഇലക്കണ്ണന്‍, സുകുമാരന്‍ ചാലിഗദ്ധ, സുരേഷ് എം മാവിലന്‍,ധന്യവെങ്ങച്ചേരി, രാജീവ് തുമ്പക്കുന്ന്, രാഗേഷ് നീലേശ്വരം, കിഴക്കേടത്ത് ബാലകൃഷ്ണന്‍,മണികണ്ഠന്‍ അട്ടപ്പാടി, പി ശിവലിംഗന്‍, ആര്‍കെ രമേഷ് അട്ടപ്പാടി, ഗംഗാധരന്‍ തേവന്‍, ദാമോദരന്‍ തേവന്‍, ശാന്തി പനക്കന്‍, സിന്ധു ചുള്ളിയോട്, ലയേഷ് തേലമ്പറ്റ, ജിജീഷ് ആര്‍ വയനാട്, അജയന്‍ മടൂര്‍, അശോക് കുമാര്‍, പ്രകാശ് ചെന്തളം, രാജി രാഘവന്‍, ലിജിന കടുമേനി, ഉഷ എസ് പൈനിക്കര, അജിത പി, ബിന്ദു ഇരുളം, രതീഷ് ടി ഗോപി, ദിവ്യ പി, രശ്മി ടി, കെ എ രാമു അട്ടപ്പാടി, വിയന്‍ മാഞ്ചീരി തുടങ്ങിയവരുടെ ഗോത്രഭാഷാ കവിതകള്‍ ഗോത്രജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകളായി പുസ്തകത്തിന്റെ ആദ്യഭാഗത്ത് നിലകൊള്ളുന്നു. രണ്ടാംഭാഗത്ത് മലയാളം കവിതകളാണ്.
വിശപ്പും കാടും മനുഷ്യനും ഒക്കെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അതിലുപയോഗിക്കുന്ന ബിംബങ്ങളും ആവിഷ്‌കാരരീതികളും ആസ്വാദ്യതയുടെ പുതിയ തലം പ്രദാനം ചെയ്യുന്നുമുണ്ട്. വിശപ്പിനെ പറ്റി സുകുമാരന്‍ ചാലിഗദ്ധയുടെ ഒന്റ എന്ന കവിതയില്‍ പറയുന്നുണ്ട്.
” അരെ ബട്ടി തൂട്ടൂമ്മെനെ
നിറെപ്പ ഓടിന്റെ മൈച്ചെന്നുമ്മു
ബണ്ണമത്ത കുള്ളു തൂട്ടുമ്മെനെ
നിറെപ്പെ തടാക്കിന്റെ
ആനെക്കുമ്മുപൈക്കെ ഓന്റ”
മാനകമലയാളത്തിലിങ്ങനെ വായിക്കാം
” അരവയര്‍ നിറയ്ക്കാന്‍ ഓടുന്ന മനുഷ്യനും
വണ്ണമൊത്തെ വലിയ വീട് നിറയ്ക്കാന്‍
ഓടും ആനയ്ക്കും
ഒരേ വിശപ്പ്”
ഇതിനപ്പുറം വിശപ്പിനെ എങ്ങനെ ആവിഷ്‌കരിക്കും.
എഴുതപ്പെടാത്ത രാമായണങ്ങള്‍
അവരവരുടെ ഗോത്രഭാഷയിലെഴുതപ്പെട്ട കവിതകള്‍ സമാഹരിച്ച ഒരു ഗ്രന്ഥം എന്നതിനപ്പുറത്ത് ചരിത്രപരമായ ഒരു ദൗത്യം കൂടി ഈ പുസ്തകം നിര്‍വ്വഹിക്കുന്നുണ്ട്. സുകുമാരന്‍ ചാലി ഗദ്ധയും സുരേഷ് എം മാവിലനും ചേര്‍ന്ന് ഇറക്കിയ ഗോത്രകവിത ഭാവിയിലെ ഒരു വലിയ ഒഴിക്കിന് മുന്നോടിയായുള്ള സൂചകമാണ്. കേരളത്തില്‍ നിലവിലുള്ള മിക്ക ഗോത്രഭാഷകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കവിതാ സമാഹാരമാണിത്. ലിപിയില്ലാത്ത അത്തരം ആദിവാസി ഭാഷകളിലെ കവിതകള്‍ക്ക് അവരവര്‍ പാടി അതോടെ അവസാനിക്കുന്ന വാമൊഴികളാകാനായിരുന്നു വിധി. ചിലതൊക്കെ തലമുറകള്‍ പാടി നടക്കുകയും ശേഖരിക്കുകയുമൊക്കെ ചെയ്യും. എന്നാലിന്ന് പുതിയ തലമുറ എഴുതുന്ന, പാടുന്ന ഗോത്രകവിതകള്‍ക്ക് വലിയ ലോകത്തിലേക്ക് ചുവടുവെയ്ക്കാനുള്ള ആദ്യപടിയാണീ പുസ്തകം.
ഗോത്രജീവിതത്തിന്റെ തനി അടയാളങ്ങളായി എന്തുകൊണ്ട് ഈ കവിതകള്‍ മാറുന്നു എന്നത് സുപ്രധാനമായ ചോദ്യമാണ്. അതിനുള്ള ഉത്തരങ്ങള്‍ ആ കവിതകളില്‍ ആവിഷ്‌കരിക്കപ്പെട്ട ജീവിതങ്ങള്‍ പറയും. മുഖ്യധാര പാടിക്കൊണ്ടിരിക്കുന്ന പാട്ടുകള്‍ക്കപ്പുറത്ത് നാം കാണാതെ പോകുന്ന അടയാളപ്പെടുത്താതെ പോകുന്ന ജീവിതങ്ങളുടെ നേരടയാളങ്ങളാണ് ഈ കവിതകള്‍. മാവിലന്‍ തുളു ഭാഷയിലെഴുതിയ ധന്യ വെങ്ങച്ചേരിയുടെ രാമായണം എന്ന കവിത എന്തുകൊണ്ട് ഗോത്രകവിത അനിവാര്യമായി തീരുന്നു എന്നതിനുള്ള ഉത്തരമാണ്. അതിന്റെ വിവര്‍ത്തനത്തില്‍ നിന്നുള്ള ഭാഗം താഴെ.
”എനിക്ക് അറിയാമായിരുന്നത്
എന്റെ കറുത്ത രാമന്മാരെയാണ്
അവരെ കുറിച്ച് ആരും ഒന്നും
എവിടെയും എഴുതിയില്ല
അവര്‍ക്ക് വേണ്ടി
അമ്പലവും പൂജയും പണിതില്ല”
ഇത് തന്നെയാണ് ഗോത്രകവിതയുടെ ദൗത്യം. ഈ ചുവടുവെപ്പ് മലയാളത്തിലെ മറ്റൊരു സാഹിത്യയാത്രയുടെ തുടക്കമാകുമന്ന് പ്രതീക്ഷിക്കാം.
Comments are closed.