പി.കെ റോസിയ്ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍
മലയാള സിനിമിയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. 1903-ലാണ് രാജമ്മ എന്ന പി.കെ റോസി ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു ജനനം. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാൻ മടിക്കുന്ന കാലത്ത് ധൈര്യപൂർവ്വം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പി.കെ റോസി കടന്നുവന്നു.
‘വിഗതകുമാരന്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് റോസിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി. 1930 നവംബര്‍ ഏഴിനാണ് ജെസി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോള്‍ തിയറ്ററില്‍ റിലീസ് ചെയ്തത്. സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു എന്ന് പറഞ്ഞാണ് തിയറ്ററില്‍ റോസി കടന്നുവന്നപ്പോള്‍ ഒരു വിഭാഗം അധിക്ഷേപിച്ചത്.
Comments are closed.