ഗോത്രകവിതകളുടെ പുസ്തകം
‘ഗോത്ര കവിതകള്‍’ എന്ന പുസ്തകത്തിന് നാരായന്‍ എഴുതിയ അവതാരികയില്‍ നിന്നും
‘നമുക്ക് ചരിത്രമില്ലാത്തതുകൊണ്ടല്ല, അതൊന്നും രേഖപ്പെടുത്തിയിടാന്‍ അറിയാ
വുന്നവരുണ്ടായിരുന്നില്ല.’
ഗോത്രജീവിത കവിതകള്‍ എഴുതുമായിരുന്ന, യശഃശരീരനായ ശ്രീ എം.കെ. നാരായണന്റെ വിലാപവാക്യങ്ങളാണു പറഞ്ഞത്. ഗുരുതരമായ ഹാര്‍ട്ട് അറ്റാക്കുണ്ടായി ഈയുള്ളവന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ സഹായിക്കാന്‍ ഓടിയെത്തിയ എം.കെ. യോട് ഞാന്‍
പറഞ്ഞു:
‘അങ്കിള്‍ ഞാന്‍ എഴുത്തു നിര്‍ത്തിയാലോ എന്നാലോചിക്കുകയാണ്.’
‘പാടില്ല, മരിച്ചുവീഴുമ്പോഴും നിന്റെ കയ്യില്‍ പേനയും മുമ്പിലെ ബോര്‍ഡില്‍ കടലാസുമുണ്ടായിരിക്കണം. നീയെഴുതിയാല്‍ അതിലെന്തെങ്കിലുമുണ്ടാവും. അതു വായിക്കാന്‍ താത്പര്യമുള്ളവരേറെയുണ്ട്. അതൊക്കെ വിറ്റുപോകുമെന്നതിനാലാണ് പ്രസാധകര്‍ ചോദിക്കുന്നത്.’ തുടര്‍ന്നാണ് തുടക്കത്തിലെ വാക്കുകള്‍.
ഗോത്രങ്ങള്‍ക്കിടയിലാണ് വൈവിധ്യമാര്‍ന്ന ജീവിതരീതികളുള്ളത്. തമ്മില്‍ യോജിപ്പില്ലാത്തവരും ഇവര്‍തന്നെ. അഞ്ഞൂറ്റി നാല്പതോളം കൂട്ടര്‍ക്ക് അത്രതന്നെ ഭാഷകളുമുണ്ട്. ആ സംസാരഭാഷകളുടെ പ്രത്യേകത ഒരെണ്ണത്തിനുപോലും രേഖപ്പെടുത്താന്‍ വേണ്ട ലിപികളില്ലെന്നതാണ്. ഇത്രയധികം കൂട്ടര്‍ എത്രയോ ദൈവങ്ങളുടെ മക്കളാണ്. സത്യത്തില്‍ മനുഷ്യര്‍ ദൈവങ്ങളുടെ മക്കളാണോ? പുരാണേതിഹാസങ്ങള്‍ ഏതെങ്കിലും വായിച്ചാല്‍, അവയൊക്കെ ആരുടെ വകയെന്നു ചിന്തിച്ചാല്‍, ഇക്കാര്യം ബോധ്യമാകും.
ഗോത്രകവിതകളുടെ കൂട്ടത്തില്‍ കുറച്ചേറെപ്പേരുടെ രചനകളുണ്ട്. ഗോത്രഭാഷ മലയാള അക്ഷരങ്ങളുപയോഗിച്ചെഴുതിയതും മലയാള പരിഭാഷയുമാണിതില്‍. ഇവരെല്ലാം ഒന്നിലേറെ ഭാഷകളില്‍ പ്രാവീണ്യമുള്ളവരല്ലേ? ചില രചനകള്‍ നിരാശയും കണ്ണീരും ഉത്പാദിപ്പിക്കും. കവിതകളില്‍ ഒന്നുപോലും ഇവിടെ വിശകലനം ചെയ്യുന്നില്ല.
ഒരു കൂട്ടായ്മ എപ്പോഴും നല്ലതാണ്. ആകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം ഗോത്രജനങ്ങളാണ്. അവര്‍ക്കു ജനനവും മരണവും കൂടിയ ജീവിതവുമുണ്ട്. ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരമാണല്ലോ കവിതകളും കഥകളും, ജീവിതഗന്ധിയല്ലാത്ത ആവിഷ്‌കാരങ്ങള്‍ പുരാണങ്ങളായേക്കാം. ഗോത്രജനവും ഗോത്രജീവിതവുമുള്ളപ്പോള്‍ അവയുടെ ആവിഷ്‌കാരങ്ങളുമുണ്ടാകും, അതാണ് ഗോത്രസാഹിത്യം. അതിന്റെ തനിമയും പ്രത്യേകമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ. ഗോത്രസാഹിത്യം സവര്‍ണ്ണ സാഹിത്യത്തിന്റെയോ ദളിത് സാഹിത്യത്തിന്റെയോ ഭാഗമോ പിന്നാമ്പുറങ്ങളില്‍ ഉള്ളവയോ അല്ല. ഗോത്രസാഹിത്യം അതിന്റെ തനിമകളില്‍ വിലയിരുത്തപ്പെടുന്നില്ല.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.